‘കുളമ്പുരോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം’
text_fieldsപാലക്കാട്: സംസ്ഥാനത്ത് കുളമ്പുരോഗം പടരുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃത൪ അറിയിച്ചു. കിഴക്കഞ്ചേരി, മണ്ണാ൪ക്കാട്, മുതുതല, കടമ്പഴിപ്പുറം, അഗളി, നെന്മാറ, മുതലമട, പുതുക്കോട് തുടങ്ങിയ 13 പഞ്ചായത്തുകളിലായി 71 പശുക്കളിൽ രോഗബാധ കണ്ടെത്തി. ഇതുവരെ രോഗംമൂലം പത്തോളം പശുക്കുട്ടികൾ ചത്തു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്ഷീരക൪ഷക൪ കാലികൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്നും കുളമ്പുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓഡിനേറ്റ൪ ഡോ. എസ്. വേണുഗോപാലൻ നായ൪ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുളമ്പുരോഗം കണ്ടുതുടങ്ങി. ശക്തമായ പനി, വായിൽനിന്ന് ഉമിനീ൪ ഒലിക്കുക, കാലുകൾ മുടന്തുക, വായിലും കാലിലും വ്രണങ്ങൾ ഉണ്ടാകുക, തീറ്റയെടുക്കാതിരിക്കുക, തള൪ച്ച, എഴുന്നേറ്റുനിൽക്കാൻ സാധിക്കാതിരിക്കുക എന്നിവയാണ് മാരകമായ ഈ വൈറസ് രോഗത്തിൻെറ പ്രാഥമിക ലക്ഷണങ്ങൾ. വ്രണങ്ങളിൽ പുഴുക്കൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പാലുൽപാദനം കുറയുക, വന്ധ്യത, ആരോഗ്യക്കുറവ്, മെലിച്ചിൽ, സ്ഥിരമായ കിതപ്പ് എന്നിവയും ഉണ്ടാകാം.
രോഗബാധയുള്ള കാലികൾ ആറുമാസത്തോളം ശരീരത്തിൽനിന്ന് വൈറസിനെ പുറന്തള്ളുന്നു. ഇത് രോഗം പകരാനിടയാക്കും. കാറ്റിലൂടെയും രോഗബാധിതരെ ശുശ്രൂഷിക്കുന്ന മനുഷ്യരിലൂടെയും രോഗബാധിതരുമായുള്ള സമ്പ൪ക്കത്തിലൂടെയും ചാണകം, മൂത്രം തുടങ്ങിയവയിലൂടെയും രോഗാണുക്കൾ പടരുന്നു.
വീടുകൾ കയറിയിറങ്ങി തീറ്റ തേടുന്ന ദേശാടന കാളകൾ രോഗവാഹകരാണെന്ന് മൃഗസംരക്ഷണ അധികൃത൪ കണ്ടെത്തിയിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ ക൪ഷക൪ ശ്രദ്ധിക്കണം.
മൃഗസംരക്ഷണവകുപ്പ് പഞ്ചായത്ത് തലങ്ങളിൽ നടത്തുന്ന പ്രതിരോധ കുത്തിവെപ്പിന് എല്ലാ കാലികളെയും വിധേയമാക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
രോഗബാധയുണ്ടായാൽ മൃഗാശുപത്രികളിൽ ലഭിക്കുന്ന സൗജന്യമരുന്നും ചികിത്സയും പ്രയോജനപ്പെടുത്തി സമയബന്ധിത പരിചരണത്തിലൂടെ രോഗം പൂ൪ണമായും ഭേദമാക്കാം. പ്രതിരോധ കുത്തിവെപ്പിനുശേഷവും രോഗബാധയുണ്ടായി മരണം സംഭവിച്ചാൽ മൃഗസംരക്ഷണവകുപ്പ് നിയമാനുസൃത ധനസഹായം നൽകും.
രോഗബാധയുള്ള കാലികളെ മറ്റു കാലികളുടെ സമീപം കൊണ്ടുപോകരുത്. പൊതുസ്ഥലത്ത് മേയാനോ പൊതുകുളങ്ങളിൽ കുളിപ്പിക്കാനോ പാടില്ല. രോഗബാധയുള്ളവയെ ശുശ്രൂഷിക്കുന്നവ൪ മറ്റുള്ളവയെ പരിചരിക്കരുത്. ഇവയുടെ തീറ്റയും വെള്ളവും മറ്റുള്ളവക്ക് നൽകരുത്. തൊഴുത്ത് രോഗാണുവിമുക്തമാക്കാൻ അഞ്ചുശതമാനം വീര്യമുള്ള സോഡാകാരം ലായനി തളിക്കണം. കുളമ്പിലെ മുറിവ് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി മരുന്നുവെക്കണം. മൂന്നുമാസത്തിന് താഴെ പ്രായമുള്ള കിടാരികൾക്ക് പ്രത്യേകം സംരക്ഷണം നൽകണം. ഇവയിലെ രോഗബാധ മരണത്തിനിടയാക്കും. ഇവക്ക് രോഗബാധയുള്ള തള്ളപ്പശുവിൻെറ പാൽ നൽകുകയോ രോഗബാധയുള്ള മൃഗങ്ങളുടെ സമ്പ൪ക്കം ഉണ്ടാവുകയോ ചെയ്യരുത്. രോഗബാധയുള്ള പശുക്കളുടെ കിടാങ്ങൾക്ക് പാൽ കറന്നെടുത്ത് നന്നായി തിളപ്പിച്ചാറിയ ശേഷം കുപ്പിയിലാക്കി നൽകണം.
അന്യസംസ്ഥാനങ്ങളിൽനിന്ന് ദിവസേന ആയിരക്കണക്കിന് കുളമ്പുരോഗബാധയുള്ള കന്നുകൾ ചന്തകളിലെത്തുന്നു. വാണിയംകുളം, കുഴൽമന്ദം ചന്തകളിൽനിന്ന് രോഗം പകരാതിരിക്കാൻ ക൪ഷക൪ ജാഗ്രത പാലിക്കണമെന്നും ഡോ. എസ്. വേണുഗോപാലൻ നായ൪ നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.