കേരളപ്പിറവിക്കുമില്ല; വലിയങ്ങാടി റോഡിന് ഇനിയും കാത്തിരിപ്പ്
text_fieldsകോഴിക്കോട്: പുരാതന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയുടെ പുതിയ മുഖം തുറക്കാനുള്ള ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. കേരളപ്പിറവിദിനത്തിൽ വലിയങ്ങാടി റോഡിൻെറ ഉദ്ഘാടനം ഉണ്ടാവുമെന്ന പ്രഖ്യാപനവും പാഴായി. നേരത്തേ ബലിപെരുന്നാൾ പിറ്റേന്ന് ഉദ്ഘാടനം ഉണ്ടാവുമെന്ന് മന്ത്രി എം.കെ. മുനീ൪ തന്നെ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നി൪മാണപ്രവൃത്തികൾ പൂ൪ത്തിയാവാത്തതാണ് ഉദ്ഘാടനം നടത്താൻ തടസ്സമാവുന്നത്.
കഴിഞ്ഞ ഏപ്രിൽ 18ന് തുടങ്ങി 65 ദിവസം കൊണ്ട് പണി തീരുമെന്ന് പറഞ്ഞിരുന്ന പ്രവൃത്തിയാണ് എട്ട് മാസമായിട്ടും തീരാത്തത്. കെ.പി. കേശവമേനാൻ റോഡ് ജങ്ഷനിൽ ബാക്കിയുണ്ടായിരുന്ന മൂന്ന് ബ്ളോക് കോൺക്രീറ്റ് നി൪മാണം കഴിഞ്ഞ ദിവസമാണ് പൂ൪ത്തിയായത്. എന്നാൽ, ഇത് തുറന്നുകൊടുക്കാൻ രണ്ടുദിവസം കൂടി കഴിയണം. കോൺക്രീറ്റ് പ്രവൃത്തി സെറ്റാകാത്തതാണ് കാരണം. ഇപ്പോൾ ഈ ഭാഗം ടാ൪വീപ്പകൾ കൊണ്ട് തടസ്സം വെച്ച് നനച്ചിട്ടിരിക്കുകയാണ്. ഈ ഭാഗത്തെ അഴുക്കുചാൽ നി൪മാണപ്രവൃത്തി തുടങ്ങിയിട്ടില്ല. ഇതുകാരണം ചില ഭാഗങ്ങളിൽ മാലിന്യം കൂന്നുകൂടിയിട്ടുണ്ട്. റെയിൽവേ മേൽപാലത്തിൽനിന്ന് പൊട്ടിയൊലിക്കുന്ന പൈപ്പ് വെള്ളം ഇപ്പോൾ റോഡാകെ പരക്കുകയാണ്. മഴക്കാലത്ത് ഇത് കൂടുതൽ രൂക്ഷമാകും. റോഡരികുകളിൽ ഇൻറ൪ലോക് പേവ൪ വിരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏതാനും കട്ടകൾ ഒരുഭാഗത്ത് ഇറക്കിവെക്കുക മാത്രമാണ് ചെയ്തത്. പൊട്ടിയ സ്ളാബുകൾ മാറ്റിപ്പണിയുന്ന പണിയും ബാക്കിയാണ്. ആകെ 600 സ്ളാബുകളാണ് പുതുതായി വേണ്ടിയിരുന്നത്. എന്നാൽ, ഇതിൽ നൂറെണ്ണംകൂടി ഇനിയും സ്ഥാപിക്കണം. ഇവയുടെ നി൪മാണം നടന്നുവരുന്നതേയുള്ളൂ.
പൊട്ടിയ കേബ്ളുകൾ, പൈപ്പുകൾ എന്നിവ മാറ്റിപ്പണിയാനും നടപടിയായിട്ടില്ല. വാട്ട൪ അതോറിറ്റി, ബി.എസ്.എൻ.എൽ, പൊതുമരാമത്ത് വകുപ്പുകൾ തമ്മിലെ ഏകോപനമില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് വ്യാപാരി-വ്യവസായി പ്രതിനിധികൾ പറയുന്നു. വലിയങ്ങാടിയിൽ കുടിവെള്ളത്തിന് സംവിധാനമൊരുക്കണമെന്ന ആവശ്യവും അധികൃത൪ അവഗണിക്കുകയാണ്. റെയിൽവേ പാലത്തിന് സമീപം, ചെറൂട്ടി റോഡ് ജങ്ഷൻ, ഹൽവ ബസാ൪, പാസ്പോ൪ട്ട് ഓഫിസ്, കോടതി ജങ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കണം എന്നാണ് ആവശ്യം. നാനൂറോളം കടകളിലേക്ക് ദിനേനയെത്തുന്ന ഇരുനൂറോളം ലോറികളിലെ തൊഴിലാളികൾക്ക് പ്രാഥമിക കാര്യങ്ങൾക്കും സൗകര്യമില്ല. പഴയ പാസ്പോ൪ട്ട് പരിസരം, റെയിൽവേ പാലത്തിന് താഴെ, പെട്രോൾ പമ്പ് ജങ്ഷൻ എന്നിവിടങ്ങളിൽ ഇതിന് സ്ഥലസൗകര്യമുണ്ടെന്ന് വ്യാപാരികൾ കത്ത് നൽകിയിട്ടും നടപടിയില്ല. ഇവിടെ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനും തുട൪ നീക്കങ്ങളുണ്ടായില്ല.
എന്നാൽ, നി൪മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണെന്നും പ്രവൃത്തികൾ നവംബ൪ 15ഓടെ പൂ൪ത്തീകരിക്കാനാവുമെന്നും എക്സിക്യൂട്ടീവ് എൻജിനീയ൪ പി.എൻ. ശശികുമാ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. സാങ്കേതികപ്രശ്നങ്ങൾ കൊണ്ടാണ് പ്രവൃത്തികൾ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.