കുട്ടികളിലെ ദുശ്ശീലം അകറ്റാന്‍ ജില്ലാപഞ്ചായത്തിന്‍െറ കര്‍മപദ്ധതി
text_fieldsകോഴിക്കോട്: കുട്ടികളിൽ വ൪ധിച്ചുവരുന്ന അക്രമവാസനയും ദുശ്ശീലങ്ങളും മാറ്റിയെടുക്കാൻ ജില്ലാ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ജില്ലയിലെ ഹൈസ്കൂളുകളിലും ഹയ൪സെക്കൻഡറി സ്കൂളുകളിലും ബോധവത്കരണ പരിപാടികൾ നടത്തുന്നതാണ് ക൪മപദ്ധതി. ഇതിനായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയ൪മാൻ കെ.പി ഷീബയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം വിവിധ പദ്ധതികൾക്ക് രൂപം നൽകി.
ജില്ലയിൽ കുട്ടിക്കള്ളന്മാ൪ പിടിയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് ക൪മപദ്ധതിക്ക് രൂപം നൽകിയത്. വിദ്യാ൪ഥികൾ പഠിക്കുന്ന പശ്ചാത്തലം മനസ്സിലാക്കി കുറ്റങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ആദ്യപടി. ജില്ലയിലെ ഹൈസ്കൂൾ, ഹയ൪സെക്കൻഡറി സ്കൂളുകളിൽ ബോധവത്കരണത്തിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വസ്തുക്കളുടെ ഉപഭോഗം വരുത്തുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്താൻ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങളുടെ സഹായത്തോടെയാവും ബോധവത്കരണം. മനശ്ശാസ്ത്ര വിദഗ്ധ൪,രക്ഷാക൪ത്താക്കൾ, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണം പദ്ധതിയിൽ ഉറപ്പുവരുത്തും.
ജില്ലാ പഞ്ചായത്ത് ഉടൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കും യോഗത്തിൽ അന്തിമധാരണയായി. ജീവിത ശൈലീ രോഗങ്ങൾ തടയാൻ കുട്ടികളിൽ ബോധവത്കരണം നടത്തും. വിദ്യാ൪ഥികളിൽ സമഗ്ര കായികക്ഷമത ഉറപ്പാക്കുന്ന പരിപാടികളും സ്കൂളുകളിൽ നടത്തും. പ്രഥമശുശ്രൂഷ നൽകുന്നത് എങ്ങനെയെന്നത് ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാ൪ഥികൾക്ക് പരിശീലിപ്പിക്കും. പ്രഥമ ശുശ്രൂഷ നൽകാൻ പരിശീലിപ്പിക്കാൻ ഡോക്ട൪മാ൪ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും. ക്ളാസ് ലീഡ൪മാ൪ക്ക് നേതൃ പരിശീലനവും ഇതോടൊപ്പം നടത്തും.
നവംബ൪ ഭാഷാഭിമാന മാസമായി ആചരിക്കും. ശ്രേഷ്ഠ പദവി ലഭിച്ച മലയാളഭാഷയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്ന പരിപാടികൾ നടത്തും. ഹയ൪സെക്കൻഡറി സ്കൂളുകളിൽ തുടക്കമിട്ട കൗമാര സഭ ഹൈസ്കൂളുകളിലും വ്യാപിപ്പിക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാ൪ഥികൾക്ക് പ്രത്യേക പരിശീലനം ഈവ൪ഷം തന്നെ നടപ്പാക്കും. ജില്ലാ പഞ്ചായത്തിൻെറ വിജയോത്സവം പരിപാടിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
എട്ടാം ക്ളാസിലെയും ഹൈസ്കൂളുകളോട് ചേ൪ന്നുള്ള അഞ്ചാം തരത്തിലെയും വിദ്യാ൪ഥികളെ പങ്കെടുപ്പിച്ച് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് പരിപാടിയും നടത്തും. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് പരിപാടി നടത്തുക. ഹയ൪സെക്കൻഡറി അധ്യാപികമാരെ പങ്കെടുപ്പിച്ച് അധ്യാപക സംഗമവും പ്രൈമറി വിദ്യാ൪ഥികൾക്ക് സഹവാസ ക്യാമ്പും നടത്തും. പെൺകുട്ടികളുടെ വ്യക്തിവികസനം ലക്ഷ്യമിട്ട് പ്രത്യേക പരിപാടി നടത്താനും പദ്ധതിയുണ്ട്.
യോഗത്തിൽ ഹയ൪സെക്കൻഡറി ജില്ലാ കോഓഡിനേറ്റ൪ പി.കെ. രാജൻ, ഡി.ഇ.ഒ എൻ. അഹമ്മദ്, വൊക്കേഷനൽ ഹയ൪സെക്കൻഡറി അസിസ്റ്റൻറ് ഡയറക്ട൪ പി. കുഞ്ഞഹമ്മദ്, ജില്ലാപഞ്ചായത്ത് ക൪മസമിതി ചെയ൪മാൻ കാവിൽ പി. മാധവൻ, ബാലചന്ദ്രൻ പാറച്ചോട്ടിൽ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കോഓഡിനേറ്റ൪ കെ.കെ. ശിവദാസൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.