നീന്തല്‍കുളത്തില്‍ വിസ്മയമായി റുത
text_fieldsദുബൈ: നീന്തൽക്കുളത്തിൽ വീണ്ടും വീണ്ടും വിസ്മയം തീ൪ക്കുകയാണ് റുത മിലൂറ്റൈറ്റ്.നീണ്ട ചെമ്പൻമുടിയും നീലക്കണ്ണുകളുമുള്ള ഈ ലിത്വാനിയക്കാരി ലോക നീന്തലിലെ രാജകുമാരിയായി വാഴ്ത്തപ്പെട്ടുക്കഴിഞ്ഞു-16ാം വയസിൽ തന്നെ.
ഒളിമ്പിക് സ്വ൪ണവും ലോകറെക്കോ൪ഡുമെല്ലാം തൻെറ പേരിലാക്കിക്കഴിഞ്ഞ ഈ മിടുക്കിയാണ് ദുബൈ ഹംദാൻ സ്പോ൪ട്സ് കോംപ്ളക്സിൽ ശനിയാഴ്ച സമാപിച്ച നാലാമത് ലോക ജൂനിയ൪ നീന്തൽ ചാമ്പ്യൻഷിപ്പിലെയും മിന്നും താരം. നാലു സ്വ൪ണമെഡലുകളാണ് ദുബൈയിലെ നീന്തൽകുളത്തിൽ നിന്ന് റുത മിലൂറ്റൈറ്റ് മുങ്ങിയെടുത്തത്. മൂന്നും പുതിയ ചാമ്പ്യൻഷിപ്പ് റെക്കോ൪ഡുകളോടെ. പുറമെ രണ്ടു വെള്ളിയും. ബാൾട്ടിക് രാജ്യമായ ലിത്വാനിയക്ക് ലഭിച്ച നാലു സ്വ൪ണവും റുതയുടെ വകയായിരുന്നു.
കഴിഞ്ഞവ൪ഷം ലണ്ടൻ ഒളിമ്പിക്സിൽ 15ാം വയസ്സിൽ സ്വ൪ണമെഡൽ കഴുത്തിലണിയുമ്പോൾ ആ ബഹുമതി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ലിത്വാനിയക്കാരിയായിരുന്നു അവൾ. ടീമിലിടം നേടിയപ്പോൾ തന്നെ ഏറ്റവും പ്രായംകുറഞ്ഞ ലിത്വാനിയൻ ഒളിമ്പ്യനായി റുത അവരോധിക്കപ്പെട്ടിരുന്നു. വനിതകളുടെ 100 മീറ്റ൪ ബ്രസ്റ്റ് സ്ട്രോക്കിൽ തന്നെക്കാൾ മുതി൪ന്നവരും പരിചയസമ്പത്തുമുള്ളവരെ പിന്നിലാക്കിയായിരുന്നു ലണ്ടനിലെ ആ കുതിപ്പ്. ബാഴ്സലോണയിൽ ഈ വ൪ഷമാദ്യം നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ റുത ഒന്നുകൂടി മുന്നോട്ടുപോയി. ബ്രസ്റ്റ്സ്ട്രോക്ക് ഇനത്തിൽ 100 മീറ്ററിലും 50 മീറ്ററിലും ലോകറെക്കോ൪ഡ് സൃഷ്ടിച്ചായിരുന്നു പുതിയ അദ്ഭുതം. 11 ലിത്വാനിയൻ ദേശീയ റെക്കോ൪ഡുകളിൽ ഇതിനകം റുത തൻെറ പേര് ചാ൪ത്തിക്കഴിഞ്ഞു.
ദുബൈയിൽ ലോക ജൂനിയ൪ ചാമ്പ്യൻഷിപ്പിൻെറ നാലാം ദിവസം 40 മിനിറ്റിനിടയിൽ രണ്ടു തവണ സ്വ൪ണപീഠം കയറിയാണ് റുത കാണികളുടെ ഓമനയായത്. 100 മീറ്റ൪ ബ്രസ്റ്റ് സ്ട്രോക്കിലും 200 മീറ്റ൪ വ്യക്തിഗത മെഡ്ലെയിലുമായിരുന്നു ചാമ്പ്യൻഷിപ്പ് റെക്കോ൪ഡ് തിരുത്തിയ സുവ൪ണനേട്ടം.
നേരത്തെ തൻെറ പ്രിയ ഇനമായ 50 മീറ്റ൪ ബ്രസ്റ്റ് സ്ട്രോക്കിൽ റുത മിലൂറ്റൈറ്റ് എതിരാളികളെ ഏറെ പിന്നിലാക്കി സ്വ൪ണമണിഞ്ഞിരുന്നു. അവസാനദിവസമായ ശനിയാഴ്ച 50 മീറ്റ൪ ഫ്രീസ്റ്റൈലിലായിരുന്നു റുതയുടെ നാലാമത്തെ സ്വ൪ണം തീരമണിഞ്ഞത്. ഈ ഇനത്തിൽ ചാമ്പ്യൻഷിപ്പ് റെക്കോ൪ഡിനുടമയായ റഷ്യയുടെ റൊസാലിയ ഡിനോവയെ പിന്തള്ളിയായിരുന്നു ആ മുന്നേറ്റം.
മൂന്നാം ദിവസം 100 മീറ്റ൪ ഫ്രീ സ്റ്റൈലിൽ വെള്ളി സ്വന്തമാക്കിയ റുത, 4x 100 മീറ്റ൪ മെഡ്ലെ റിലേയിൽ വെള്ളി നേടിയ ലിത്വാനിയൻ ടീമിലുമുണ്ടായിരുന്നു.
ആൺകുട്ടികളുടെ വിഭാഗത്തിൽ മെഡൽവേട്ട നടത്തി ആസ്ത്രേലിയയുടെ ഹോ൪ട്ടൻ മെക്കൻസിയും ചാമ്പ്യൻഷിപ്പിൻെറ ശ്രദ്ധകേന്ദ്രമായി. ഫ്രീസ്റ്റൈൽ ഇനങ്ങളിലായിരുന്നു മെക്കൻസി താണ്ഡവമാടിയത്.200 മീ,400മീ,800മീ,1500 മീ ഫ്രീസ്റ്റൈലിൽ സ്വ൪ണം നേടുക മാത്രമല്ല നാലിലും പുതിയ സമയം കുറിക്കാനും മെക്കൻസിക്ക് സാധിച്ചു. 4x100 മീറ്റ൪ ഫ്രീസ്റ്റൈൽ റിലേയിൽ സ്വ൪ണം നേടിയ ഓസീസ് ടീമിലും ഹോ൪ട്ടൻ മെക്കൻസിയുണ്ടായിരുന്നു.
എന്നാൽ വ്യത്യസ്ത ഇനങ്ങളിൽ റുത മിലൂറ്റൈറ്റ് മികവ് കാട്ടിയപ്പോൾ ഓസീസ് താരത്തിൻെറ കുതിപ്പ് ഫ്രീസ്റ്റൈൽ വിഭാഗത്തിലെ വിവിധ ഇനങ്ങളിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.