Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവര്‍ഗീയതയുടെ അശ്വമേധം

വര്‍ഗീയതയുടെ അശ്വമേധം

text_fields
bookmark_border
വര്‍ഗീയതയുടെ അശ്വമേധം
cancel

നരേന്ദ്ര മോഡിയെ ബി.ജെ.പിയിൽ വാഴിച്ചു. പക്ഷേ, മോഡിയുടെ നേതൃത്വം അംഗീകരിക്കുന്നതിനേക്കാൾ നല്ലത് വനവാസമെന്നാണ് മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിയുടെ തീരുമാനം. ഗുജറാത്തിലെ നരമേധത്തോടെ നിഷേധിക്കപ്പെട്ട അമേരിക്കൻ വിസ, പ്രധാനമന്ത്രി സ്ഥാനാ൪ഥിയായെന്നു കരുതി വെറുതെ വെച്ചുനീട്ടാൻ പോകുന്നില്ളെന്ന സന്ദേശമാണ് അമേരിക്കയിൽനിന്ന് വരുന്നത്. ജനതാദൾ-യുനൈറ്റഡ് (ജെ.ഡി.യു) ഇല്ലാത്ത ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) മോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ചതിൻെറ പേരിൽ ശക്തിപ്പെടാൻ പോകുന്നുവെന്ന സൂചനകൾ ഇനിയും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയായി മോഡി ചാ൪ജ് എടുത്തുവെന്ന മട്ടിൽ കാര്യങ്ങൾ നീങ്ങുന്നതിനിടയിലെ ചില യാഥാ൪ഥ്യങ്ങളാണ് ഇവ.
ആ൪.എസ്.എസ്, വൻകിട വ്യവസായികൾ, നല്ളൊരു പങ്ക് ബി.ജെ.പിക്കാ൪, ഐ.ടി ചെറുപ്പക്കാ൪, മാധ്യമങ്ങൾ എന്നിവരെല്ലാം മോഡിക്കുവേണ്ടി കുഴലൂത്ത് നടത്തുമ്പോൾ അദ്വാനി എന്താണ് മോഡിയെ എതി൪ക്കുന്നത്? വയസ്സ് 84 ആയെങ്കിലും, തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കേണ്ടത് എന്ന ചിന്താഗതി ഒരു കാരണമാകാം. പക്ഷേ, പൂതി നടക്കാതെ പോയതുകൊണ്ടുമാത്രം അദ്വാനി വിമതനായി എന്ന് ചിന്തിച്ചുകൂടാ. മോഡിയെ ഇറക്കിയാൽ കോൺഗ്രസിന് വോട്ടുകൂടുമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പിൽ ഗതിപിടിക്കില്ളെന്നും അദ്വാനിക്ക് അഭിപ്രായമുണ്ടത്രെ. രഥയാത്ര നടത്തി, പള്ളി പൊളിപ്പിച്ച്, വ൪ഗീയ ചേരിതിരിവുണ്ടാക്കി അധികാരം പിടിച്ച അദ്വാനി അത്തരമൊരു മതേതരപ്പേടിക്ക് വശംവദനാകാൻ ഇടയുണ്ടോ? രഥമുരുട്ടി വിയ൪പ്പൊഴുക്കി വള൪ത്തിയ പാ൪ട്ടിയിൽ, ജീവിച്ചിരിക്കുന്ന കാലത്തോളം നഷ്ടപ്പെടില്ളെന്നു കരുതിയ താൻപോരിമ കുത്തിയൊലിച്ചുപോകുന്നതിൻെറ മനംപിരട്ടലാണ് അദ്വാനിയുടെ പ്രധാന പ്രശ്നമെന്ന് വിലയിരുത്തേണ്ടിവരുന്നു. രണ്ടുഡസൻ പാ൪ട്ടികളെ ഒപ്പംകൂട്ടി അധികാരം പിടിച്ച ലൈനാണ്, മോഡിയുടെ താരപ്പൊലിമയിൽ വിശ്വാസമ൪പ്പിക്കുന്നതിനേക്കാൾ തെരഞ്ഞെടുപ്പുനേരത്ത് സ്വീകാര്യമായ വഴിയെന്ന നിലപാടിൽ മുറുകെപ്പിടിക്കുക കൂടിയാണ് അദ്വാനി.
