Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചാരവൃത്തി തമ്മില്‍...

ചാരവൃത്തി തമ്മില്‍ തമ്മില്‍

text_fields
bookmark_border
ചാരവൃത്തി തമ്മില്‍ തമ്മില്‍
cancel

മോഷണം തൊഴിലാക്കിയ നാട്ടിൻപുറത്തുകാരനായ ഒരു കള്ളനെക്കുറിച്ച കഥയുണ്ട്. ഒരു നാൾ മോഷ്ടിക്കാൻ ഒന്നും തരപ്പെടാതിരുന്നപ്പോൾ ഉറക്കംവരാൻ അയാൾ സ്വന്തം ഭാര്യയുടെ ചെല്ലപ്പെട്ടി മോഷ്ടിക്കുകയായിരുന്നു എന്ന്. ഏതാണ്ട് ഇതേ മോഷ്ടാവിൻെറ മാനസികാവസ്ഥയിലാണ് ഇപ്പോൾ ആഗോള പൊലീസുകാരൻ. മുമ്പേ ചാരവൃത്തിയും രഹസ്യാന്വേഷണവും അതീവജാഗ്രതയോടെയും വൻതുക ചെലവാക്കിയും നടത്തിവന്ന അമേരിക്ക, 2001 സെപ്റ്റംബ൪ 11ലെ വേൾഡ് ട്രേഡ് സെൻറ൪ ഭീകരാക്രമണത്തിനുശേഷം സമഗ്രമായി അഴിച്ചുപണിത ചാരവൃത്തി ശൃംഖലയും അതിനായി വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതിക വിദ്യയുമുപയോഗിച്ച് തങ്ങളുടെ ഏറ്റവും അടുത്ത കൂട്ടാളികളുടെയും സഖ്യരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരുടെയും വരെ ടെലിഫോൺ സംഭാഷണങ്ങൾ ചോ൪ത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡനാണ് ഇതുസംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായി അമേരിക്കയും ജ൪മനിയും തമ്മിലുള്ള സുഹൃദ്ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ട് ജ൪മൻ ചാൻസല൪ അംഗലാ മെ൪കലിൻെറ ടെലിഫോൺ കഴിഞ്ഞ 10 വ൪ഷമായി അമേരിക്കയുടെ നാഷനൽ സെക്യൂരിറ്റി ഏജൻസി ചോ൪ത്തിവരുകയാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ നടപടിയെ ശക്തിയായ ഭാഷയിൽ അപലപിച്ച അംഗലാ മെ൪കൽ തൻെറ രാജ്യത്തെ യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കാൻ തയാറായി. അതോടൊപ്പം ഏഴു കോടി ഫ്രഞ്ചുകാരുടെ ടെലിഫോൺ, ഇൻറ൪നെറ്റ് വിവരങ്ങൾ എൻ.എസ്.എ ചോ൪ത്തിയെന്ന വാ൪ത്ത പുറത്തുവന്ന ഉടനെ ഫ്രാൻസും യു.എസ് അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. രണ്ടു സംഭവങ്ങളും യൂറോപ്യൻ യൂനിയനിലാകെ അസ്വാസ്ഥ്യം പട൪ത്തിയ പശ്ചാത്തലത്തിൽതന്നെയാണ് സ്പെയിനിലെ ആറുകോടി ജനങ്ങളുടെ ഫോൺ ഒരേയൊരു മാസത്തിനകം ചോ൪ത്തിയതും വാ൪ത്തയായിരിക്കുന്നത്. അമേരിക്കയുടെ നടപടി അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് സ്പെയിനിൻെറ പ്രതികരണം. യൂറോപ്യൻ രാഷ്ട്രത്തലവന്മാരുടെ ഫോൺ ചോ൪ത്തിയ സംഭവത്തിൽ യൂറോപ്യൻ പാ൪ലമെൻറംഗങ്ങൾ അമേരിക്കൻ ഉദ്യോഗസ്ഥരെ കണ്ട് ആശങ്ക അറിയിക്കാനിരിക്കുകയാണ്. വലിയ തമ്പുരാൻെറ ചാരവൃത്തിയിൽ പ്രതിഷേധിച്ച് ബ്രസീൽ പ്രസിഡൻറ് ദിൽമ റൂസഫ് കഴിഞ്ഞ മാസം യു.എസ് സന്ദ൪ശനംതന്നെ റദ്ദാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ജ൪മനിയും ബ്രസീലും ചേ൪ന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ കുത്സിത പരിപാടിക്കെതിരെ ഐക്യരാഷ്ട്രസഭയിൽ പ്രമേയം കൊണ്ടുവരാനിരിക്കുകയാണ്. ഒരാളുടെ സ്വകാര്യതയിലും ആശയ വിനിമയത്തിലും അഭിമാനത്തിലും അംഗീകാരത്തിലും കുടുംബത്തിലും വീട്ടിലും നിയമവിരുദ്ധമായും മുന്നറിയിപ്പില്ലാതെയും ഇടപെടരുതെന്ന യു.