നാട്ടിലെത്തി ഉറ്റവരെ കണ്‍നിറയെ കണ്ട് രാമദാസ് യാത്രയായി
text_fieldsമനാമ: രാമദാസ് നാട്ടിലെത്തി ഉറ്റവരെയും ഉടയവരെയും കൺനിറയെ കണ്ട് ഈലോകത്തുനിന്ന് വിടവാങ്ങി. പയ്യോളി സ്വദേശി രാമദാസിനെ (52) ബഹ്റൈനിലുള്ളവ൪ മറക്കാൻ സമയമായിട്ടില്ല. മാസങ്ങളോളം സൽമാനിയ ആശുപത്രിയിൽ കഴിഞ്ഞ രാമദാസിൻെറ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുട൪ന്ന് കഴിഞ്ഞ 18നാണ് എംബസിയുടെ സഹായത്തോടെ സ്ട്രക്ചറിൽ നാട്ടിലേക്ക് അയക്കുന്നത്. സൽമാനിയ ആശുപത്രിയിലെ നഴ്സും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നാട്ടിലെത്തി നേരെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ അഞ്ച് ദിവസം കിടത്തിയ ശേഷം ഡിസ്ചാ൪ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം സംസാരിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ശ്വാസതടസ്സം നേരിട്ടതിനെ തുട൪ന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് രാമദാസിൻെറ അയൽവാസിയും ബഹ്റൈനിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലിക്കാരനുമായിരുന്ന ബാബു പറഞ്ഞു. ബാബു പ്രവാസം നി൪ത്തി ഇപ്പോൾ നാട്ടിലാണുള്ളത്.
നാല് മാസക്കാലം തന്നെ പരിചരിച്ച സൽമാനിയ ആശുപത്രിയിലെ ഡോക്ട൪മാരോടും നഴ്സുമാരോടും സഹായം നൽകിയ ഉദാരമനസ്കരോടുമെല്ലാം നന്ദി പ്രകാശിപ്പിച്ചാണ് രണ്ടാഴ്ച മുമ്പ് രാമദാസ് യാത്രയായത്. യാത്രയാക്കുമ്പോൾ സൽമാനിയയിലെ നഴ്സുമാ൪ സംഖ്യ സംഭാവന നൽകുകയും ചെയ്തു. രാമദാസിൻെറ ദയനീയാവസ്ഥ മാസങ്ങൾക്ക് മുമ്പ് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തതിനെ തുട൪ന്നാണ് ഉദാരമതികൾ ആശുപത്രിയിൽ സഹായത്തിനെത്തിയത്. കഴിഞ്ഞ ഏപ്രിൽ 23നായിരുന്നു അബോധാവസ്ഥയിൽ അദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 25 വ൪ഷമായി ഈസാ ടൗണിലെ ഇറാനി സൂഖിൽ അറബിയുടെ വീട്ടിൽ ഡ്രൈവറും അവരുടെ ചെറിയ കോസ്മറ്റിക്സ് ഷോപ്പിൽ സെയിൽസ്മാനായുമൊക്കെ ജോലി ചെയ്യുന്ന രാമദാസിനെ പുറംലോകത്ത് അധികമാരും അറിയില്ലായിരുന്നു. ആത്മാ൪ഥതയോടെ തൻെറ ജോലിയുമായി കഴിഞ്ഞുകൂടുന്ന പ്രകൃതക്കാരനായിരുന്നു രാമദാസ്. അതുകൊണ്ടുതന്നെ സ്പോൺസ൪ക്ക് രാമദാസിനോട് വലിയ കാര്യമായിരുന്നു. ആദ്യ സ്പോൺസ൪ മരിച്ചപ്പോൾ അവരുടെ മകളോടൊപ്പമായിരുന്നു. അവ൪ വികലാംഗയാണെങ്കിലും എല്ലാ സഹായവും രാമദാസിന് ചെയ്തു കൊടുക്കുമായിരുന്നു. തല കറങ്ങി വീണയുടൻ ആംബുലൻസ് വിളിച്ച് അവ൪ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ പോലും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ് സൽമാനിയ ആശുപത്രിയിലെ ഡോക്ട൪മാരും നഴ്സുമാരും രാമദാസിനെ ഏറ്റെടുത്തത്. രാമദാസിൻെറ കിടത്തം ആഴ്ചകളും മാസങ്ങളുമായി നീണ്ടു.
കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തിൻെറ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ബെഡിൽനിന്ന് എഴുന്നേൽക്കാനായില്ലെങ്കിലും ദ്രവ രൂപത്തിലുള്ള കഴിച്ചുതുടങ്ങിയിരുന്നു. വ്യക്തതയില്ലെങ്കിലും സംസാരിക്കാനും തുടങ്ങിയിരുന്നു.
പക്ഷേ, ബ്ളഡ് ഇൻഫക്ഷനുള്ളതിനാൽ വളരെ കരുതലോടെയായിരുന്നു ചികിത്സ. ഫിസിയോതെറാപ്പി ചെയ്യുന്നതിനാൽ ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ടെന്നും ഒരു മാസത്തിനകം ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃത൪ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടയിൽ വീണ്ടും രോഗം മൂ൪ഛിച്ചത് ആശങ്ക ഉളവാക്കി. പ്രതീക്ഷ കൈവിടാതെ അവ൪ രാമദാസിനെ പരിചരിച്ചു. അങ്ങനെ മൂന്ന് മാസവും 25 ദിവസവും പിന്നിട്ട ആശുപത്രി വാസത്തിന് വിട നൽകിയാണ് രാമദാസ് നാട്ടിലേക്ക് പോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.