പാട്ട് പെട്ടിയിലാക്കി ഷാഫി
text_fieldsഹവാമേ ഉഠ്ത്താ ജായേ , തേരേ ലാൽ ദുപ്പട്ടാ മൽ മൽ കാ.....തേരേ ലാൽ ദുപ്പട്ടാ മൽ മൽ കാ....
അജ് വയുടെ പൂമുഖത്തേക്ക് ഒഴുകി വന്ന ഈ ഗാനം 1949 ൽ പുറത്തിറങ്ങിയ ‘ബ൪സാത്ത്’ എന്ന സിനിമയിലേതായിരുന്നു.പാട്ടിന്‍്റെ ഉറവിടം പാതി തുറന്നുവെച്ച ലാപ്ടോപ്പ് ആകുമെന്നു കരുതിയെങ്കിൽ തെറ്റി. ഹാളിന്‍്റെ ഒരു മൂലയിൽ അലമാരയുടെ വലുപ്പമുള്ള ഒരു ഗ്രാമഫോൺ, അതിലെ കുഞ്ഞു സൂചിമുനക്കു കീഴിൽ പതിയെ തിരിയുന്ന കറുത്ത റിക്കാ൪ഡ്. ഇത് കല്ലായി കരിമഠത്ത് മുഹമ്മദ് ഷാഫിയെന്ന വ്യത്യസ്തനായ ഒരു മെക്കാനിക്കിന്‍്റെ വീടിന്‍്റെ അകത്തളമാണ്. ചുമരിൽ മരത്തിൽ തീ൪ത്ത , മുകളിൽ ഒറ്റകൊമ്പൻ കുതിര കുതിക്കുന്ന ഘടികാരം, ടി.വി സെറ്റിനു മുകളിലെ ചിത്രത്തിൽ മാത്രം കണ്ടു പരിചയമുള്ള വാൽവ് റേഡിയോ, പഴയ കാലത്തിന്‍്റെ തിരുശേഷിപ്പുകൾക്ക് പല നിറം പക൪ന്നു കത്തുന്ന വൈദ്യുത വിളക്ക്.... അങ്ങനെ ഓ൪മ്മകളുടെ ഈണം മുഴങ്ങുന്ന അജ്വയിലെ ഗൃഹനാഥനിലേക്ക് ഇറങ്ങി ചെന്നപ്പോൾ കൗതുകങ്ങൾ ഏറെ.
സാമൂതിരിയുടെ നാട്ടിൽ പഴമയുടെ സംഗീതപ്പെരുമ സൂക്ഷിക്കുന്ന ദൗത്യമാണ് മുഹമ്മദ് ഷാഫിയുടേത്. 1870 കളിൽ ഗ്രാമഫോൺ നി൪മ്മിച്ചു തുടങ്ങിയ കാലം മുതൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങിയ പല മോഡൽ ഗ്രാമഫോണുകളും ഷാഫിയുടെ അപൂ൪വ്വ ശേഖരത്തിലുണ്ട്. ബാല്യകാലം മുതൽ പാട്ടിനെ നെഞ്ചിലേറ്റിയ ഒരു ആസ്വാദകന്‍്റെ വിനോദമായിരുന്നു പല നാടുകളിൽ നിന്നായി അവ ശേഖരിച്ചുവെക്കൽ. ഗ്രാമഫോണുകൾ കണ്ടുപിടിക്കുന്നതിന് മുമ്പ് ഇംഗ്ളണ്ടിൽ സംഗീതമാസ്വദിക്കാനായി തീ൪ത്ത സിംഫോണിയം എന്ന ഉപകരണവും ഏകദേശം 80 വ൪ഷങ്ങൾക്കു മുമ്പ് സ്വിസ് ആ൪മിക്കുവേണ്ടി നി൪മ്മിച്ച മിക്കിഫോണും ഷാഫി നിധി പോലെ സൂക്ഷിക്കുന്നു. നൂറ്റിമുപ്പതു വ൪ഷത്തോളം പഴക്കമുള്ള സിംഫോണിയത്തിൽ ഉപയോഗിക്കുന്ന തകിടിൽ തീ൪ത്ത റെക്കോഡ് ഇന്നും ഈണം തെറ്റാതെ പാടുന്നു. ബോംബെയിലെ ചോ൪ ബസാറിലെ പഴയ മാ൪ക്കറ്റിൽ പാതി ചിതലരിച്ച് കിടന്നിരുന്ന സിംഫോണിയം സ്വന്തമായി റിപ്പയ൪ ചെയ്ത് പുതിയ മരചട്ടയിലാക്കി എടുത്ത് പാടിച്ചപ്പോൾ ലഭിച്ച ആനന്ദത്തെ കുറിച്ച് വ൪ണിക്കാൻ അദ്ദേഹത്തിനാവുന്നുണ്ടായിരുന്നില്ല. മംഗലാപുരത്തെ മ്യൂസിയത്തിനുപോലും നൽകാതെ കാത്തു സൂക്ഷിച്ച സിംഫോണിയത്തിനു പുറമേ തുകൽ ഉപയോഗിച്ചു നി൪മ്മിച്ച ചെറിയ ജിപ്സി ഫോൺ, സ്യൂട്ട് കേസുപോലെ അടച്ചുവെക്കാവുന്ന ഡെക്കാഫോൺ, പെൻസിൽ ബോക്സിന്‍്റെ വലുപ്പമുള്ള ഗ്രാമഫോൺ , റേഡിയോ ഗ്രാമഫോൺ എന്നിങ്ങനെ ചിത്രങ്ങളിൽ പോലും നമ്മൾ കണ്ടിട്ടില്ലാത്ത പലതരം പാട്ടുപെട്ടികൾ.
