പി.എസ്.സി റാങ്ക്ലിസ്റ്റ് കാലാവധി നാലരവര്‍ഷമാക്കാന്‍ ശിപാര്‍ശ
text_fieldsതിരുവനന്തപുരം: റാങ്ക്ലിസ്റ്റുകളുടെ കാലാവധി പുതിയ ലിസ്റ്റ് വരുന്നതുവരെയോ പരമാവധി നാലര വ൪ഷം വരെയോ ദീ൪ഘിപ്പിക്കണമെന്ന് പബ്ളിക് സ൪വീസ് കമീഷനോട് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സ്ഥിരം സംവിധാനമാക്കണം. ലിസ്റ്റുകളുടെ കാലാവധി മൂന്ന് വ൪ഷമെന്നതിനോട് യോജിപ്പില്ലെന്നും എപ്പോഴും ലിസ്റ്റ് നിലവിലുണ്ടാകണമെന്നും സ൪ക്കാറിൻെറ നയപരമായ തീരുമാനമാണിതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
ലിസ്റ്റിൻെറ കാലാവധി നീട്ടണമെന്ന് പി.എസ്.സിയോട് പലപ്രാവശ്യം ആവശ്യപ്പെട്ടുവെങ്കിലും അത് പൂ൪ണമായി കമീഷൻ അംഗീകരിച്ചില്ല. സ൪ക്കാറിൻെറ ആവശ്യം പരിഗണിച്ച് മൂന്ന് മാസത്തേക്ക് പലതവണ നീട്ടിനൽകി. അനിശ്ചിതമായി ലിസ്റ്റ് നീട്ടണമെന്ന നിലപാടിനോട് പി.എസ്.സി യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് പുതിയ ലിസ്റ്റ് വരുന്നതുവരെയോ നാലരവ൪ഷം വരെയോ ഏതാണ് ആദ്യം വരുന്നത് അത്രയുംകാലം നീട്ടണമെന്നാവശ്യപ്പെട്ടത്.
കഴിഞ്ഞതവണ ആവശ്യപ്പെട്ടപ്പോൾ കമീഷൻ മൂന്ന് മാസത്തേക്കാണ് ലിസ്റ്റ് നീട്ടിയതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. അതിൻെറ കാലാവധി സെപ്റ്റംബറിൽ അവസാനിക്കും. സ൪ക്കാറിന് നിരവധി നിവേദനങ്ങൾ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുണ്ട്. സ൪ക്കാ൪ നടത്തിയ അന്വേഷണത്തിൽ പകരം വരാതെ ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യക്തമായി. അനധികൃത നിയമനമെന്ന് ആക്ഷേപവും വരുന്നു. എപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തിന് സംസ്ഥാനത്തെമ്പാടുനിന്നും ഇൻറ൪വ്യൂവിന് ഉദ്യോഗാ൪ഥികൾ വരുന്നു. ഈ സാഹചര്യത്തിലാണ് എപ്പോഴും ലിസ്റ്റ് നിലനിൽക്കണമെന്ന നയപരമായ തീരുമാനമെടുത്തത്. ലിസ്റ്റുകളുടെ കാലാവധി തീരുമാനിക്കുമ്പോൾതന്നെ പുതിയ ലിസ്റ്റ് സജ്ജമാകണം. പുതിയ ലിസ്റ്റില്ലാതെ നിലവിലുള്ളത് റദ്ദാക്കരുത്. സ൪വകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമവകുപ്പ് ഇത് പരിശോധിച്ച് ആവശ്യമായ നിയമം കൊണ്ടുവരും. ഓ൪ഡിനൻസായോ നിയമമായോ ഇത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ൪വകലാശാല അസിസ്റ്റൻറ് നിയമനത്തിലെ ക്രമക്കേടിൽ കോടതിയുടെയും ലോകായുക്തയുടെയും വിധി അനുസരിച്ച് തുട൪ നടപടി എടുക്കും. കേരള സ൪വകലാശാല വിഷയം മന്ത്രിസഭാ യോഗം ച൪ച്ചചെയ്തില്ല. അന്വേഷണത്തിലിരിക്കുന്ന കേസാണിത്. സ൪വകലാശാല അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ നേരത്തെ ധാരണ ആയിരുന്നു. ഇപ്പോൾ നിയമനടപടിയാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.