പുതിയ മാനദണ്ഡം: കായികതാരങ്ങള്‍ക്ക് ജോലി കിട്ടാക്കനിയാകുന്നു
text_fieldsതൃശൂ൪: അന്ത൪ദേശീയ - ദേശീയതലത്തിൽ മെഡൽ നേടിയവരെ മാത്രം മികച്ച കായികതാരങ്ങൾക്ക് ജോലി നൽകുന്ന പദ്ധതിയിൽ പരിഗണിച്ചാൽ മതിയെന്ന മാനദണ്ഡം പല താരങ്ങൾക്കും ജോലി കിട്ടാക്കനിയാകുന്നു. നേരത്തെ സംസ്ഥാന മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയവ൪ക്ക് ജോലി നൽകാമെന്നായിരുന്നു നി൪ദേശം. ഇതോടെ ദേശീയതലത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന ഇനങ്ങളിലെ താരങ്ങൾ അവഗണിക്കപ്പെടുകയാണ്. മാത്രമല്ല കേരളത്തിൻെറ സ്വന്തം ഇനങ്ങളിൽ ദേശീയതലത്തിൽ തിളങ്ങുന്നവ൪ക്ക് അന൪ഹമായ പരിഗണനയും പുതിയ നി൪ദേശത്തിൻെറ പിൻബലത്തിൽ ലഭിക്കും.
മുൻമന്ത്രി ഗണേഷ്കുമാറാണ് ആറുമാസംമുമ്പ് പുതിയ ഉത്തരവിറക്കിയത്. സ്പോ൪ട്സ് കൗൺസിൽ അംഗങ്ങളോട് ആലോചിക്കാതെയാണ് മന്ത്രി ഉത്തരവ് ഇറക്കിയതെന്ന് ആക്ഷേപമുണ്ട്. നേരത്തെ 20 പേ൪ക്ക് നൽകിയിരുന്നത് 50 പേ൪ക്ക് നൽകുമെന്ന വാഗ്ദാനമുണ്ട്. എന്നാൽ പുതിയ മാനദണ്ഡം അനുസരിച്ച് നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇതുവരെ ആ൪ക്കും സ്പോ൪ട്സ് ക്വോട്ടയിൽ ജോലി ലഭിച്ചിട്ടില്ല. മാത്രമല്ല നേരത്തെയുള്ള മാനദണ്ഡം അനുസരിച്ച് 2010ലാണ് അവസാനമായി ഒരു കായികതാരത്തിന് ജോലി ലഭിച്ചത്.
ദേശീയതലത്തിൽ ശക്തമായ പോരാട്ടം നടക്കുന്ന ബോക്സിങ്, ജൂഡോ, വെയിറ്റ്ലിഫ്റ്റ്, തുടങ്ങിയ ഇനങ്ങളിലെ താരങ്ങളുടെ ജോലി പ്രതീക്ഷയാണ് ഇതോടെ അസ്തമിക്കുന്നത്. എന്നാൽ, കേരളത്തിന് ദേശീയതലത്തിൽ മുൻതൂക്കമുള്ള അത്ലറ്റിക്സ്, വോളിബാൾ, കനോയിങ് കയാക്കിങ്, സൈക്കിൾപോളോ തുടങ്ങിയ ഇനത്തിൽ മത്സരിക്കുന്നവ൪ക്ക് കൂടുതൽ ജോലി അവസരങ്ങളും ലഭിക്കും. അന്ത൪ദേശീയ-ദേശീയതല വിജയികൾക്ക് റെയിൽവേയിലും മറ്റും ജോലി ലഭിക്കുമെന്നിരിക്കെ സ൪ക്കാറിൻെറ പുതിയ മാനദണ്ഡങ്ങൾ മാറ്റുന്നില്ളെങ്കിൽ പുതുതലമുറ കായികരംഗത്ത് നിന്ന് മാറുമെന്നാണ് പരിശീലകരുടെ അഭിപ്രായം.
സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ തൃശൂ൪ ടീമിലെ മൂന്ന് കായിക താരങ്ങൾ അന്ത൪ സ൪വകലാശാല കായികമേളയിലെ മെഡൽ ജേതാക്കളാണ്. പുതിയ മാനദണ്ഡം അനുസരിച്ച് ജോലിക്ക് യോഗ്യത ഉണ്ടെങ്കിലും ഇവ൪ക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ല. 2011, 2012 വ൪ഷങ്ങളിൽ അന്ത൪ സ൪വകലാശാല കായികമേളയിലെ ബോക്സിങ്ങിൽ വെങ്കലം നേടിയ ജിബിൻ തൃശൂ൪ സെൻറ് തോമസ് കോളജിൽ നിന്നും എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ് ബോക്സിങ്ങിൽ ശ്രദ്ധയൂന്നുകയാണ്. വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ മെഡൽ നേടുകയാണ് ജിബിൻെറ സ്വപ്നം.
അതിന് താങ്ങായി ഒരു ജോലി കിട്ടണമെന്ന ആഗ്രഹം സ൪ക്കാറിൻെറ നയങ്ങളിൽ തട്ടിത്തെറിക്കുകയാണ്. 2013ലെ അന്ത൪ സ൪വകലാശാല കായികമേളയിൽ മെഡൽ ജേതാക്കളാണ് സെൻറ് തോമസിലെ തന്നെ അഖിൽ ലാൽ ബാബുവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ടിൻസൻ ജോസഫും. തൃശൂരിൽ നടക്കുന്ന ദേശീയ ഗെയിംസ് ബോക്സിങ്ങിൽ ജിബിനൊപ്പം മെഡൽവേട്ട നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം. ഇടിക്കൂട്ടിൽ എതിരാളിയെ ഇടിച്ചിടുമ്പോഴും സ൪ക്കാറിൻെറ ’തൊഴിക്ക്’ മുന്നിൽ നിസ്സഹായരാവുകയാണിവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.