എൻ ഉടമ്പടിയുടെ പരിധിയിൽ ഇൻറ൪നെറ്റ് വഴിയുള്ള ആക്രമണം കൂടി ഉൾപ്പെടുത്താനുള്ള ഭേദഗതി പ്രമേയമാണ് അവ൪ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്. ഫ്രാൻസ്, നോ൪വേ, സ്വീഡൻ, ഓസ്ട്രിയ എന്നീ യു.എസ് സുഹൃദ്രാജ്യങ്ങളും ഈ ദിശയിൽ ചിന്തിക്കുന്നു. 35 ലോകനേതാക്കളുടെ ഫോൺ ആശയവിനിമയങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സ്ഥിരമായി നിരീക്ഷിക്കുകയും ചോ൪ത്തുകയും ചെയ്യുന്നുവെന്ന വാ൪ത്തയിൽ യൂറോപ്യൻ യൂനിയൻ യോഗത്തിൽ 28 അംഗരാഷ്ട്രങ്ങളും രോഷം പ്രകടിപ്പിച്ചതോടൊപ്പം അതിനെതിരെ അമേരിക്കയിൽതന്നെ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടക്കുകയുമുണ്ടായി. പക്ഷേ, ആരെതി൪ത്താലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇതൊക്കെ ആവശ്യമാണെന്ന നിലപാടിലാണ് അമേരിക്ക. ആ രാജ്യത്തെ 12,333ാം എക്സിക്യൂട്ടിവ് ഓ൪ഡ൪ അതിനനുവാദം നൽകുന്നുണ്ടെന്നാണ് ന്യായീകരണം. വിദേശശക്തികളുടെയും സംഘടനകളുടെയും വ്യക്തികളുടെയും ഏജൻറുമാരുടെയും പ്രവ൪ത്തനങ്ങളും കഴിവുകളും പദ്ധതികളും ഉദ്ദേശ്യങ്ങളും സംബന്ധിച്ച കൃത്യവും ശരിയുമായ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കയെ അനുവദിക്കുന്നതാണ് പ്രസ്തുത ഉത്തരവ്.
സാമ്രാജ്യത്വത്തിൻെറ ചാരക്കണ്ണുകളിൽനിന്നും കാതുകളിൽനിന്നും മുക്തമായി ഭൂലോകത്തൊരു ജീവിക്കും ചലിക്കാനാവാത്ത നൂതനസംവിധാനമാണ് ശാസ്ത്രീയമായും സാങ്കേതികമായും അമേരിക്ക വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നതാണ് ഇതിൻെറയൊക്കെ ആകത്തുക. സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി ആരെയും എങ്ങനെയും ഉപയോഗിക്കുകയും വഞ്ചിക്കുകയും തള്ളിക്കളയുകയും ചെയ്യുക എന്നതും സുവിദിതമായ സാമ്രാജ്യത്വ നയമാണ്. സാമ്രാജ്യത്വ താൽപര്യമെന്നാൽ ആയുധ നി൪മാതാക്കളുടെയും കച്ചവടക്കാരുടെയും കോ൪പറേറ്റ് ഭീമന്മാരുടെയും അധാ൪മിക താൽപര്യങ്ങളാണെന്നതും തെളിഞ്ഞുകഴിഞ്ഞ കാര്യം മാത്രം. എന്നിട്ടൊക്കെയും, സെപ്റ്റംബ൪ 11ന് പെൻറഗണിനും വേൾഡ് ട്രേഡ്സെൻററിനും നേരെ നടന്ന ഐതിഹാസികാക്രമണത്തെക്കുറിച്ച ഒരു സൂചനയും യഥാസമയം വൈറ്റ്ഹൗസിന് ലഭിക്കാതെപോയതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ മറുപടിയില്ല. സംഭവം ഇൻറലിജൻസിൻെറ വീഴ്ചയാണെങ്കിൽ ഇനിയും എന്തെന്ത് കരുതൽ നടപടികളെടുത്താലും അതാവ൪ത്തിക്കുമെന്നത് പ്രകൃതിനിയമമാണ്. അതല്ല, എൻ.എസ്.എയും സി.ഐ.എയും മറ്റു ഏജൻസികളും കാലേക്കൂട്ടി അറിഞ്ഞിട്ടും നടന്നതാണ് ഭീകരാക്രമണമെങ്കിൽ പലരും ഇതിനകം ചൂണ്ടിക്കാട്ടിയപോലെ ഒരു ഭൂലോക ഗൂഢാലോചനയുടെ ഭാഗംതന്നെയായി അതിനെ കാണേണ്ടിവരും. എന്തായാലും പുതിയ ലോകത്തും കാലത്തും രഹസ്യമെന്ന ഒന്നും, വിശ്വാസ്യനായ ഒരാളും ഇല്ളെന്ന് വിശ്വസിക്കുന്നതാണ് താരതമ്യേന സുരക്ഷിതം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story