ഖസീമില്‍ ‘റോഡ് ചെക്കിങ’് വ്യാപകം; പ്രവാസികള്‍ പുറത്തിറങ്ങിയില്ല
text_fieldsബുറൈദ: തൊഴിൽ, താമസരേഖകൾ ശരിയാക്കുന്നതിന് ഭരണകൂടം അനുവദിച്ച ഇളവ് കാലാവധി അവസാനിച്ചശേഷമുള്ള ആദ്യദിനം ഖസീം പ്രവിശ്യയിലെ ബുറൈദ, ഉനൈസ, അൽറസ്, മിദ്നബ് എന്നീ നഗരങ്ങളിലെ പ്രധാന റോഡുകളിലെല്ലാം അതിരാവിലെ മുതൽ പരിശോധന നടന്നു. പൊലീസ്, ജവാസാത്ത്, തൊഴിൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥ൪ എകോപിച്ചാണ് പലയിടത്തും പരിശോധന നടത്തിയത്.
ബുറൈദ കിങ് അബ്ദുൽ അസീസ് റോഡിൽ ബലദിയ ഓഫീസിന് മുന്നിൽ പുല൪ച്ചെ തുടങ്ങിയ വാഹനപരിശോധന ഉച്ചകഴിയുന്നതുവരെ തുട൪ന്നു. ഇഖാമ, വാഹനത്തിൻെറ രേഖ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. കമ്പനി വാഹനങ്ങളിൽ സ്ഥാപനത്തിലെ ജോലിക്കാ൪ മാത്രമാണെന്ന് ഉദ്യോഗസ്ഥ൪ സ്ഥിരീകരിച്ചു. നിയമ വിരുദ്ധമായി യാത്ര ചെയ്തവ൪, താമസ രേഖകൾ കൈവശമില്ലാത്തവ൪, കാലാവധി കഴിഞ്ഞ രേഖകളുമായി യാത്ര ചെയ്തവ൪ ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തു. ഇതിൽ മലയാളികളില്ലെന്നാണ് അനുമാനം. പരിശോധന ഭയന്ന് കേരള മാ൪ക്കറ്റിലെ പതിവ് പ്രഭാത സന്ദ൪ശനം പലരും ഒഴിവാക്കി. ഇത് മൂലം റെസ്റ്റോറൻറ്, ബൂഫിയ, ബഖാല അടക്കമുള്ള സ്ഥാപനങ്ങളിൽ കച്ചവടം തീരെ കുറഞ്ഞു.
കേരള മാ൪ക്കറ്റിലെ സ്ഥാപനങ്ങളിൽ പരിശോധനയുണ്ടാകുമെന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും തിങ്കളാഴ്ച ഒന്നും സംഭവിച്ചില്ല. പ്രവാസികളൂടെ സംഗമകേന്ദ്രമെന്ന നിലയിൽ വരുംദിവസങ്ങളിൽ ഇവിടെ പരിശോധനയുണ്ടാകുമെന്ന ഭീതിയിലാണ്. മാ൪ക്കറ്റിലെ പ്രധാന ഗല്ലികളിൽ രാവിലെ നടന്ന മിന്നൽ പരിശോധനയിൽ പാക്കിസ്താൻ പൗരൻമാരടക്കം ചില൪ പിടിയിലായി. കെട്ടിട നി൪മാണ മേഖലയിൽ ജോലിചെയ്യുന്ന അധികപേരും ജോലി ഒഴിവാക്കി മുറികളിലിരുന്നു. ശാറ ഖാലിദിയയിലെ പാ൪ക്കിങ് ഏരിയകളിൽ പതിവില്ലാതെ തൊഴിലാളി സംഘങ്ങളൂടെ വാഹനങ്ങൾ പകൽസമയത്തും നിരന്നുകിടക്കുന്നുണ്ടായിരുന്നു. സനാഇയ്യ സലീമിൽ നിരവധി വ൪ക്ഷോപ്പുകളും കച്ചവടസ്ഥാപനങ്ങളും തിങ്കളാഴച തുറന്നില്ല. റവാഫ് സനാഇയ്യയിലും പരിശോധക സംഘമെത്തി. ഉനൈസ സനാഇയ്യയിൽ വൈകിട്ട് നാല് മുതൽ പരിശോധന നടന്നു. ഇവിടെ കച്ചവട സഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശാധിച്ചു.
അൽറസിൽ രാവിലെ റോഡ് പരിശോധനയിലേ൪പ്പെട്ട സംഘം ഉച്ച കഴിഞ്ഞ് സെൻട്രൽ മാ൪ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ചില൪ പിടിക്കപ്പെട്ടു. ഇതിലും മലയാളികളില്ല. ബുകൈരിയ, മിദ്നബ് എന്നിവടങ്ങിലും പരിശാധന നടന്നു. പുതുക്കാൻ നൽകിയതിനാൽ ഇഖാമ കൈവശമില്ലാത്തതിന് ബുകൈരിയയിൽ പിടിക്കപ്പെട്ട മലയാളികളെ സ്പോൺസ൪മാ൪ ഇടപെട്ട് മോചിപ്പിക്കാകാനായില്ല. ജവാസാത്തിൽനിന്നുള്ള പ്രിൻറൗട്ട് ഹാജരാക്കിയ ശേഷമാണ് വൈകീട്ട് ഇവ൪ പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.