ലോക സ്കൂള്‍ മീറ്റ് അഞ്ച് മലയാളികള്‍ക്ക് യോഗ്യത; അനിശ്ചിതത്വം ബാക്കി
text_fieldsതിരുവനന്തപുരം: അടുത്തമാസം ബ്രസീലിൽ നടക്കുന്ന ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിലേക്ക് അഞ്ച് മലയാളി താരങ്ങൾ യോഗ്യത നേടി. ശനിയാഴ്ച പുണെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിൽ തെരഞ്ഞെടുത്ത 11 അംഗ ഇന്ത്യൻ ടീമിലാണ് അഞ്ച് മലയാളികൾ ഇടം പിടിച്ചത്. നാല് ആൺകുട്ടികളെയും ഏഴ് പെൺകുട്ടികളെയും തെരഞ്ഞെടുത്തുള്ള പ്രൊവിഷനൽ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, ചെലവുകൾക്കായി ലക്ഷങ്ങൾ കെട്ടിവെക്കണമെന്ന വ്യവസ്ഥ ഇവരുടെ യാത്ര അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്.
യാത്രക്കും മറ്റ് ചെലവുകൾക്കുമായി രണ്ടര ലക്ഷം രൂപയും മറ്റ് ചെലവിനുള്ള തുകയും കെട്ടിവെച്ചാൽ മാത്രമേ ഇവ൪ക്ക് മീറ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരാണ് ടീമിൽ ഇടംകിട്ടിയ കുട്ടികൾ. അതിനാൽ തന്നെ സ൪ക്കാ൪ സഹായം ലഭിക്കാതെ ഇവ൪ക്ക് ലോക സ്കൂൾ ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ സാധിക്കില്ളെന്ന് ചുരുക്കം. വിദ്യാഭ്യാസ വകുപ്പിലെ കായികവിഭാഗം ഇക്കാര്യം സ൪ക്കാറിൻെറ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
മലേഷ്യയിൽ നടന്ന ഏഷ്യൻ സ്കൂൾ അത്ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജംപിലും 800 മീറ്ററിലും മെഡൽ നേടിയ മലയാളി താരങ്ങളായ അബ്ദുല്ല അബൂബക്ക൪, മുഹമ്മദ് അഫ്സൽ എന്നിവ൪ക്ക് ലോക മീറ്റിലേക്ക് നേരിട്ട് സെലക്ഷൻ ലഭിക്കുകയായിരുന്നു. 100 മീറ്ററിൽ എ.പി. ഷിൽബി, 1500 മീറ്ററിൽ ലേഖാ ഉണ്ണി, 400 മീറ്റ൪ ഹ൪ഡിൽസിൽ അഞ്ജലി ജോസ് എന്നിവരാണ് ലോക സ്കൂൾ മീറ്റിന് അ൪ഹത നേടിയ മറ്റ് മലയാളി താരങ്ങൾ.
ദൽഹിയുടെ ശക്തി സോളങ്കി (ഷോട്ട് പുട്ട്), ഉത്ത൪പ്രദേശിൻെറ രോഹിത് ഗുപ്ത (100 മീറ്റ൪), മഹാരാഷ്ട്രയിൽ നിന്നുള്ള മേഘ്ന ദേവാംഗ ( ഷോട്ട്പുട്ട്), പശ്ചിമബംഗാൾ താരം സ്വപ്ന ബ൪മൻ (ഹൈജംപ്), മഹാരാഷ്ട്രയുടെ അഞ്ജന താംകെ (800 മീറ്റ൪), ഹരിയാനയുടെ പുഷ്പക ജാഖ൪ (ജാവലിൻ ത്രോ) എന്നിവരാണ് അ൪ഹത നേടിയ മറ്റ് താരങ്ങൾ. നവംബ൪ 27 മുതൽ ഡിസംബ൪ നാലുവരെ ബ്രസീലിലെ ബ്രസീലിയയിലാണ് ലോക സ്കൂൾ മീറ്റ് നടക്കുന്നത്. കേരളത്തിൽനിന്ന് രണ്ട് നീന്തൽ താരങ്ങൾ ഉൾപ്പെടെ 27 പേ൪ക്ക് ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചില൪ പിന്മാറി.
പങ്കെടുത്ത താരങ്ങളിൽ ചില൪ക്ക് യോഗ്യതനേടാൻ സാധിച്ചുമില്ല. അണ്ട൪ 17, 19 വിഭാഗങ്ങളിലാണ് മത്സരമെന്നതിനാൽ ഏഷ്യൻ സ്കൂൾ മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച പി.യു. ചിത്ര ഉൾപ്പെടെ ചില താരങ്ങൾക്ക് ട്രയൽസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.