ഗ്രാമഫോണുകൾ, റിക്കാ൪ഡ് പ്ളയറുകൾ, വാൽവ് റേഡിയോകൾ എന്നിങ്ങനെ പുത്തൻ സാങ്കേതികതയാൽ കാലഹരണപ്പെട്ടവയെല്ലാം കേടുപാടുകൾ തീ൪ക്കാനറിയുന്ന വിരലിലെണ്ണാവുന്നവരിൽ ഒരാൾ ഷാഫിയാണ്. കോഴിക്കോട് പാളയത്തെ കോട്ടപ്പുറത്തുള്ള ‘ഗ്രാമഫോൺ വേൾഡി’ൽ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുള്ള ഗ്രാമഫോണുകളും വാൽവ് റേഡിയോകളും റിക്കാ൪ഡ് പ്ളയറുകളും കേടുപാടുകൾ തീ൪ക്കുന്നതിനായി എത്താറുണ്ട്. പുരാതന വസ്തുക്കൾ ശേഖരിക്കുന്നതിനോടൊപ്പം ഇവയുടെ വിവിധ ഭാഗങ്ങൾ കൂടി സമാഹരിച്ചത് കയ്യിലത്തെുന്ന ഏതു ഉപകരണത്തിന്‍്റെയും കേടു തീ൪ക്കുന്നതിന് അദ്ദേഹത്തെ സഹായിക്കുന്നു. ലോകത്തിലെവിടെയും ഇത്തരത്തിലുള്ള ഉപകരണങ്ങളോ ഭാഗങ്ങളോ നിലവിൽ നി൪മ്മിക്കാത്തതുകൊണ്ട് പഴയ മാ൪ക്കറ്റുകളിൽ നിന്ന് ശേഖരിച്ചവയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. എന്നാൽ തന്‍്റെ കയ്യിലത്തെുന്ന എന്തും 20 വ൪ഷത്തോളം റിപ്പയ൪ ചെയ്യാനുള്ള ഭാഗങ്ങൾ തന്‍്റെ കയ്യിലുണ്ടെന്ന് ഷാഫി അവകാശപ്പെടുന്നു. ‘‘മൂന്നുമാസത്തെ കാലാവധിയാണ് ചോദിക്കാറുള്ളളത്. നമ്മുടെ കയ്യിൽ കിട്ടുന്ന ഉപകരണം നി൪മ്മിച്ച കമ്പനിയോ, ഉണ്ടാക്കിയ ആളോ, അതിന്‍്റെ കേടുപാടുകളെ കുറിച്ച് ചോദിക്കാൻ പറ്റുന്നവരോ ആരും ഇല്ല. ഇപ്പോൾ എന്തിനും ആശ്രയിക്കുന്ന ഇന്‍്റ൪നെറ്റിൽ നിന്നു പോലും ഇതിന്‍്റെയൊന്നും ആധികാരിക വിവരങ്ങൾ കിട്ടില്ല. പിന്നെ ഇത് ജോലിയെന്നതിലുപരി എന്‍്റെ വിനോദമായതിനാൽ ഒരോന്നും സൂക്ഷമായി പരിശോധിച്ച് അതിന്‍്റെ കേടുകണ്ടുപിടിക്കും. പലരും അവരുടെ ഓ൪മ്മകളെ പോലെ കാത്തു സൂക്ഷിക്കുന്ന റിക്കാ൪ഡ് പ്ളയറുകളോ, ഗ്രാമഫോണുകളോ നേരയാക്കി കൊടുത്താൽ കിട്ടുന്ന കൂലിയേക്കാൾ എത്രയോ വലുതാണ് അവ൪ പങ്കിടുന്ന ആഹ്ളാദം’’.
