Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഓം, ഹരിശ്രീ

ഓം, ഹരിശ്രീ

text_fields
bookmark_border
ഓം, ഹരിശ്രീ
cancel

വിജയദശമി ഭാരതീയരുടെ പൊതുവായ ഉത്സവം എന്ന് പറയാവുന്ന ഒരു വിശേഷമാണ്. എന്നാൽ, ഭാരതത്തിൽ എല്ലായിടത്തും കഥ ഒന്നല്ല. ആഘോഷസമ്പ്രദായങ്ങളും വ്യത്യസ്തം തന്നെ.
കന്നിമാസത്തിലെ ശുക്ളപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെ രാത്രികാലങ്ങളിൽ ആഘോഷിക്കുന്നതിനാൽ നവരാത്രി എന്ന് നാം അറിയുന്നതിനെ ചില൪ ദസറ എന്ന് വിളിക്കുന്നത് ദശമിയിലും ചടങ്ങുകൾ ഉള്ളതുകൊണ്ടാണ്. ചിലയിടങ്ങളിൽ ദു൪ഗ പൂജ എന്ന് പറയും. ദു൪ഗ ഭാരതീയസങ്കൽപത്തിൽ ഈശ്വരിയാണ്. ഭക്തന്മാരുടെ അപേക്ഷ അനുസരിച്ച് അഭീഷ്ടഭാവത്തിൽ പ്രത്യക്ഷപ്പെടുന്നു ദു൪ഗ. പരമശിവൻെറ ഭാര്യയായ പാ൪വതി ദു൪ഗയുടെ ഒരു മൂ൪ത്തിയാണ്. കന്യ, കാമാക്ഷി, മൂകാംബി എന്ന രൂപങ്ങൾ സൗമ്യഭാവം ദ്യോതിപ്പിക്കുന്നു. ആന്ധ്രയിലെ ജോകലാംബിക ക്ഷേത്രങ്ങളും ക൪ണാടകത്തിലെ കൊല്ലാപുരം ലക്ഷ്മീക്ഷേത്രങ്ങളും ദു൪ഗാക്ഷേത്രങ്ങളാണ്. തമിഴ്നാട്ടിലെ കണ്ണകി, മാരിയമ്മൻ, ദ്രൗപദിയമ്മൻ, കാളിയമ്മൻ എന്നീ ഭാവങ്ങളും നമ്മുടെ നാട്ടിലെ ഭഗവതിയും സൂചിപ്പിക്കുന്നതും ഇതേ ഈശ്വരിയെ തന്നെ. വലിയങ്ങാടി ഭഗവതി ലക്ഷ്മീദേവിയാണ്. ആറ്റുകാൽദേവി ഭദ്രകാളിയാണ് എന്നാണ് ഒൗദ്യോഗികഭാഷ്യം. പ്രശസ്തപണ്ഡിതനും ആട്ടക്കഥാകൃത്തും വാഗ്ഗേയകാരനും സാഹിത്യകാരനും മുൻ ചീഫ് സെക്രട്ടറിയുമായ ആ൪. രാമചന്ദ്രൻനായ൪ ‘അംബാപ്രണാമം’ എന്ന സ്തോത്രാവലിയിൽ രേഖപ്പെടുത്തിയിട്ടുള്ളത് മറ്റൊരഭിപ്രായമാണ്. കേരളത്തിന് പുറത്ത് ദു൪ഗയും കാളിയും ഒന്ന് തന്നെ. കേരളത്തിൽ രണ്ടും രണ്ടാണ് എന്നതാവാം ഈ അഭിപ്രായഭിന്നതക്ക് കാരണം.
ഏതായാലും ദേവീപൂജ നാലായിരം വ൪ഷം പഴക്കമുള്ള പാരമ്പര്യമാണ്. ക്രിസ്തുവിനെ നേരിൽ കണ്ട ശ്രീരാമകൃഷ്ണപരമഹംസൻ ക്രിസ്തുവിനെ പൂജിച്ചിരുന്നു എന്ന് നമുക്കറിയാം. അദ്ദേഹം വലിയ ദു൪ഗാഭക്തനും ആയിരുന്നു. ദക്ഷിണേന്ത്യയിൽ ആധുനികകാലത്തെ ഏറ്റവും പ്രശസ്തനായ ദു൪ഗാഭക്തനായി പരിഗണിക്കപ്പെടുന്നത് സുബ്രഹ്മണ്യഭാരതിയാണ്. മഹാഭാരതത്തിൽ വിരാടപ൪വത്തിലും ഭീഷ്മപ൪വത്തിലും നാം ദു൪ഗയെ കാണുന്നുണ്ട്.
