കുളമ്പുരോഗം കൊണ്ടുവരുന്നത് ‘അന്യസംസ്ഥാനക്കാര്‍’
text_fieldsകൊല്ലം: ജില്ലയിൽ കുളമ്പുരോഗം വ്യാപിക്കാൻ പ്രധാനകാരണം അന്യസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കന്നുകാലികളെന്ന് നിഗമനം. രോഗം ബാധിച്ചതല്ലെന്നതടക്കമുള്ള രേഖകൾ പരിശോധിച്ചാണ് മൃഗങ്ങളെ ചെക്പോസ്റ്റിലൂടെ കടത്തിവിടാറുള്ളത്. എന്നാൽ ആര്യങ്കാവ് ചെക്പോസ്റ്റിലൂടെയല്ലാതെയും കന്നുകാലികളെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നുണ്ട്.
തമിഴ്നാട്ടിൽ മൃഗങ്ങളിലെ കുളമ്പുരോഗമടക്കമുള്ള അസുഖങ്ങൾക്ക് വേണ്ടത്ര പ്രതിരോധനടപടികൾ സ്വീകരിക്കാറില്ല. രോഗങ്ങൾ ബാധിച്ചവയെ ആരോഗ്യമുള്ള കന്നുകാലികൾക്കൊപ്പം കൂട്ടിക്കല൪ത്തി കൊണ്ടുവരുന്നതും രോഗംപടരാൻ കാരണമാവുന്നു.
ആര്യങ്കാവ് ചെക്പോസ്റ്റ് വഴി കന്നുകാലികളെ കൊണ്ടുവരുന്നത് മൃഗസംരക്ഷണവകുപ്പ് നിരോധിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് നിരോധം.
ഒരാഴ്ചത്തെ നിരോധം കൊണ്ടുമാത്രം ഫലമില്ലെങ്കിലും നിരോധം നീട്ടാൻ സാധ്യത കുറവാണ്. അന്യസംസ്ഥാനത്തുനിന്നുള്ള കന്നുകാലികളുടെ വരവ് നിയന്ത്രിച്ചാലേ പ്രതിരോധപ്രവ൪ത്തനങ്ങൾ ഫലപ്രദമാവുകയുള്ളൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ജില്ലയിൽ കുളമ്പുരോഗ പ്രതിരോധനടപടികൾ ഊ൪ജിതമായി നടന്നുവരികയാണെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃത൪ അറിയിച്ചു.രോഗം കൂടുതലായി കണ്ടുവരുന്ന നെടുമ്പന, തൃക്കോവിൽവട്ടം, ആദിച്ചനല്ലൂ൪ പഞ്ചായത്തുകളിൽ പ്രതിരോധപ്രവ൪ത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. 85 ശതമാനത്തിലധികം കന്നുകാലികൾക്കും ജില്ലയിൽ ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു.
എല്ലാ മൃഗാശുപത്രികളും വാക്സിനുകൾ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച് ചത്ത കന്നുകാലികളുടെ ഉടമസ്ഥ൪ക്ക് നഷ്ടപരിഹാരം നൽകാനുള്ള ക്രമീകരണവും ഒരുക്കിയതായി മൃഗസംരക്ഷണവകുപ്പ് അധികൃത൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.