തടസ്സങ്ങൾ വെട്ടിയരിഞ്ഞ് മുന്നോട്ടു പോകുന്നതാണ് മോഡി സ്റ്റൈൽ. രാഷ്ട്രീയത്തിൽ കൈപിടിച്ചുയ൪ത്തുകയും, ഗുജറാത്ത് കലാപത്തിനുശേഷം മുഖ്യമന്ത്രിക്കസേര തെറിച്ചേക്കാമെന്ന ഘട്ടത്തിൽ, കസേരയടക്കം താങ്ങിനി൪ത്തുകയും ചെയ്ത അദ്വാനിയാണ് പുതിയ തടസ്സമായി മുന്നിൽനിൽക്കുന്നതെങ്കിലും മോഡി പഠിച്ചതേ ചെയ്യൂ. മോഡിയുടെ കണ്ണിലെ കരടായവ൪ രാഷ്ട്രീയ ചിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷരായെന്നോ൪ക്കണം. മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ മുതൽ സഞ്ജയ് ജോഷി വരെയുള്ളവരുടെ ഇന്നത്തെ അവസ്ഥ അതിനു തെളിവ്. മോഡിക്കെതിരെ നീങ്ങിയ ഗുജറാത്ത് മുൻ മന്ത്രി ഹരിൺ പാണ്ഡ്യ വെടിയേറ്റു മരിച്ചത് ഇന്നും ദുരൂഹമായ സംഭവം. അങ്ങനെ നിഗൂഢതകൾക്കൊപ്പം നടക്കുന്ന മോഡിക്കു മുന്നിൽ എതി൪പ്പിൻെറ ഒച്ചയനക്കങ്ങൾ അവസാനിപ്പിച്ച്, രാഷ്ട്രീയ ഭാവിയുടെ വാതിലുകൾ കൊട്ടിയടച്ച്, മുരളി മനോഹ൪ ജോഷിയും സുഷമ സ്വരാജും യശ്വന്ത് സിൻഹയുമൊക്കെ നിവൃത്തിയില്ലാതെ സാഷ്ടാംഗം വീണു. മോഡിയെ വാഴിക്കേണ്ട ഇന്നത്തെ ഘട്ടത്തിൽ ആ൪.എസ്.എസ് കുറുവടിയെടുത്തുവെങ്കിൽ, ഇനിയങ്ങോട്ട് വാഴാൻ, ആരെ വെട്ടിനിരത്താനും മോഡിക്ക് സ്വന്തം നിഗൂഢരീതികൾ മതിയാവും.
ആ൪.എസ്.എസ് എന്തുകൊണ്ടാണ് മോഡിക്കുവേണ്ടി ഇറങ്ങിക്കളിച്ചത്? അദ്വാനിയോട് ആ൪.എസ്.എസിനുണ്ടായ അകൽച്ചക്കുശേഷം, ഹിന്ദുത്വ അജണ്ടകൾ മുന്നോട്ടുനീക്കാൻ പറ്റിയൊരു നേതാവില്ളെന്നായിരുന്നു അടുത്തകാലം വരെ ആ൪.എസ്.എസിൻെറ തിരിച്ചറിവ്. ഹിന്ദുരാഷ്ട്ര സിദ്ധാന്തവുമായി പ്രവ൪ത്തിക്കുന്ന ആ൪.എസ്.എസിന് വാജ്പേയി-അദ്വാനിമാരുടെ നേതൃത്വം പ്രതീക്ഷിച്ചത്ര ഫലം ഉണ്ടാക്കിക്കൊടുത്തില്ല. ബാബരി മസ്ജിദ് പൊളിക്കുന്നതുവരെയുള്ള ഹിന്ദുത്വ സംഘാടനമാണ് അവ൪ ഫലപ്രദമായി നി൪വഹിച്ചത്. ഹിന്ദുത്വത്തിന് മതനിരപേക്ഷ ഇന്ത്യയിൽ അധികാരത്തിൽ വരാനുള്ള സാധ്യതകളാണ് വാജ്പേയി-അദ്വാനിമാരുടെ നേതൃത്വത്തിൽ എൻ.ഡി.എ എന്ന സഖ്യകക്ഷി സംവിധാനത്തിലൂടെ പരീക്ഷിച്ചു വിജയിപ്പിച്ചത്. എന്നാൽ, ആ൪.എസ്.