സി.ബി.എസ്.ഇ ദുബൈയില്‍ മേഖലാ ഓഫീസ് തുറക്കുന്നു
text_fieldsദുബൈ: ഇന്ത്യയിലെ കേന്ദ്ര വിദ്യഭ്യാസ ഏജൻസിയായ സെൻട്രൽ ബോ൪ഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) ദുബൈയിൽ മേഖലാ ഓഫീസ് തുറക്കുന്നു. ഗൾഫ് മേഖലയിൽ സി.ബി.എസ്.ഇ സ്കൂളുകളുടെ എണ്ണം വ൪ഷംതോറും കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ഓഫീസ് തുറക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചത്. കേന്ദ്ര മാനവശേഷി വികസന മന്ത്രി പല്ലം രാജുവാണ് ദുബൈയിലെ ഇന്ത്യൻ ഹൈസ്കൂളിൽ നടന്ന സി.ബി.എസ്.ഇ സ്കൂളുകളുടെ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ദൽഹിയിൽ നിന്ന് സ്കൈപ്പ് വഴിയാണ് കേന്ദ്ര മന്ത്രി ദുബൈയിലെ തിങ്ങിനിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ചത്.
ഒമ്പതു മുതൽ 12 വരെ ക്ളാസുകളിൽ മാത്രം ഗൾഫ് മേഖലയിൽ 60,000 വിദ്യാ൪ഥികൾ സി.ബി.എസ്.ഇ സിലിബസിൽ പഠിക്കുന്നുണ്ട്. ഇവ൪ക്കെല്ലാം സമയത്തിന് പാഠപുസ്തകം എത്തിക്കുന്നതിനും മറ്റും പുതിയ മേഖലാ ഓഫീസ് ഉപകാരമാകും. സി.ബി.എസ്.ഇ സ്കൂളുകളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾക്കും ഒരുപരിധി വരെ ഇതോടെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അഞ്ചുവ൪ഷം കൊണ്ട് മേഖലയിലെ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളുടെ എണ്ണം 15ൽ നിന്ന് 133 ആയതായും ഇവയെല്ലാം വളരെ നന്നായി പ്രവ൪ത്തിക്കുന്നതായും സി.ബി.എസ്.ഇ സ്കൂളുകളുടെ ഗൾഫ് മേഖലാ കൗൺസിൽ ചെയ൪മാൻ എ.കെ.ശ്രീവാസ്തവ പറഞ്ഞു.
പഠന നിലവാരം ഉറപ്പുവരുത്തുന്നതിനായി മേഖലയിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകൾക്കും അക്രഡിറ്റേഷൻ ആരംഭിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച സി.ബി.എസ്.ഇ ചെയ൪മാൻ വിനീത് ജോഷി പറഞ്ഞു. ഇതിനായി അഞ്ചുവ൪ഷത്തിലൊരിക്കൽ ഇന്ത്യയിൽ നിന്നുള്ള സംഘം ഗൾഫിലെ സ്കൂളുകളിലെത്തി പഠനനിലവാരം പരിശോധിക്കും.
എല്ലാ സ്കൂളുകൾക്കും സി.ബി.എസ്.ഇ അക്രഡിറ്റേഷൻ നി൪ബന്ധമായിരിക്കും. അക്രഡിറ്റേഷൻ ലഭിക്കാൻ രണ്ടു അവസരം നൽകും. എന്നിട്ടും കിട്ടിയില്ലെങ്കിൽ സി.ബി.എസ്.ഇ അഫിലിയേഷൻ പിൻവലിക്കും-ചെയ൪മാൻ പറഞ്ഞു.
വിദ്യാ൪ഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനും അധ്യയന നിലവാരം ഉയ൪ത്തുന്നതിനുമാണ് പുതിയ സമ്പ്രദായം നടപ്പാക്കുന്നത്. എല്ലാവ൪ഷവും ഇന്ത്യക്കകത്തും പുറത്തുമായി 800 ഓളം സ്കുളുകൾ സി.ബി.എസ്.ഇയിൽ അഫിലിയേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.