സംഘടനാ പക്ഷപാതിത്വത്തിന് മതസ്ഥാപനങ്ങളെ ബലികൊടുക്കരുത് -ജമാഅത്തെ ഇസ്ലാമി
text_fieldsകണ്ണൂ൪: മുസ്ലിം സംഘടനകൾ തമ്മിലുള്ള പക്ഷപാത സമീപനത്തിൻെറ പേരിൽ മതസ്ഥാപനങ്ങൾ കൈയേറുന്ന പ്രവണത നി൪ഭാഗ്യകരമാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സമസ്തയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ത൪ക്കത്തിൻെറ പേരിൽ തളിപ്പറമ്പ് മേഖലയിൽ കുറെ കാലമായി തുടരുന്ന കൈയേറ്റങ്ങൾ മുസ്ലിം സമൂഹത്തിൽ നിലനിൽക്കേണ്ട പരസ്പര മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. സാംസ്കാരികവും ദാ൪ശനികവുമായ ബാലപാഠങ്ങൾ തലമുറക്ക് കൈമാറേണ്ട മദ്റസകളും മതഗ്രന്ഥങ്ങളും കൈയേറ്റം ചെയ്യുന്ന രീതിയിൽ സംഘടനാ വഴക്ക് അതിരുവിട്ട് പോയതിൽ ബന്ധപ്പെട്ട നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണം. സംഘടനാ പ്രവ൪ത്തനങ്ങൾ ആരോഗ്യകരമായ സംവാദത്തിലൂടെയും സാമൂഹിക വികാസത്തിനുമായാണ് ഉപയോഗിക്കേണ്ടത്. പ്രശ്നത്തിൽ സമവായത്തിൻെറ വഴി ഇരു പക്ഷവും തേടണം. ഇത്തരം പ്രശ്നങ്ങൾ ഊതിവീ൪പ്പിക്കുന്ന രീതിയിൽ ഇടപെടുന്ന രാഷ്ട്രീയ പാ൪ട്ടികളുടെ നിലപാടിലും യോഗം അമ൪ഷം രേഖപ്പെടുത്തി.
ജില്ലാ പ്രസിഡൻറ് യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹനീഫ് റിപ്പോ൪ട്ട് അവതരിപ്പിച്ചു. കെ.പി. അബ്ദുൽഅസീസ്, കളത്തിൽ ബഷീ൪, വി.എൻ. ഹാരിസ്, സി. അബ്ദുൽ നാസ൪, സി.കെ. അബ്ദുൽജബ്ബാ൪, പി.സി. മുനീ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.