കണ്ണൂരിൽ നിന്നു ഗ്രാമഫോണുമായി ഷാഫിയെ തേടിയത്തെിയ അറുപതുകാരിയെ അദ്ദേഹം ഓ൪ക്കുന്നു. ഗ്രാമഫോൺ നന്നാക്കി റിക്കാ൪ഡ് പാടിപ്പിച്ചപ്പോൾ അവ൪ ചിരിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു പക്ഷേ എന്‍്റെ എളിയ ജോലികൊണ്ട് അവ൪ക്ക് അത്രയും ആഹ്ളാദം പകരാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി...അങ്ങനെ ബോംബെയിലും കൊൽകത്തയിലും ചെന്നൈയിലും തന്നെ കാത്തിരിക്കുന്നവ൪ ഏറെ. മാസത്തിൽ പകുതി ദിവസവും യാത്രയിലാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ പോയി ഗ്രാമഫോണുകളും , റിക്കാ൪ഡ് പ്ളയറുകളുമെല്ലാം നന്നാക്കുന്നു.
ബോംബെയിലെ ചോ൪ബസാറിലെ സലിം കാക്കയും ഗ്രാമഫോണുകളും റിക്കാ൪ഡ് പ്ളയറുകളും നേരെയാക്കുന്നു. എന്നാൽ അപൂ൪വ്വമായി മാ൪ക്കറ്റിലത്തെുന്നതെന്തും അദ്ദേഹം തന്‍്റെ സ്നേഹിതന് സമ്മാനിക്കുന്നു. ഒരേ സമയം ഏഴു റിക്കാ൪ഡുകൾ ഇട്ടു പാടിപ്പിക്കാവുന്ന റിക്കാ൪ഡ് ചെയ്ഞ്ച൪, ശബ്ദം റെക്കോഡ് ചെയ്യാവുന്ന സ്പൂൾ, പെഡൽ ചവിട്ടി രണ്ടു കൈകൾകൊണ്ടും വായിക്കാവുന്ന ഹാ൪മോണിയം, പഴയ കാല പ്രൊജക്ട൪, അലാവുദ്ദീൻ വിളക്ക് അങ്ങനെ ഷാഫിയുടെ അപൂ൪വ്വസമ്പത്തിന്‍്റെ പട്ടിക നീണ്ടുപോകുന്നു. ‘സാൾട്ട് ആന്‍്റ് പെപ്പ൪’ എന്ന സിനിമയിൽ ലാൽ അക്ഷീണ പരിശ്രമത്തോടെ പ്രവ൪ത്തിക്കുന്ന ഫാൻ തന്‍്റെ കൈകളിൽ നിന്നു പോയതാണെന്ന് ഷാഫി ചെറിയ വേദനയോടെ ഓ൪ക്കുന്നു. 200 മില്ലി ലിറ്റ൪ മണ്ണെണ്ണ ഉപയോഗിച്ചാൽ ഒരു ദിവസം കറങ്ങാൻ കഴിയുന്ന ഇരുന്നൂറു വ൪ഷത്തോളം പഴക്കമുള്ളതായിരുന്നു ആ ഫാൻ.
ഇന്ത്യ മുഴുവൻ ഓടി നടന്ന് ഏതു ഗ്രാമഫോണും കേടുപാടു തീ൪ത്തുകൊടുക്കുമെങ്കിലും ലാഭം മാത്രം കണക്കിലെടുത്ത് ജോലി ചെയ്യാൻ ഷാഫിക്കാവില്ല. ‘‘ഇന്നത്തെ കാലത്ത് പഴയകാല ഉപകരണ സൂക്ഷിക്കുന്ന സ്വഭാവം പല൪ക്കുമുണ്ട്. ഈ സാധ്യത മുതലെടുത്ത് പഴയ സാധനങ്ങൾ വാങ്ങി മികച്ച മാ൪ക്കറ്റ് കണ്ടത്തെുന്നവരുമുണ്ട്. അങ്ങനെയുള്ളവ൪ കേടുപാടുള്ള സാധനങ്ങളുമായി വന്നാൽ ഞാൻ ബുദ്ധിമുട്ടാറില്ല. കാരണം അത് അവ൪ക്ക് നല്ല വിലക്ക് വിറ്റ് കാശാക്കാനാണ്. ഞാൻ ഇത് ചെയ്യുന്നത് സേവനമായിട്ടല്ല. എങ്കിലും എന്‍്റെ വിനോദത്തിന്‍്റെയും മറ്റുള്ളവരുടെ സന്തോഷത്തിന്‍്റെയും ഭാഗമാകാൻ വേണ്ടിയാണ് ഇത് തൊഴിലായി സ്വീകരിച്ചത്. കല്ലായിയിലെ പഴയ പുഷ്പ തിയറ്ററിനടുത്ത് ഇൻസറ്റിറ്റ്യൂട്ട് നടത്തിയിരുന്ന കുഞ്ഞിക്കൽ പുരുഷോത്തമനിൽ നിന്നാണ് റേഡിയോ മെക്കാനിസം പഠിച്ചത്. ഇന്ന് ലോകത്തിലിറങ്ങിയ ഏതു ഗ്രാമഫോണും നേരയാക്കും’’ ഷാഫി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ഗ്രാമഫോണുകളുടെ ഇത്രയും വൈവിധ്യങ്ങൾ സൂക്ഷിക്കുന്ന ഷാഫിയുടെ കയ്യിൽ 4000 ത്തോളം റിക്കാ൪ഡുകളുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹ൪ലാൽ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നത്, ആദ്യ പാ൪ലമെന്‍്റ് പ്രസംഗത്തിന്‍്റെ പേപ്പ൪ റിക്കാ൪ഡ് , ഗാന്ധിജി ഇന്ത്യയിലും പുറത്തുമായി നടത്തിയ പ്രസംഗഭാഗങ്ങൾ, ഇന്ദിരാഗാന്ധി വെടിയേറ്റു മരിക്കുന്നതിനു മുമ്പ് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം, വന്ദേമാതരത്തിന്‍്റെ ആദ്യകാല എഡിഷൻ, നേതാജി സുഭാഷ് ചന്ദ്രബോസിന്‍്റെ പ്രസംഗം, ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്‍്റെ, മഹാകവി ടാഗോറിന്‍്റെ അങ്ങനെ മഹാരഥൻമാരുടെ ശബ്ദങ്ങൾ ഗ്രാമഫോൺ വേൾഡിന്‍്റെ ഷെൽഫുകളിൽ ഭദ്രം. സംഗീതാസ്വാദക൪ എന്തു വില നൽകിയും റിക്കാ൪ഡുകൾ വാങ്ങാൻ തയ്യാറാണ്. എന്നാൽ മോഹവില നൽകിയാലും മൂന്നോ നാലോ റിക്കാ൪ഡുകളിൽ കൂടുതലായി വിൽക്കാൻ ഷാഫി തയ്യാറല്ല.
‘‘റിക്കാ൪ഡുകളിൽ നിന്നു കിട്ടുന്നത്ര വ്യക്തത ഇപ്പോഴത്തെ ഒരു ഡിവൈസിൽ നിന്നും ലഭിക്കില്ല. സംഗീതത്തോട് പണ്ടേ പ്രിയമുള്ള ഞാൻ ഇന്നും റിക്കാ൪ഡുകളിട്ടാണ് പാട്ടു കേൾക്കുന്നത്. ബിസ്മില്ലാ ഖാൻ, ഗുലാം അലി, അംജദ് അലിഖാൻ, സൈഗാൾ,മുഹമ്മദ് റാഫി, മുകേഷ്, എന്നിവരുടെ ക്ളാസിക്കുകളും ഹിന്ദി സിനിമാ ഗാനങ്ങളുടെ ആയിരത്തിലധികം റിക്കാ൪ഡുകളും കയ്യിലുണ്ട്. പഴയകാല മലയാള സിനിമാ ഗാനങ്ങളുടെയും റിക്കാ൪ഡുകൾ ഒരുപാടുണ്ട്. സിനിമാഗാനങ്ങളിൽ കൂടുതലിഷ്ടം പഴയ ഹിന്ദി മെലഡികളാണ്. മെഹ്ദി ഹസൻ, ജഗജിത് സിങ്, പങ്കജ് ഉദാസ്, എന്നിവരുടെ ഗസലുകളും നുസ്റത്ത് ഫതഹ് അലി ഖാന്‍്റെ ഖവാലികളും ഏറെ ഇഷ്ടം. ഇതിന്‍്റെയെല്ലാം റിക്കാ൪ഡുകൾ സ്നേഹിതൻമാ൪ ചോദിച്ചാൽ പോലും നൽകാറില്ല. തിരിച്ചു തന്നില്ളെങ്കിലോ എന്നു കരുതിയാണ്’’ തികഞ്ഞൊരു സംഗീത പ്രേമിയുടെ ചേതോവികാരം.
ഒരു പാഴ്സൽ കമ്പനിയുടെ ബ്രാഞ്ച് മനേജ൪ എന്നതിൽ നിന്നും ഷാഫിയെ ഗ്രാമഫോണുകളുടെ കൂട്ടുകാരനാക്കി മാറ്റിയതിൽ ഭാര്യ ഷക്കീലക്കും പങ്കുണ്ട്. വീട്ടിലത്തെുന്നോ ഒരോ ഉപകരണവും പുസ്തകത്താളിലെ മയിൽപ്പീലി പോലെ നോക്കാൻ മക്കളായ നഫീലും നഫ്രിജയുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.