എസിൻെറ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് കടക്കാൻ, അധികാരം കിട്ടിയിട്ടും, ഏറ്റവും വേണ്ടപ്പെട്ടവനെന്നു കരുതിയ സാക്ഷാൽ അദ്വാനിക്കു കഴിഞ്ഞില്ല. ഈ നിരാശയിൽനിന്ന് പുതിയ പ്രതീക്ഷകളിലേക്ക് ഉണ൪ന്നെണീറ്റിരിക്കുകയാണ് ആ൪.എസ്.എസ്. ഗുജറാത്തിലെ പരീക്ഷണങ്ങളിൽ വിജയിച്ചുകഴിഞ്ഞ മോഡി ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തിൻെറ അടുത്ത അധ്യായം നടപ്പാക്കാനുള്ള ചുമതല ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയുമാണ്. വാജ്പേയി-അദ്വാനിമാ൪ക്കുശേഷമുള്ള നേതൃസ്ഥാനത്തിനുവേണ്ടി വടംവലിച്ചു ജീവിച്ച രണ്ടാംനിരക്കാരെല്ലാം കളരിക്കു പുറത്ത്.
ഭിന്നിപ്പിക്കുന്നതാണ് ഭരിക്കാൻ എളുപ്പമെന്നാണ് സായ്പ് പഠിപ്പിച്ചു പോയത്. അതേ തന്ത്രം മോഡിയെ മുന്നിൽ നി൪ത്തി പച്ചക്കു പരീക്ഷിക്കുകയാണ് ആ൪.എസ്.എസ്. മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യയിൽ ഇതുവരെ നേരിട്ട് രാഷ്ട്രീയം കളിക്കാൻ പ്രയാസമുണ്ടായിരുന്ന ആ൪.എസ്.എസ്, മറനീക്കി പുറത്തുവരുന്നതിൻെറ കാഴ്ചയാണ് ഇപ്പോൾ അരങ്ങേറുന്ന മോഡി എപ്പിസോഡ്. ആ൪.എസ്.എസുമായുള്ള ബന്ധം പുറത്തുപറയാൻ അടുത്തകാലം വരെ മടിച്ചവരാണ് ബി.ജെ.പിക്കാ൪. എന്നാൽ, ആ൪.എസ്.എസിൻെറ ഉപകരണം മാത്രമാണ് ബി.ജെ.പിയെന്ന് ആരെയും ഇനി പറഞ്ഞു മനസ്സിലാക്കേണ്ടിവരില്ല. ആ൪.എസ്.എസ് നേരിട്ടു ഇറങ്ങിക്കളിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സഖ്യകക്ഷികളെ എത്രത്തോളം സംഘടിപ്പിക്കാമെന്ന കാര്യമൊക്കെ സംഘ്പരിവാറിന് ഇപ്പോൾ രണ്ടാമത്തെ പ്രശ്നമാണ്. നിലവിലെ ലോക്സഭയിൽ കോൺഗ്രസിന് 206ഉം ബി.ജെ.പിക്ക് 116ഉം സീറ്റാണ്. അതൊന്നു തിരിച്ചിട്ട് 200നടുത്ത് സീറ്റെങ്കിലും മോഡിപ്രഭ കൊണ്ട് നേടാൻ കഴിഞ്ഞാൽ സഖ്യകക്ഷികൾ താനേ വന്നുചേരുമെന്നാണ് മോഡിയെ വാഴിക്കാൻ മെനക്കെട്ട ബി.ജെ.പി നേതാക്കളുടെ പക്ഷം. ഏൽപിച്ച ലക്ഷ്യം നേടാൻ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് മോഡിയുടെ പ്രതിജ്ഞ. വിശ്വസ്തനായ അമിത്ഷാ ചുമതലയേറ്റ കാലം മുതൽ യു.പിയിൽ വ൪ഗീയത തെളിഞ്ഞുകത്തുകയാണെന്ന് ഇതിനൊപ്പം കൂട്ടിച്ചേ൪ക്കാം.
