ആദ്യ വനിതാ ബിഷപ് ഇ. പുഷ്പലളിത തിങ്കളാഴ്ച സ്ഥാനമേല്‍ക്കും
text_fieldsചെന്നൈ: ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ബിഷപ്പായി സി.എസ്.ഐയുടെ ആന്ധ്രയിലെ നന്ദ്യാൽ മഹായിടവകയിൽ ഇ. പുഷ്പലളിത തിങ്കളാഴ്ച സ്ഥാനമേൽക്കും. നന്ദ്യാലിൽ സി.എസ്.ഐ മോഡറേറ്റ൪ ഡോ. ജി. ദേവകടാക്ഷത്തിൻെറ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞദിവസം ചെന്നൈയിൽ ചേ൪ന്ന സി.എസ്.ഐ എക്സിക്യൂട്ടിവ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നി൪ദേശത്തിൻെറ അടിസ്ഥാനത്തിലാണ് സിനഡ് എക്സിക്യൂട്ടിവ് സമിതി നിയമനത്തിന് അംഗീകാരം നൽകിയത്.
ആന്ധ്രയിലെ ക൪ണൂൽ ജില്ലയിലെ ദിഗുവപ്പാട് ഗ്രാമത്തിൽ ജനിച്ച പുഷ്പലളിത (57) സി.എസ്.ഐയുടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 1984ൽ വൈദിക പട്ടം സ്വീകരിച്ച പുഷ്പലളിത സി.എസ്.ഐ സിനഡ് അംഗം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, വിമൻസ് ഫെലോഷിപ് കേന്ദ്രകമ്മിറ്റി അംഗം, സി.എസ്.ഐ, സി.എൻ.ഐ, മാ൪ത്തോമ സഭകളുടെ സംയുക്ത കൗൺസിൽ അംഗം തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. 2005 മുതൽ 2007 വരെ നന്ദ്യാൽ ഇടവകയിലെ ട്രഷററായിരുന്നു.
30 വ൪ഷമായി ആന്ധ്രയിലെ ഗ്രാമങ്ങളിൽ സേവന പ്രവ൪ത്തനങ്ങളിൽ വ്യാപൃതയായിരുന്നു.സഭയുടെ 22 മഹായിടവകകൾ ചേ൪ന്നാണ് ബിഷപ്പിനെ തെരഞ്ഞെടുത്തത്. നി൪ദേശിക്കപ്പെട്ട പി.ബി. വിജയരാജ്, കെ. ഇസ്രയേൽ ദൈവാശീ൪വാദം, സത്യാനന്ദം പോൾ, ഇ. പുഷ്പലളിത എന്നിവരുമായി വിദഗ്ധ സമിതി അഭിമുഖം നടത്തിയതിൻെറ അടിസ്ഥാനത്തിൽ പുഷ്പലളിതയുടെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.
വിദേശ രാജ്യങ്ങളിൽ വനിതാ ബിഷപ്പുമാരുണ്ടെങ്കിലും ആന്ധ്രയിലെ ഭദ്രാചലത്തിൽ 1996ൽ ഗുഡ് സമരിറ്റൻ ഇവഞ്ചലിക്കൽ ലൂഥറൻ ച൪ച്ചിൻെറ ബിഷപ്പായി ഡോ. ലിവേളി കടാക്ഷമ്മയെ തെരഞ്ഞെടുത്തതൊഴിച്ചാൽ ഇന്ത്യയിലെ പ്രധാന ക്രിസ്ത്യൻ സഭയുടെ ബിഷപ്പായി സ്ത്രീ തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.