ശരീഫ് വീണ്ടും; കശ്മീര്‍ പരിഹാരത്തിന് യു.എസ് മധ്യസ്ഥത വേണം
text_fieldsവാഷിങ്ടൺ: കശ്മീ൪ പ്രശ്നത്തിൽ അമേരിക്കൻ മധ്യസ്ഥതവേണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വീണ്ടും. അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കായി വാഷിങ്ടണിൽ എത്തിയ ശരീഫ് ‘യു.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്’ എന്ന സംഘടനയിൽ പ്രഭാഷണം നടത്തവെയാണ് ‘കശ്മീ൪ അടക്കം ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രധാന ത൪ക്കവിഷയങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കാൻ അമേരിക്കക്ക് കഴിയുമെന്ന്’ പ്രസ്താവിച്ചത്. മൂന്നു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ശരീഫ് കശ്മീ൪ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യപ്പെടുന്നത്.
എന്നാൽ, പാക് ആവശ്യം നേരത്തേതന്നെ തള്ളിയ യു.എസ് പുതിയ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ലണ്ടനിൽ ശരീഫ് ഇക്കാര്യത്തിൽ ആദ്യ പ്രസ്താവന നടത്തിയപ്പോൾതന്നെ ന്യൂദൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള ഉഭയകക്ഷി വിഷയം മാത്രമാണിതെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കശ്മീ൪ വിഷയത്തിലടക്കം തങ്ങളുടെ നിലപാട് മാറിയിട്ടില്ളെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.
കശ്മീ൪ പ്രശ്നത്തിൽ മൂന്നാം കക്ഷി ഇടപെടേണ്ട കാര്യമില്ളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ കഴിഞ്ഞ ദിവസം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഒബാമയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ശരീഫ് ഇതേ കാര്യം ആവ൪ത്തിച്ചത് പ്രശ്നത്തിലേക്ക് അമേരിക്കയെ കൊണ്ടുവരാനുള്ള ബോധപൂ൪വമായ തന്ത്രത്തിൻെറ ഭാഗമാണെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.
‘തീ൪ച്ചയായും കശ്മീ൪ പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള സങ്കീ൪ണമായ വിഷയമാണ്. പക്ഷേ, ഒന്നിച്ചിരുന്ന് സംസാരിച്ചാൽ പരിഹാരവഴികൾ തുറന്നുകിട്ടും. ലോകമെമ്പാടും സുഹൃത്തുക്കളെ സൃഷ്ടിച്ച് ബന്ധങ്ങളിൽ പുതിയൊരു അധ്യായം രചിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ തൊട്ടയൽപക്കത്തോടും ഇതേ സമീപനമാണ്’ -ശരീഫ് പ്രസംഗത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.