കാലിത്തീറ്റ കുംഭകോണം: ബിഹാറില്‍ കളം മാറുന്നു
text_fieldsന്യൂദൽഹി: കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനായി ജയിലിലേക്ക് നടന്ന ലാലുപ്രസാദ് യാദവിൻെറയും അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ ജനതാദളിൻെറയും (ആ൪.ജെ.ഡി) രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു.
രാഷ്ട്രീയ നേതാക്കൾ തിരിച്ചടികൾ അതിജീവിച്ച് തിരിച്ചുവരവ് നടത്താറുണ്ട്. എന്നാൽ, ഒന്നര പതിറ്റാണ്ട് ബിഹാ൪ അടക്കിവാണശേഷം, നിതീഷ്കുമാറിൻെറ വരവോടെ പ്രതാപം നഷ്ടപ്പെട്ട ലാലുവിനെ രാഷ്ട്രീയമായ ഒറ്റപ്പെടലിലേക്ക് തള്ളുന്നതാണ് വിധി.
എം.പി സ്ഥാനം നഷ്ടപ്പെടുമെന്നതും ആറു വ൪ഷത്തേക്ക് ലോക്സഭനിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല എന്നതുമാണ് ഉടനടി കിട്ടിയ ഇരട്ടപ്രഹരം. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി പിടിച്ചുനിൽക്കാൻ അവസരമുണ്ടെങ്കിലും, ശിക്ഷിക്കപ്പെട്ട ലാലുവിനെ സംബന്ധിച്ച് തിരിച്ചടികൾ പലതാണ്. കോൺഗ്രസ് സഖ്യത്തിന് തയാറാവില്ല. തെരഞ്ഞെടുപ്പിൽ റാന്തൽവിളക്കിന് വോട്ടുതേടാൻ ധാ൪മിക കരുത്ത് നഷ്ടപ്പെടും. പ്രതാപവും ഭാവിയും മങ്ങിയ ലാലുവിനെ കൈവിട്ട് രണ്ടാംനിര നേതാക്കൾ പുതിയ ലാവണങ്ങൾ തേടും.
ജനതാദൾയു കൂടുതൽ കരുത്താ൪ജിക്കുമെന്നതാണ് ബിഹാ൪ രാഷ്ട്രീയത്തിൽ ഉണ്ടാകാനിരിക്കുന്ന മാറ്റം. ശിക്ഷിക്കപ്പെട്ട ലാലുവുമായി സഖ്യത്തിലേക്ക് നീങ്ങാൻ കോൺഗ്രസ് ഇനി തയാറാവില്ല. കോൺഗ്രസും ജനതാദൾയുവുമായി സഖ്യനീക്കം ശക്തിപ്പെടും. യു.പിയിൽ ജാട്ടുകൾക്കിടയിൽ മുസഫ൪നഗ൪ കലാപത്തിനുശേഷം സ്വാധീനം നേടാൻ ശ്രമിക്കുന്ന ബി.ജെ.പി, ലാലുവിൻെറ ഒഴിവിൽ യാദവ൪ക്കിടയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കും.
നിതീഷ്കുമാ൪ ഏറ്റവും കൂടുതൽ ഭയക്കുന്നത് ലാലുവിനെയായിരുന്നു. ബി.ജെ.പിജനതാദൾ പിള൪പ്പിൻെറ സാഹചര്യത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തുകൂട്ടാമെന്ന പ്രതീക്ഷയിലായിരുന്നു ലാലു. സോഷ്യലിസ്റ്റ്, മതേതര, സാമൂഹികനീതി ആശയങ്ങളിൽ ഉറച്ചുനിന്ന ലാലുവിന് ഇപ്പോഴും കിട്ടുന്ന മുസ്ലിംവോട്ടിൽ നല്ലപങ്ക് ഇനി ജനതാദൾയുവിന് കിട്ടും.
കോൺഗ്രസും ജനതാദൾയുവും കൂടുതൽ അടുക്കുന്നത് ന്യൂനപക്ഷ വോട്ട൪മാ൪ക്കിടയിൽ കൂടുതൽ വിശ്വാസ്യത നൽകുകയും ചെയ്യും. ഇതോടെ ജനതാദൾയുവും ബി.ജെ.പിയും തമ്മിലായിരിക്കും പ്രധാന പോരാട്ടം.
എഴുത്തും വായനയും അറിയാത്ത ഭാര്യയെ അടുക്കളയിൽനിന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ശേഷമാണ് മുമ്പ് ലാലു ജയിലിൽ പോയത്. കരുത്തനായ ലാലുവിൻെറ ആജ്ഞ കേട്ട് റബ്റി ദേവിക്കു പിന്നിൽ രണ്ടാംനിര നേതാക്കൾ അണിനിരന്നു. എന്നാൽ, അളിയന്മാ൪ ഭരിച്ചു മുടിച്ച കഥയാണ് പിന്നീട് ഉണ്ടായത്. ഇന്ന് മകൻ തേജസ്വി പ്രതാപിന് ആ൪.ജെ.ഡിയെ കൊണ്ടുനടക്കാൻ പ്രാപ്തിയായിട്ടില്ല. ലാലുവിൻെറ മകൻ പാ൪ട്ടി നടത്തുമെന്ന വിശ്വാസം മറ്റു നേതാക്കൾക്കില്ല. അവരിൽ ചില൪ വിട്ടുപോയെന്നും വരാം.
കാര്യങ്ങൾ ലാലു എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ബാക്കി കാര്യം. എം.പിയായോ എം.എൽ.എയായോ മത്സരിക്കാൻ കഴിയില്ളെങ്കിലും കേരളത്തിലെ ബാലകൃഷ്ണപിള്ളയെപോലെ, പാ൪ട്ടിയുടെ തലതൊട്ടപ്പനായി തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന് തടസ്സമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.