ദക്ഷിണേന്ത്യയിൽ ദു൪ഗാദേവി മഹിഷാസുരനെ വധിച്ചതിൻെറ സ്മരണയാണ് വിജയദശമി. ദു൪ഗയുടെ രൂപാന്തരമാണ് സരസ്വതി. ദു൪ഗ വിദ്യയുടെ പ്രതീകവും മഹിഷാസുരൻ അജ്ഞാനാന്ധകാരത്തിൻെറ സൂചകവും ആണ് എന്ന സങ്കൽപത്തിൽനിന്നാണ് കേരളീയരുടെ വിദ്യാരംഭസമ്പ്രദായത്തിൻെറ തുടക്കം. യോദ്ധാവ് ആയുധങ്ങളും ഗ്രന്ഥകാരൻ പുസ്തകങ്ങളും തൂലികയും ഗായകൻ സംഗീതോപകരണങ്ങളും എല്ലാം ദേവീസന്നിധിയിൽ പൂജിച്ചശേഷം വിജയദശമിദിനത്തിൽ പുന$സമ൪പ്പണത്തോടെ പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണ്.
ഭാരതത്തിൽ എല്ലായിടത്തും നവരാത്രിയും വിജയദശമിയും ദു൪ഗാപൂജയും ഒക്കെ ഉണ്ടെങ്കിലും നമ്മുടെ വിദ്യാരംഭം നമ്മുടേത് മാത്രം ആണ്. ഓണം, വിഷു, തിരുവാതിരകളി എന്നിവ പോലെ. ബലിയും വാമനനും എവിടെയും ഉണ്ടാവാം; ഓണം നമുക്ക് മാത്രം. വിഷു എല്ലാവ൪ക്കും ഉണ്ട്; വിഷുക്കണിയും വിഷുക്കൈനീട്ടവും നമുക്ക് മാത്രം. അതുപോലെയാണ് വിജയദശമിയിലെ വിദ്യാരംഭവും. കേരളത്തനിമയുടെ സുന്ദരമായ ഒരു മുഖം.
അച്ഛൻ ഹെഡ്മാസ്റ്ററും വൈദികനും ആയിരുന്നു. വിജയദശമിനാളിൽ വീട്ടിൽ ഒരു ചെറിയ ആൾക്കൂട്ടം കാണും. പള്ളിയിലും ഉണ്ട് വിദ്യാരംഭം. അതിന് ഇന്ന ദിവസം എന്നില്ല. എപ്പിഫനി അഥവാ രാക്കുളിപ്പെരുന്നാൾ എന്നൊരു ദിവസം ചില൪ തെരഞ്ഞെടുക്കും. യേശു ദൈവപുത്രനാണ് എന്ന ജ്ഞാനം അശരീരിയായി വെളിപ്പെട്ട നാൾ ആണ് എപ്പിഫനി എന്നതാണ് കാര്യം. വേറെ ചില൪ ശിശുവിൻെറ നക്ഷത്രം നോക്കിയാവും സമയം നിശ്ചയിക്കുക.
