ശഫ് ന വധക്കേസ് പ്രതി അഫ്സലിനെ നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsകുവൈത്ത് സിറ്റി: കോളിളക്കം സൃഷ്ടിച്ച തലശ്ശേരി ശഫ്ന വധക്കേസ് പ്രതി അഫ്സലിനെ കേരള പൊലീസ് നാട്ടിലേക്ക് കൊണ്ടുപോയി. കണ്ണൂ൪ ക്രൈം ഡിറ്റാച്ച്മെൻറ് ഡിവൈ.എസ്.പി ലോറൻസ്, തലശ്ശേരി സി.ഐ വി.കെ. വിശ്വംഭരൻ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ടത്തെ എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അഫ്സലിനെ കൊണ്ടുപോയത്. ഇയാളോടൊപ്പം മറ്റൊരു കേസിൽ ഇൻറ൪പോൾ അറസ്റ്റ് വാറൻറുള്ള ഹൈദരാബാദുകാരനെയും കൊണ്ടുപോയിട്ടുണ്ട്.
ഇൻറ൪പോൾ അറസ്റ്റ് വാറൻറുള്ള അഫ്സൽ മൂന്നാഴ്ചക്ക് മുമ്പാണ് കുവൈത്ത് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാ൪ട്ടുമെൻറിൻെറ പിടിയിലായത്. ശഫ്ന വധക്കേസ് വിചാരണക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ വ്യാജ പാസ്പോ൪ട്ടിൽ കുവൈത്തിലേക്ക് കടക്കുകയായിരുന്നു. അഫ്സൽ വ്യാജ പാസ്പോ൪ട്ടിലാണ് കുവൈത്തിലെത്തിയതെന്നും ഇൻറ൪പോൾ തേടുന്ന പ്രതിയാണെന്നും അറിഞ്ഞ സ്പോൺസ൪ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്. ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പ്രതിയെ തേടി കേരള പൊലീസ് കുവൈത്തിലെത്തിയ വിവരം കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
തലശ്ശേരി ചിറക്കര കെ.ടി.പി മുക്ക് പുല്ലമ്പിൽ റോഡ് ‘ശഫ്നാസി’ൽ പി.കെ. സമ്മൂട്ടിയുടെയും ജമീലയുടെയും മകളായ ശഫ്നയെ (18) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തലശ്ശേരി ചിറക്കര മോറക്കുന്ന് ‘തൗഫീഖ് മൻസിലി’ൽ അഫ്സൽ (32). 2004 ജനുവരി 13നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രേമാഭ്യ൪ഥന നിരസിച്ചതിന് തലശ്ശേരി ക്രൈസ്റ്റ് കോളജിലെ ഒന്നാം വ൪ഷ ബിരുദ വിദ്യാ൪ഥിനിയായ ശഫ്നയെ വീട്ടുമുറ്റത്ത് മാതാവിൻെറ കൺമുന്നിൽ വെച്ച് കൊടുവാൾ കൊണ്ട് തുരുതുരാ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുട൪ന്ന് ഒളിവിൽ പോയ പ്രതിയെ പിറ്റേന്ന് തന്നെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിൻെറ വിചാരണക്കിടെ തലശ്ശേരി കോടതിയിൽനിന്ന് ജാമ്യം നേടിയ അഫ്സൽ 2005 ജൂലൈ അഞ്ചിന് ബംഗളൂരു പാസ്പോ൪ട്ട് ഓഫീസിൽനിന്ന് താജ് പാഷ ഖാൻ എന്ന പേരിൽ നേടിയ എഫ് 3901333 നമ്പ൪ വ്യാജ പാസ്പോ൪ട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കുകയായിരുന്നു. ജാമ്യം നൽകുമ്പോൾ അഫ്സലിൻെറ യഥാ൪ഥ പാസ്പോ൪ട്ട് തലശ്ശേരി കോടതിയിൽ സമ൪പ്പിച്ചിരുന്നതിനെ തുട൪ന്നായിരുന്നു വ്യാജ പാസ്പോ൪ട്ട് ചമക്കൽ. അഫ്സലിൻെറ സഹോദരിയും ഭ൪ത്താവും കുവൈത്തിലുണ്ട്. ഇവരുടെ സഹായത്തോടെ ജലീബ് അൽ ശുയൂഖിലെ ഇൻറ൪നെറ്റ് കഫേയിലായിരുന്നു വ്യാജ പാസ്പോ൪ട്ടിലെത്തിയ അഫ്സൽ മൂന്ന് വ൪ഷം മുമ്പുവരെ ജോലി ചെയ്തിരുന്നത്.
ഇതുസംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ വാ൪ത്ത പ്രസിദ്ധീകരിച്ചതിനെ തുട൪ന്ന് അവിടെ നിന്ന് മുങ്ങിയ ഇയാൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അഫ്സലിനെ പിടികൂടുന്നതിന് കഴിഞ്ഞ എട്ടു വ൪ഷമായി ശഫ്നയുടെ പിതാവ് സമ്മൂട്ടി നിരന്തര ശ്രമം നടത്തുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയതിനെ തുട൪ന്ന് കേസ് ഇൻറ൪പോളിന് കൈമാറിയതാണ് അഫ്സലിനെ പിടികൂടുന്നതിന് സഹായകരമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.