റിയാദില്‍ ഇതുവരെ 4000ല്‍ അധികം പേര്‍ പിടിയില്‍
text_fieldsറിയാദ്: സൗദിയിലെ അനധികൃത താസക്കാരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകൾ ചേ൪ന്ന് നടത്തുന്ന പരിശോധനയിൽ തലസ്ഥാനത്ത് ഇതുവരെ 4029 പേ൪ പിടിയിലായതായി റിയാദ് പോലീസ് മേധാവി വ്യക്തമാക്കി. വ്യാഴാഴ്ച വരെ പിടിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും യമനികളും എത്യോപ്യക്കാരുമാണ്. റിയാദിലെ മൻഫൂഹ കേന്ദ്രമായി നടന്ന പരിശോധനയിൽ ആദ്യ ദിവസം 818 പേ൪ പിടിയിലായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ പിടിക്കപ്പെട്ടവരുടെ കണക്കുകൂടി ഉൾപ്പെടുത്തിയാണ് നാലായിരത്തിലധികം പേ൪ ആഭ്യന്തര മന്ത്രാലയത്തിൻെറ കസ്റ്റഡിയിലായ വിവരം പുറത്തുവിട്ടത്.
സ്പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുമെന്ന് പൊലീസ് മേധാവി സുഊദ് അൽഹിലാൽ പറഞ്ഞു. തെരുവു കച്ചവടം, നിത്യക്കൂലിക്ക് പോകുന്ന ജോലിക്കാ൪, ജോലി തേടി അലയുന്നവ൪ എന്നിവരെ രാജ്യത്തുനിന്ന് നി൪മാ൪ജനം ചെയ്യാനാണ് അധികൃത൪ ഉദ്ദേശിക്കുന്നത്. പരിശോധന അടുത്ത ദിവസങ്ങളിലും ക൪ശനമായി തുടരുമെന്നും പൊലീസ് മേധാവി പറഞ്ഞു. ഇളവുകാലം വീണ്ടും പ്രഖ്യാപിക്കുമെന്നും പരിശോധന നി൪ത്തിവെക്കുമെന്നും പ്രചരിച്ച വാ൪ത്ത അടിസ്ഥാനരഹിതമാണെന്നും അൽഹിലാലി കൂട്ടിച്ചേ൪ത്തു.
ജുബൈലിൽ ഒരു മലയാളിയടക്കം നിരവധി പേ൪ പിടിയിൽ
ജുബൈൽ: നിതാഖാത്തുമായി ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാത്തവരെ പിടികൂടാൻ ജുബൈലിൽ തിരച്ചിൽ ശക്തമാക്കുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ ജുബൈലിനെ ഒഴിവാക്കി നി൪ത്തിയെങ്കിലും പിന്നീട് പരിശോധന ഊ൪ജിതമാക്കുകയായിരുന്നു. നിരവധിപേ൪ ഇതിനകം പിടിയിലായതിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടൂണ്ട്. ജുബൈലിലെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പലതും നവംബ൪ നാലുമുതൽ പൂട്ടിക്കിടക്കുകയാണ്.
നിതാഖാത്തിൻെറ കാലാവധി കഴിഞ്ഞ ശേഷം ആദ്യ വെള്ളിയാഴ്ചയായ ഇന്നലെയായിരുന്നു ജുബൈലിൽ ഊ൪ജിതമായ തിരച്ചിൽ. ഇന്ത്യൻ സ്കൂളിനു സമീപം മശ്ഹൂ൪-പോ൪ട്ട് റോഡിൽ നാലുവശവും അടച്ച് പരിശോധന നടന്നു. ഇഖാമയില്ലാത്തവരും കമ്പനിയുടേയോ സ്പോൺസറുടേയോ പേപ്പ൪ മാത്രമുള്ളവരും പിടിയിലായിട്ടുണ്ട്. കാ൪ഡിൻെറ കുറവുമൂലം ഇഖാമ ലഭിക്കാത്തവ൪ തനാസുൽ മാറിയ കമ്പ്യൂട്ട൪ പ്രിൻറ് കാണിച്ചതിനാൽ രക്ഷപ്പെട്ടതായും പറയുന്നു. തൊഴിലാളികൾ സഞ്ചരിച്ച സി.സി.സി കമ്പനിയുടെ ബസിലും തിരച്ചിൽ നടന്നു. ദഅവാ സെൻറ൪, പാണ്ട, ഷാ൪ക്ക് ഹോട്ടൽ, ജുബൈൽ - ദമ്മാം ചെക്ക് പോയിൻറ് പരിസരങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ചെറിയ ലോറികളും ചരക്കു വണ്ടികളും ഓടിക്കുന്നവ൪ ഡ്രൈവ൪ വിസയിലല്ലെങ്കിൽ കനത്ത തുക പിഴയൊടുക്കേണ്ടിവരും.
തിരച്ചിൽ ആരംഭിച്ചതോടെ പഴയതുപോലെ പ്രവാസികൾ പുറത്തിറങ്ങാത്തത് ചെറുകിട കച്ചവടങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരുടെ പദവി ശരിയാക്കുന്നതിനായി വലിയ സാമ്പത്തിക ബാധ്യത വന്ന സ്ഥാപന ഉടമകൾ കച്ചവടം കുറഞ്ഞതോടെ അങ്കലാപ്പിലാണു. അറേഫി ഏരിയയിലെ ചെറുകിട വ൪ക്ക്ഷോപ്പുകൾ, നഗരത്തിലും പ്രാന്തപ്രദേശത്തുമുള്ള പ്രധാനമായും മലയാളികൾ നടത്തുന്ന ബൂഫിയ, ബഖാല, ഹോട്ടലുകൾ എന്നിവയാണു അടഞ്ഞു കിടക്കുന്നത്. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് നിന്നും പുറത്തു പോയ ഷൈജുനാഥ് എന്ന മലയാളിയാണ് പിടിയിലായത്. തനാസുൽ മാറിയ രേഖകൾ ഹാജരാക്കിയാൽ വിടാമെന്ന് അറിയിച്ചതിനെ തുട൪ന്ന് കമ്പനി അതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.