ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ഡിസംബറില്‍
text_fieldsമനാമ: ലോക ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ഡിസംബ൪ മൂന്ന് മുതൽ മൂന്ന് ദിവസം ബഹ്റൈനിൽ നടക്കും. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ രക്ഷാധികാരത്തിൽ ബഹ്റൈൻ സെൻട്രൽ ബാങ്കിൻെറ സഹകരണത്തോടെ നടക്കുന്ന 20ാമത് സമ്മേളനത്തിൽ 50 രാജ്യങ്ങളിൽനിന്ന് 1300ഓളം വ്യവസായ പ്രമുഖ൪ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ പരിണാമവും വികാസവും ച൪ച്ച ച്ചെയ്യാൻ പ്രശസ്ത സാമ്പത്തിക വിദഗ്ധരും ചിന്തകരും ഉൾപ്പെടെ 100ഓളം പ്രഭാഷകരാണ് എത്തുക.
രണ്ട് പതിറ്റാണ്ടായി തുട൪ന്നു വരുന്ന അന്താരാഷ്ട്ര ഇസ്ലാമിക് ബാങ്കിങ് സമ്മേളനം ലോകത്താകെ സ്വാധീനം ചെലുത്താൻ പര്യാപ്തമാണെന്ന് കഴിഞ്ഞ കാലങ്ങളിൽ തെളിയിക്കപ്പെട്ടതാണെന്ന് ഡബ്ള്യു.ഐ.ബി.സി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് മക്ലീൻ പറഞ്ഞു. ’94ൽ സമ്മേളനം നടത്തുമ്പോൾ 120 പ്രതിനിധികളാണ് പങ്കെടുത്തതെങ്കിൽ 2013ൽ അത് 1300 കവിഞ്ഞിരിക്കയാണ്. ഇത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ വികാസമാണ് പ്രകടമാക്കുന്നത്.
എല്ലാ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും അതിജയിക്കാൻ ഇസ്ലാമിക് ബാങ്കിങ് മേഖലക്ക് കഴിഞ്ഞെന്നതുതന്നെയാണ് ഇതിനെ കൂടുതൽ സ്വീകാര്യമാക്കിയിരിക്കുന്നത്. ഇത്തവണ കാനഡ, തു൪ക്കി, അസ൪ബൈജാൻ, ലക്സംബ൪ഗ്, യു.കെ തുടങ്ങിയ രാജ്യങ്ങളും പ്രതിനിധികളെ അയക്കുന്നുണ്ട്. ‘മത്സരാധിഷ്ഠത ലോകത്ത് വ്യവസായ രൂപാന്തരീകരണം’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ഇസ്ലാമിക ബാങ്കിങ്ങിൻെറ എല്ലാ സാധ്യതകളും വശങ്ങളും ച൪ച്ചയിൽ വിഷയീഭവിക്കും.
സമ്മേളനത്തിൻെറ മുന്നോടിയായി ഇൻറ൪നാഷനൽ ഇസ്ലാമിക് ഫിനാൻഷ്യൽ മാ൪ക്കറ്റ് (ഐ.ഐ.എഫ്.എം) ഇസ്ലാമിക് കാപിറ്റൽ, മണി മാ൪ക്കറ്റ് എന്നീ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. മിനാ മേഖലയിൽ ഇസ്ലാമിക് ബാങ്കിങ് വൻ മുന്നേറ്റമാണ് കഴിഞ്ഞ കുറച്ചു വ൪ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.ഐ.എഫ്.എം സി.ഇ.ഒ ഇജ്ലാൽ അഹ്മദ് അൽവി പറഞ്ഞു. ബദൽ സാമ്പത്തിക സംവിധാനമായി ഇസ്ലാമിക് ഫിനാൻഷ്യൽ സ൪വീസ് ഇൻഡസ്ട്രി മാറിക്കഴിഞ്ഞു. ഇതിനനുസരിച്ച് പ്രൊഡക്ടുകൾ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബ൪ നാലിന് നടക്കുന്ന മുഖ്യ സമ്മേളനം സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഗവ൪ണ൪ റഷീദ് മുഹമ്മദ് അൽമറാജ് ഉദ്ഘാടനം ചെയ്യും. ഇൻറ൪നാഷനൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക് ബോ൪ഡ് ചെയ൪മാൻ സഈദ് അബ്ദുൽ ജലീൽ അൽ ഫാഹിം മുഖ്യ പ്രഭാഷണം നടത്തും.
ലോക സാമ്പത്തിക മേഖലയിലെ പ്രമുഖ ചിന്തക൪ വിഷയം അവതരിപ്പിക്കും. വാ൪ത്താ സമ്മേളനത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ എക്സി. ഡയറക്ട൪ ഖാലിദ് ഹമദ് അബ്ദുൽറഹ്മാൻ ഹമദ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഓ൪ഗനൈസേഷൻ ഫോ൪ ഇസ്ലാമിക് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒ ഡോ. ഖാലിദ് അൽ ഫകീഹ്, ഇസ്ലാമിക് ബാങ്കിങ് എക്സലൻസ് സെൻറ൪ മേധാവി അഷ൪ നാസിം, ഇ.ഡി.ബി ചീഫ് ഇക്കണോമിസ്റ്റ് ഡോ. ജാ൪മോ കോട്ടിലൈൻ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.