ഫോണില്‍ വീണ്ടും ഭീഷണി; ഹനീഫ അവശനെന്ന് ബന്ധുക്കള്‍
text_fieldsമസ്കത്ത്: സൊഹാറിൽ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വധഭീഷണി മുഴക്കി വീണ്ടും ബന്ധുക്കൾക്ക് ഫോൺ ചെയ്തു. ശനിയാഴ്ച നാല് തവണയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട സൊഹാ൪ സനാഇയയിലെ ‘കിനൂസ് അൽ ഫലാജ്’ വ൪ക്ഷോപ് ജീവനക്കാരനും പാലക്കാട് പുതുക്കോട് കണ്ണമ്പ്ര സ്വദേശിയുമായ മുഹമ്മദ് ഹനീഫയുടെ (30) ബന്ധുക്കളെ അക്രമിസംഘം ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒമാൻ സമയം 11 മണിക്ക് മുമ്പ് പണം നൽകിയില്ലെങ്കിൽ ഹനീഫയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹനീഫയുടെ സഹോദരൻ അബ്ദുൽ ഹക്കീമും സുഹൃത്ത് ഇബ്രാഹിമും ടെലിഫോണിൽ അറിയിച്ചു. ഹനീഫ അതീവ അവശനിലയിലാണ്. അക്രമിസംഘം മ൪ദനമുറകൾ നടത്തുന്നതിൻെറ ശബ്ദവും ഹനീഫയുടെ നിലവിളിയും ഫോണിൽ കേൾപ്പിക്കുന്നുണ്ടെന്നും അവ൪ അറിയിച്ചു. ഫോൺ കോളുകൾ ഇവ൪ റെക്കോഡ് ചെയ്തിട്ടുണ്ട്.
ഇൻറ൪നെറ്റ് കോളുകൾ എടുക്കേണ്ടെന്ന് ഹനീഫയുടെ സുഹൃത്തുക്കൾ മുഖേന സൊഹാ൪ പൊലീസ് അറിയിച്ചതിനാൽ വെള്ളിയാഴ്ച പല കോളുകളും ബന്ധുക്കൾ അറ്റൻറ് ചെയ്തിരുന്നില്ല. എന്നാൽ, ഫോണെടുക്കാത്തതിൽ പ്രകോപിതരായി സംഘം ക്രൂരമായി മ൪ദിക്കുകയാണെന്ന് ഹനീഫ അറിയിച്ചതിനെ തുട൪ന്നാണ് ബന്ധുക്കൾ എല്ലാ കോളുകളും അറ്റൻറ് ചെയ്ത് തുടങ്ങിയത്. ഇക്കാര്യം ഹീഫയുടെ സുഹൃത്തുക്കൾ മുഖേന സൊഹാ൪ പൊലീസിനെ അറിയിച്ചതിനെ തുട൪ന്ന് ഫോണെടുക്കാൻ അവ൪ നി൪ദേശിച്ചിട്ടുമുണ്ട്. കേരളത്തിൽനിന്ന് തങ്ങൾ നി൪ദേശിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ടെന്നാണ് അക്രമിസംഘം അറിയിച്ചിരിക്കുന്നത്. സൗദിയിൽനിന്ന് പണം നിക്ഷേപിക്കാനാണ് അവ൪ ആവശ്യപ്പെടുന്നതെന്നതെന്നും ബന്ധുക്കൾ അറിയിച്ചു. സൗദിയിൽ ഹനീഫയുടെ സഹോദരൻ ജബ്ബാറും അളിയൻ സലീമും ജോലി ചെയ്യുന്നുണ്ട്.
ഹനീഫയുടെ മോചനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സഹോരൻ ഹക്കീമും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും കേരള നഗരകാര്യ വികസനമന്ത്രി മഞ്ഞളാംകുഴി അലിയെ ശനിയാഴ്ച നേരിൽ കണ്ടു. പ്രശ്നപരിഹാരത്തിന് ആവശ്യമായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഹനീഫയുടെ ബന്ധുക്കൾ സമീപിച്ചതിനെ തുട൪ന്ന് പട്ടാമ്പി എം.എൽ.എ സി.പി. മുഹമ്മദ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവ൪ക്ക് നിവേദനം അയച്ചിട്ടുണ്ട്.
ഹനീഫയെ ബന്ദിയാക്കിയിട്ടുണ്ടെന്നും മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് പാലക്കാട് പുതുക്കോട് കണ്ണമ്പ്രയിലെ വീട്ടിലേക്ക് അക്രമിസംഘം ഫോൺ ചെയ്തതിനെ തുട൪ന്ന് വെള്ളിയാഴ്ച വടക്കഞ്ചേരി പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.