ഭരണം പിടിക്കുക അത്ര എളുപ്പമല്ളെന്ന് മോഡിക്കും ആ൪.എസ്.എസിനും ബോധ്യമുണ്ടാകാതെ തരമില്ല. കോൺഗ്രസിൻെറ ബലഹീനത നേട്ടമാണെങ്കിലും പ്രാദേശിക കക്ഷികൾ കരുത്തരാണ്. മോഡി വരുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പിക്കെതിരെ കേന്ദ്രീകരിക്കപ്പെടും. രണ്ടിനുമിടയിൽ പ്രാദേശിക പാ൪ട്ടികളുടെ കരുത്തു ചോ൪ത്താൻ പ്രയാസമാണ്. കോൺഗ്രസ് ജയിച്ചുകയറിയ സ്ഥലങ്ങളിൽ വ൪ഗീയ ചേരിതിരിവിലൂടെ നേട്ടമുണ്ടാക്കുകയോ, ചുരുങ്ങിയപക്ഷം കോൺഗ്രസിൻെറ ജയസാധ്യത തക൪ക്കുകയോ ചെയ്യുക എന്ന തന്ത്രമാണ് ബി.ജെ.പിയുടെ ആവനാഴിയിൽ. യു.പിയും കേരളവുമൊക്കെ ഉദാഹരണങ്ങളിൽപെടും. വ൪ഗീയത കൂടുതൽ ആളിയില്ളെങ്കിൽ യു.പിയിൽ സ്വന്തമായ വോട്ടുബാങ്കുള്ള സമാജ്വാദി പാ൪ട്ടിക്കോ ബി.എസ്.പിക്കോ മോഡിച്ചൂട് കാര്യമായ പരിക്കേൽപിക്കില്ല. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 23 സീറ്റ് ഇന്നത്തെ നിലയിൽ പോലും അപകടത്തിലാണ്. യു.പിയിൽ ചുരുങ്ങിയത് രണ്ടു ഡസൻ സീറ്റാണ് ബി.ജെ.പിയുടെ ഉന്നം. ക൪ണാടകത്തിൽ മോഡിയെ സ്വാഗതം ചെയ്തു നിൽക്കുന്ന മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ബി.ജെ.പിയിലേക്ക് മടങ്ങുമെന്നും സീറ്റുപിടിക്കുമെന്നും കരുതേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയും ആന്ധ്രപ്രദേശും ദൽഹിയുമൊക്കെ കോൺഗ്രസിന് പരിക്കേൽപിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതിനെല്ലാമിടയിൽ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ പോകുന്നത് ബി.ജെ.പിയിലെ ഉൾപ്പോരുതന്നെയാവും. ബാലറ്റ് രഹസ്യമാണ്. പാര ഉറപ്പാണ്. അവിടെ ഇടപെടാൻ ആ൪.എസ്.എസിന് പരിമിതികളുണ്ട്.
എന്തുകൊണ്ട് കോ൪പറേറ്റുകൾ മോഡിയെ പിന്തുണച്ച് പിന്നാലെ കൂടിയിരിക്കുന്നു? ഗുജറാത്ത് കലാപവേളയിൽ മോഡിയെ തള്ളിപ്പറഞ്ഞ വ്യവസായികൾപോലും ഇന്ന് മോഡിക്ക് അനുകൂലമായി നിൽക്കുന്നു. ഗുജറാത്ത് വ്യവസായികളുടെ ഒരു വിളനിലമാണ്. അവിടെ കൊണ്ടും കൊടുത്തും കഴിയുന്നതിൻെറ തുട൪ച്ചയാണ് ഈ പിന്തുണ. സ൪ക്കാ൪ സഹായമില്ലാതെ വ്യവസായികൾക്ക് നിലനിൽപില്ല; വ്യവസായികളുടെ പിന്തുണയില്ലാതെ സ൪ക്കാറിനും. വ്യവസായികളെ നിഗൂഢമായ നീക്കങ്ങളിലൂടെ ഭിന്നിപ്പിച്ചും, എതി൪ശബ്ദം അടക്കിയും കൈവള്ളയിലാക്കാൻ മോഡിക്ക് സാധിച്ചു. ഗുജറാത്തിലെ പരസ്പര സഹകരണം അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിച്ചപ്പോൾ, വ്യവസായികളുടെ മോഡി സ്തുതി ഇന്ത്യ കേട്ടു. യഥാ൪ഥത്തിൽ വ്യവസായികളെ അങ്ങേയറ്റം പ്രീണിപ്പിക്കാൻ ശ്രദ്ധിച്ച സ൪ക്കാറാണ് മൻമോഹൻസിങ്ങിൻേറത്. റിലയൻസാണ് രാജ്യം ഭരിക്കുന്നതെന്ന പഴി യു.പി.എ സ൪ക്കാ൪ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 2ജി അഴിമതി, കൽക്കരി ലൈസൻസ് അഴിമതി എന്നിവയെല്ലാം വ്യവസായികളെ വഴിവിട്ടു സഹായിച്ച് മൻമോഹൻ മന്ത്രിസഭ ഉണ്ടാക്കിയ സമ്പാദ്യങ്ങളാണ്. പക്ഷേ, വ്യവസായികൾ എന്നും ലാഭം നോക്കിയാണ് പ്രവ൪ത്തിക്കുക. ഇനി മോഡിയെക്കൊണ്ടാണ് കാര്യമെന്ന് അവരിൽ ഒരു കൂട്ട൪ ഉറപ്പിച്ചിരിക്കുന്നു. വ്യവസായികൾ നിയന്ത്രിക്കുന്ന മാധ്യമ ലോകം അങ്ങനെ മോഡിയുടെ സ്തുതിപാഠകരാവുന്നു. അന്ത൪ലീനമായ മൃദുഹിന്ദുത്വം അതിന് പോഷകമാവുന്നു. ഒരു കാലത്ത് ജനപ്രതിനിധികളെ സ്വാധീനിച്ച് കാര്യസാധ്യം നടത്തിയിരുന്നവരാണ് വ്യവസായികളെങ്കിൽ, തെരഞ്ഞെടുപ്പും ജയപരാജയങ്ങളും കോ൪പറേറ്റുകൾ തീരുമാനിക്കുന്നുവെന്ന യാഥാ൪ഥ്യവും ഇതിനിടയിൽ തെളിഞ്ഞുകിടക്കുന്നു.
മതനിരപേക്ഷതയിൽ ഊന്നിയ ഐക്യത്തിൻെറ പൊതുബോധം ദു൪ബലമായി വരുന്ന സന്ദ൪ഭത്തിലാണ് മോഡി പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി വാഴിക്കപ്പെടുന്നത്. ഹിന്ദുത്വം സംഘടിക്കുമ്പോൾ ജനം തങ്ങളെ ജയിപ്പിക്കാൻ ആഞ്ഞുശ്രമിക്കുമെന്ന കോൺഗ്രസിൻെറ പതിവുപ്രതീക്ഷകളിൽ അതുകൊണ്ടു തന്നെ, അപകടം പതിയിരിക്കുന്നു. മോഡിക്കു മുന്നിൽ കടമ്പകൾ പലതുണ്ട്. ഒപ്പം സാധ്യതകളും കാണേണ്ടിയിരിക്കുന്നു. സാമ്പത്തിക അസ്ഥിരതയുടെ കാലത്ത് ഫാഷിസം വള൪ന്നിട്ടുണ്ടെന്നാണ് ചരിത്രം. വിലക്കയറ്റം, അഴിമതി, സാമ്പത്തികമാന്ദ്യം എന്നിങ്ങനെയുള്ള ദു$സ്ഥിതികൾ ഫാഷിസത്തിൻെറകൂടി വള൪ച്ചക്ക് പറ്റിയ മണ്ണാണ് ഉണ്ടാക്കുന്നത്. അതു പ്രയോജനപ്പെടുത്താൻ മോഡിയും സംഘ്പരിവാറും കളത്തിലിറങ്ങിയിരിക്കേ, പതിറ്റാണ്ടുകൾ പിന്നിട്ട മതേതര-ജനാധിപത്യത്തിൻെറ ഉരകല്ലാവുന്ന തെരഞ്ഞെടുപ്പിലേക്കാണ് നാം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story