സംസ്ഥാനത്ത് ധാതുമണല്‍ കള്ളക്കടത്ത് വ്യാപകം
text_fieldsകൊച്ചി: സംസ്ഥാനത്ത് ധാതുമണൽ കള്ളക്കടത്ത് വ്യാപകമാണെന്ന് സ്റ്റാൻഡിങ് കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് ആരോപിച്ചു. ഇൽമനൈറ്റ് ക്ഷാമം പരിഹരിക്കുക, സി.എം.ആ൪.എല്ലിന് ഖനനാനുമതി നൽകുക കോടികളുടെ കള്ളക്കടത്ത് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളും സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വ൪ഷമായി കേരളതീരത്തുനിന്ന് 50,000 കോടിയുടെ ധാതുമണൽ കള്ളക്കടത്ത് നടക്കുന്നു. കേന്ദ്രസ൪ക്കാ൪ പലവട്ടം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് സ൪ക്കാ൪ ധാതുമണൽ കുംഭകോണം സംബന്ധിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടും സംസ്ഥാന സ൪ക്കാ൪ മൗനത്തിലാണ്. സമീപദിവസങ്ങളിൽ മാധ്യമങ്ങളിൽ വാ൪ത്ത വന്നതോടെ കൊല്ലം പൊലീസ് കമീഷണറെ കള്ളക്കടത്ത് അന്വേഷിക്കാൻ ചുമതലപ്പെടുത്തി. കൊല്ലം കമീഷണ൪ക്ക് ആലപ്പുഴ തീരത്തെ കള്ളക്കടത്ത് അന്വേഷിക്കാൻ എങ്ങനെ സാധിക്കുമെന്നും അവ൪ ആരാഞ്ഞു.
സംസ്ഥാന പൊതുമേഖലയിലെ ട്രാവൻകൂ൪ ടൈറ്റാനിയം, ആലുവയിലെ സി.എം.ആ൪.എൽ തുടങ്ങിയ വ്യവസായങ്ങൾ ഇൽമനൈറ്റ് ലഭ്യമാകാതെ വൻപ്രതിസന്ധിയിലാണ്. ഖനനം അനുവദിച്ചിട്ടും കെ.എം.എം.എൽ മൈനിങ് നടത്തുന്നില്ല. കേരള തീരത്തുനിന്ന് കള്ളക്കടത്ത് നടത്തിക്കൊണ്ടുപോകുന്ന മണൽ ഗാഢത കുറഞ്ഞ മണലിൽ ചേ൪ത്ത് കൂടിയ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. തമിഴ്നാട്ടിലെ കള്ളക്കടത്ത് ലോബിക്ക് നേതൃത്വം നൽകുന്ന വൈകുണ്ഠൻ 24 ലക്ഷം രൂപ ഖനനം തടസ്സപ്പെടുത്താൻ ചെലവാക്കിയതായി ആരോപണങ്ങളുണ്ട്. ഈ സ്ഥിതി അവസാനിപ്പിക്കാൻ ട്രേഡ് യൂനിയനുകൾ സെക്രട്ടേറിയറ്റ് മാ൪ച്ച് അടക്കം യോജിച്ച പ്രക്ഷോഭത്തിന് തീരുമാനമെടുത്തതായും അവ൪ പറഞ്ഞു. 1993 മുതൽ 2012 വരെ തുട൪ച്ചയായി ലാഭകരമായി പ്രവ൪ത്തിച്ചിരുന്ന കെ.എം.എം.എൽ ഇപ്പോൾ വൻപ്രതിസന്ധിയിലായതിൻെറ കാരണം അന്വേഷിക്കണം.
അനധികൃത ഖനനത്തിലൂടെ 96000 കോടിയാണ് വി.വി. മിനറൽസ് നേടിയതെന്ന വെളിപ്പെടുത്തൽ കൂടുതൽ അന്വേഷണ വിധേയമാക്കണം. വി.എം. സുധീരനെപ്പോലുള്ളവ൪ ഈ ഞെട്ടിപ്പിക്കുന്ന കള്ളക്കടത്തിനെക്കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല. സി.എം.ആ൪.എൽ ജീവനക്കാ൪ ഗാന്ധി ജയന്തി ദിനത്തിൽ കുടുംബസമേതം ഒത്തുകൂടി ഭാവിപരിപാടികൾ ആവിഷ്കരിക്കുമെന്നും അവ൪ പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ എം.ഒ. ജോൺ, കെ.എൻ. ഗോപിനാഥ്, വി.പി. ജോ൪ജ്, പി. രാജു, തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.