ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസിന് ഗതികേട്
text_fieldsന്യൂദൽഹി: കോൺഗ്രസിന് നാലു നേതാക്കളെ നഷ്ടപ്പെട്ട അനാഥാവസ്ഥ തുടരുമ്പോൾ തന്നെയാണ് ഛത്തിസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മേയിൽ മാവോവാദികൾ നടത്തിയ ആക്രമണത്തിൽ പി.സി.സി പ്രസിഡൻറ് നന്ദ്കുമാ൪ പട്ടേൽ, മഹേന്ദ്രക൪മ, വി.സി. ശുക്ള തുടങ്ങിയ നേതാക്കളാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് ഹൈകമാൻഡിനും സംസ്ഥാനത്തെ കോൺഗ്രസുകാ൪ക്കും സ്വീകാര്യരായ നേതാക്കൾ ഇല്ളെന്ന യാഥാ൪ഥ്യം നേരിട്ടാണ് വോട്ടെടുപ്പിലേക്ക് കോൺഗ്രസ് പിച്ചവെക്കുന്നത്.
ബി.ജെ.പിക്കും മുഖ്യമന്ത്രി രമൺസിങ്ങിനും തെരഞ്ഞെടുപ്പിൽ വലിയ പേടി ഇല്ലാത്തത് കോൺഗ്രസിൻെറ ഈ അവസ്ഥ കൊണ്ടാണ്.
യഥാ൪ഥത്തിൽ 10 കൊല്ലമായി അധികാരത്തിൽ തുടരുന്ന ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. പക്ഷേ, അതു നേട്ടമാക്കിയെടുക്കേണ്ട കോൺഗ്രസിന് ഐക്യത്തോടും ആത്മവിശ്വാസത്തോടും പടക്കളത്തിൽ ഇറങ്ങാൻ കഴിയുന്നില്ല.
ഹൈകമാൻഡിന് അനഭിമതനായ മുൻ മുഖ്യമന്ത്രി അജിത് ജോഗിക്കോ പുതിയ പി.സി.സി പ്രസിഡൻറ് സി.ഡി. മഹന്തിനോ വോട്ടുസമാഹരണത്തിന് ശേഷി പോരാ.
ജനപ്രിയ നമ്പറുകൾ ഇറക്കിയാണ് രമൺസിങ് സ്വീകാര്യത നേടുന്നത്. സൗജന്യ ഉപ്പു വിതരണം, അരി വിതരണം, ചെരിപ്പു വിതരണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽപെടും. 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സൗജന്യ പശു വിതരണമായിരുന്നു പിന്നാക്കക്കാ൪ക്കുള്ള വാഗ്ദാനം. ഇതിനെല്ലാമൊപ്പം ആദിവാസി മേഖലകളിൽ സംഘ്പരിവാ൪ സംഘടനകൾ നടത്തുന്ന പ്രവ൪ത്തനമാണ് ബി.ജെ.പിയുടെ വോട്ട് ഉറപ്പിക്കുന്ന പ്രധാന ഘടകം.
വനവാസി കല്യാൺ, സേവാഭാരതി തുടങ്ങിയവ വഴി പിന്നാക്ക മേഖലകളിൽ വോട്ടുസമാഹരണ ശ്രമങ്ങൾ തെരഞ്ഞെടുപ്പു നേരത്തും അല്ലാത്തപ്പോഴും ഒരുപോലെ നടക്കുന്നു.
90 സീറ്റുള്ള നിയമസഭയിൽ ഇപ്പോൾ ബി.ജെ.പിക്ക് 50, കോൺഗ്രസിന് 38, ബി.എസ്.പിക്ക് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. മധ്യപ്രദേശിൽനിന്ന് അട൪ത്തിയെടുത്ത് 2000ത്തിൽ രൂപവത്കരിച്ച സംസ്ഥാനം 2003 വരെ കോൺഗ്രസ് ഭരിച്ചുവെങ്കിൽ, പിന്നീടൊരിക്കലും ബി.ജെ.പിയിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. കോൺഗ്രസിനുള്ളിലെ വടംവലികൾ അതിന് കാരണമായി.
നന്ദ്കുമാ൪ പട്ടേൽ പി.സി.സി പ്രസിഡൻറായ ശേഷം കോൺഗ്രസ് ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങിത്തുടങ്ങിയതാണ്. അപ്പോഴാണ് അദ്ദേഹമടക്കമുള്ളവ൪ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇതോടെ ഛത്തിസ്ഗഢിൽ കോൺഗ്രസിൻെറ മുഖം വീണ്ടും മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടേതായി. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നവ൪, ജോഗിയുടെ പങ്കിനെക്കുറിച്ചു വരെ ആരോപണം ഉന്നയിക്കുന്നുണ്ട്. ഭരിച്ച കാലത്തെ അഴിമതി ആരോപണങ്ങൾ, കോൺഗ്രസുകാ൪ക്കിടയിൽ സ്വീകാര്യത ഇല്ലാത്തത് എന്നിവയെല്ലാം അജിത് ജോഗിക്കു മുന്നിൽ പ്രശ്നങ്ങളാണ്. അദ്ദേഹത്തിന് ചില മേഖലകളിൽ വോട്ടുകൾ സ്വാധീനിക്കാൻ കെൽപുള്ളതുകൊണ്ട് പിണക്കാനും വയ്യ.
പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതോടെ, സംസ്ഥാനത്തെ കോൺഗ്രസിൻെറ ഉത്തരവാദിത്തം ജോഗി സ്വയം ഏറ്റെടുത്തിട്ടുണ്ട്. ചില പാ൪ട്ടികളെ കൂട്ടുപിടിച്ച് മുന്നണി ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തി. പക്ഷേ, അതൊന്നും നടപ്പായില്ല. തനിക്ക് വേണ്ടപ്പെട്ടവ൪ക്കും തന്നോടൊപ്പം നിൽക്കുന്നവ൪ക്കും കോൺഗ്രസ് ടിക്കറ്റു നൽകി വിജയിപ്പിച്ചെടുക്കാനും തെരഞ്ഞെടുപ്പിനുശേഷം അതുവെച്ച് വിലപേശാനുമുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ.
ഛത്തിസ്ഗഢിൽ ശക്തമായ സ്വാധീനമുള്ള നക്സലൈറ്റുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പങ്കാളികളല്ല. വോട്ടു ചെയ്യാനും അവരില്ല. വോട്ടെടുപ്പ് ബഹിഷ്കരിക്കാനുള്ള അവരുടെ ആഹ്വാനം മറികടക്കാൻ പല ഉൾനാടൻ പ്രദേശങ്ങളിലുള്ളവ൪ക്കും കഴിയുകയുമില്ല.
സംസ്ഥാനത്ത് 32 ശതമാനം ആദിവാസികളുണ്ട്. 12 ശതമാനം ദലിതരുണ്ട്. ചൂഷണത്തിന് വിധേയരാകുന്ന പിന്നാക്ക വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും ചെറുത്തുനിൽപ്പിന് പ്രേരിപ്പിക്കുന്നതിലുമാണ് നക്സലുകളുടെ ശ്രദ്ധ. ബി.ജെ.പിക്കും കോൺഗ്രസിനും അവരെ മറികടന്ന് വോട്ടുചോദിക്കാൻ പോലും പറ്റാത്ത പ്രദേശങ്ങൾ നിരവധിയാണെന്ന പ്രശ്നം ഇതിനിടയിൽ ബാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.