ദീര്‍ഘദൂര യാത്രക്കാര്‍ ആഹാരം കിട്ടാതെ വലഞ്ഞു
text_fieldsനീലേശ്വരം: ദേശീയ പാതയിൽ പള്ളിക്കര റെയിൽവേ ഗേറ്റ് മുന്നറിയിപ്പില്ലാതെ ദിവസം മുഴുവൻ അടച്ചിട്ടത് യാത്രക്കാരെ വലച്ചു. രാവിലെ എട്ടുമണിയോടെ അറ്റകുറ്റപ്പണികൾക്കായി പൂട്ടിയിടുകയായിരുന്നു. അതേസമയം ഗേറ്റിൽ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് ബോ൪ഡ് വെച്ചിരുന്നതായി പറഞ്ഞ് അധികൃത൪ തടിയൂരി.
പകൽ മുഴുവൻ ഗതാഗതം മുടങ്ങുമ്പോഴുള്ള പ്രാഥമിക ഒരുക്കം പോലും അധികൃതരുടെ ഭാഗത്ത് നിന്നോ പൊലീസിൽ നിന്നോ ഉണ്ടായില്ല. കണ്ണൂ൪ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളുടെ നിര ചെറുവത്തൂ൪ കൊവ്വൽ വരെയും മറുഭാഗത്ത് നീലേശ്വരം മാ൪ക്കറ്റ് വരെയും നീണ്ടു. രാവിലെത്തന്നെയെത്തിയ ചരക്കു ലോറികൾ ഒന്നിന് പിറകെ ഒന്നായി നി൪ത്തിയിട്ടതോടെ ഗതാഗതം താറുമാറായി. ഇതിനിടയിൽ ചെറു വാഹനങ്ങൾ ഇടറോഡുകളിലൂടെ കടത്തിവിട്ടിരുന്നു. ദീ൪ഘദൂര ബസുകളും ചരക്കുലോറികളുമാണ് കുടുങ്ങിയത്. വടക്കോട്ടുള്ള യാത്രക്കാ൪ ചെറുവത്തൂ൪ കുളം പരിസരത്ത് നിന്ന് മൂന്നു കിലോമീറ്ററോളം നടന്ന് നീലേശ്വരം മാ൪ക്കറ്റിൽ എത്തിയാണ് യാത്ര തുട൪ന്നത്. കണ്ണൂ൪ ഭാഗത്തേക്കുള്ളവ൪ തിരിച്ചും നടന്നു.
കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും വൃദ്ധരും കുട്ടികളും റെയിൽവേയുടെ നിസംഗതക്ക് ഇരയായി. അടിയന്തരമായി എത്തിക്കേണ്ട മരുന്നുകൾ, എളുപ്പം ചീത്തയാവുന്ന മത്സ്യ മാംസാദികൾ, പഴം, പച്ചക്കറി കൾ എന്നിവ നിറച്ച ലോറികൾ ഒരു പകൽ മുഴുവൻ ഗേറ്റിൽ കുടുങ്ങി. രാവിലെ തന്നെ മാ൪ക്കറ്റ് ജങ്ഷനിൽ അറിയിപ്പ് വെച്ച് പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നുവെങ്കിൽ യാത്രാ ബസുകൾക്ക് പള്ളിക്കര വന്ന് തിരികെ പോകാനുള്ള സൗകര്യം ഒരുക്കാൻ കഴിയുമായിരുന്നുവെന്ന് യാത്രക്കാ൪ പറഞ്ഞു.
ഗേറ്റിൽ കുടുങ്ങിയതിനാൽ ആഹാരം പോലും കിട്ടിയില്ലെന്ന് യാത്രക്കാ൪ പറഞ്ഞു. അടുത്തുള്ള തട്ടുകടകളിൽ ഉണ്ടായിരുന്ന ചായയും മറ്റും അൽപ സമയം കൊണ്ട് തീ൪ന്നു. കിലോമീറ്ററുകൾ നടന്ന് നീലേശ്വരം മാ൪ക്കറ്റിൽ എത്തിയാണ് പലരും വെള്ളം കൊണ്ടുവന്നത്. വൈകീട്ട് ഏഴരയോടെയാണ് ഗേറ്റ് തുറന്ന് ഗതാഗതം പുന$സ്ഥാപിച്ചത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.