നാൽപതിലേറെ സംവത്സരങ്ങളായി ഞാൻ എഴുതിക്കാൻ തുടങ്ങിയിട്ട്. വീട്ടിലാണ് പതിവ്. തിരുവനന്തപുരം ബാലഭവൻെറ അധ്യക്ഷനായിരുന്ന കാലത്ത് അവിടെയും. മനോരമയിലോ ബാലഭവനിലോ ഒക്കെ ആണെങ്കിൽ നാട്ടുനടപ്പ് തന്നെ. വീട്ടിലാണെങ്കിൽ ജാതിയും മതവും നോക്കും. ക്രിസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ ‘ഓം.... അവിഘ്നമസ്തു’ വിരോധമുണ്ടോ എന്ന് ചോദിക്കും. മിക്കവരും ആയിക്കൊള്ളട്ടെ എന്ന നിസ്സംഗമായ മറുപടിയാണ് പറയുക. എന്നാൽ, ക്രിസ്ത്യാനികൾക്ക് അ, ആ, ആലോഹോ എന്നും മുസ്ലിംകൾക്ക് അള്ളാ ശരണം, റസൂൽ തുണ എന്നു കൂടി അധികമായി എഴുതിക്കും. അത് എൻെറ രീതി. അത്ര തന്നെ. ഞാൻ ഓതിക്കൊടുക്കുന്ന മന്ത്രവും ഞാൻ തെരഞ്ഞെടുത്തതാണ്. സത്യം ബ്രുയാത്, പ്രിയം ബ്രുയാത്, നബ്രുയാത് സത്യമപ്രിയം വിവ൪ത്തനം ചെയ്തുകൊണ്ടാണ് ഞാൻ അനുഗ്രഹിക്കുക. അപ്പോൾ അവസാന വാക്യം ‘അസത്യം പറയരുത്’ എന്ന് ഭേദഗതി ചെയ്യും എന്നുമാത്രം.
ഈയാഴ്ച മനോരമയിലും തുഞ്ചൻസ്മാരകത്തിലും ആയിരുന്നു ഗുരു ആയത്. മനോരമയിൽ അരിയിൽ തന്നെ. തുഞ്ചൻസ്മാരകത്തിൽ ചിറ്റൂരിലെ തുഞ്ചൻപറമ്പിൽനിന്ന് കൊണ്ടുവന്ന മണൽത്തരികളിലാണ്. ചില കുരുന്നുവിരലുകൾ വേദനിക്കും. എങ്കിലും തുഞ്ചൻെറ പാദസ്പ൪ശമല്ളേ അനുഭവവേദ്യമാകുന്നത്! പണ്ടൊക്കെ ഗുരു ചമ്രം പടിഞ്ഞിട്ടാണ് ഇരിക്കുക. എൻെറ അച്ഛൻ കസേരയിൽ ഇരുന്നിട്ടായിരുന്നു എഴുതിച്ചുവന്നത്. ഞാനും അത് തുടരുന്നു. പിന്നെ ഇപ്പോൾ ഗുരുക്കന്മാ൪ക്കൊക്കെ പീഠം കൂടാതെ വയ്യ. ആൾദൈവങ്ങളുടെ മുന്നിൽ സാഷ്ടാംഗം വീഴുന്നയാൾക്കും രണ്ട് മണിക്കൂ൪ പത്മാസനത്തിലിരിക്കാനാവുമോ? ഒ.എൻ.വിക്കാണെങ്കിൽ കാലിൽ നീര്. എനിക്ക് വയറ്റത്ത് കമഴ്ത്തിവെച്ച കുടം. മനോരമയിലെ പീഠം സുഖമായിരുന്നു. തുഞ്ചൻസ്മാരകത്തിലെ പീഠത്തിലോട്ട് ഞാൻ വീണു; അത് വിദ്യയാക്കി വിദ്യാരംഭത്തിന് ഇരുന്നു; പരിപാടി കഴിഞ്ഞപ്പോൾ സംഘാടക൪ രണ്ടു പേ൪ ചേ൪ന്ന് എൻെറ നൂറ് കിലോ പൊക്കി നി൪ത്തി. ഒട്ടാകെ നൂറിലധികം കുഞ്ഞുങ്ങൾ ആദ്യക്ഷരം കുറിച്ചു. അവിടെ ജാതിഭേദം കണ്ടില്ല. മുസ്ലിംകൾ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും ഒപ്പം ക്യൂ നിന്നു. ആ നിൽപിൽ തന്നെ അജ്ഞാനാന്ധകാരത്തിൻെറ നിഷ്കാസനം വ്യക്തമായിരുന്നു. ജ്ഞാനത്തിൻെറ ആരംഭവും ശുഭാന്ത്യവും ഈശ്വരഭക്തിയാണ് എന്ന് ബൈബ്ളിൽ ഉണ്ട്. ‘അ’ കുറിച്ചവ൪ അപരിമേയനെ വണങ്ങി വളരട്ടെ. ശുഭമസ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story