ചെങ്കൊടി കണ്ട് ചങ്കിടിച്ച് കവാസി ലഖ്മ
text_fieldsഛത്തിസ്ഗഢിലെ ബസ്തറിൽനിന്ന്
കൊണ്ട് വസന്തം വിരിയിക്കാനിറങ്ങിയ കമ്യൂണിസ്റ്റ് തീവ്രവാദികളിൽ നിന്ന് അദ്ഭുതകരമായി ജീവനും കൊണ്ടോടിയ കവാസി ലഖ്മക്ക് ചെങ്കൊടി കണ്ട് വീണ്ടും ചങ്കിടിക്കാൻ നിയോഗം. ബസ്തറിലെ ഏക കോൺഗ്രസ് എം.എൽ.എയാണ് ലഖ്മ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി മേഖലയായ ബസ്തറിൽ കോൺഗ്രസിന് കിട്ടിയ ഒരേ ഒരു സീറ്റാണ് കോണ്ട. ഈ മണ്ഡലത്തിലൂടെ ഛത്തിസ്ഗഢ് നിയമസഭയിൽ ചെങ്കൊടി പാറിക്കാൻ കച്ച കെട്ടിയ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ മനീഷ് കുഞ്ജത്തിന് മുന്നിൽ രാഷ്ട്രീയ ജീവിതം അടിയറ വെക്കേണ്ടിവരുമോയെന്ന ആധിയിലാണ് ലഖ്മ. ബി.ജെ.പി നി൪ത്തിയ ധനിറാം ബാ൪സെ എന്ന ദു൪ബല സ്ഥാനാ൪ഥിയും ലഖ്മയുടെ ചങ്കിടിപ്പ് ഏറ്റുന്നു.
പി.സി.സി അധ്യക്ഷൻ നന്ദകുമാ൪ പട്ടേലിനെയും വി.സി. ശുക്ള, മഹേന്ദ്ര ക൪മ എന്നിവരടക്കമുള്ള മുതി൪ന്ന നേതാക്കളടങ്ങുന്ന കോൺഗ്രസ് വ്യൂഹത്തെയും മാവോയിസ്റ്റ് കേഡറുകൾ വെടിവെച്ചുകൊന്നപ്പോൾ അവിടെ ലഖ്മയുമുണ്ടായിരുന്നു. അന്ന് നരേഷ് മിശ്രയെന്ന പത്രപ്രവ൪ത്തകൻെറ ബൈക്കിൽ ജീവനുംകൊണ്ട് രക്ഷപ്പെടുകയായിരുന്നു ലഖ്മ.
നക്സലുകളുടെ ആക്രമണ വിവരം പുറത്തറിഞ്ഞതും സ്ഥലം എം.എൽ.എയായ ലഖ്മയിലൂടെയായിരുന്നു. ലഖ്മയെയും അന്ന് സ്ഥലത്തില്ലാതിരുന്ന അജിത് യോഗിയെയും കോൺഗ്രസിലെ ഗ്രൂപ്പിസവുമായി ചേ൪ത്ത് രാഷ്ട്രീയ എതിരാളികൾ കഥ മെനഞ്ഞെങ്കിലും അതിൽ വാസ്തവമുണ്ടായിരുന്നില്ല. ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൻെറ പരിണതി നി൪ണയിക്കുന്ന കൂട്ടക്കശാപ്പായിരുന്നു ദ൪ഭയിലേതെന്ന് ബസ്ത൪ മേഖലയിലെ അടിയൊഴുക്കുകൾ കാണിച്ചുതരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്ടയൊഴികെ ബസ്തറിൽ 12ൽ 11 ഉം സീറ്റ് നേടിയ ബി.ജെ.പിക്കേ എന്തെങ്കിലും നഷ്ടപ്പെടാനുള്ളൂ. കൊല്ലപ്പെടും മുമ്പ് നന്ദ്കുമാ൪ പട്ടേലിൻെറ നേതൃത്വത്തിൽ നടന്ന ആസൂത്രിത പ്രചാരണം വഴിയുണ്ടായ ഭരണവിരുദ്ധവികാരം ബസ്തറിലെ നാല് മണ്ഡലങ്ങളിലെങ്കിലും മത്സരം പ്രവചനാതീതമാക്കിയിട്ടുണ്ട്. ഇതിൽ മൂന്ന് പേ൪ സംസ്ഥാന മന്ത്രിമാരാണെന്നതാണ് ശ്രദ്ധേയം.
ലതാ ഉസണ്ടി (കോണ്ടഗാവ് ), കേദാ൪ കശ്യപ് (നാരായൺപു൪), വിക്രം ഉസണ്ടി (അന്തഗഢ്) എന്നിവരാണവ൪. ബി.ജെ.പി പാ൪ലമെൻററി സെക്രട്ടറി മഹേഷ് ഘാഘടെ മത്സരിക്കുന്ന ബീജാപു൪ ആണ് ഭരണവിരുദ്ധവികാരമുള്ള മറ്റൊരു മണ്ഡലം. ഈ സമയത്താണ് തട്ടിക്കൊണ്ടുപോയ ജില്ലാ കലക്ടറെ മോചിപ്പിക്കാൻ സ൪ക്കാറിനും നക്സലുകൾക്കുമിടയിൽ മധ്യസ്ഥനായി നിന്ന സി.പി.ഐ നേതാവ് മനീഷ് കുഞ്ജം കോണ്ടയിലത്തെുന്നത്. ഇത്തവണ ചെങ്കൊടി പാറിക്കുമെന്ന് കട്ടായം പറഞ്ഞിറങ്ങിയ സി.പി.ഐക്ക് വഴിയെളുപ്പമാക്കാൻ ബി.ജെ.പി ദു൪ബലനെ നി൪ത്തുകയും ചെയ്തു.
മനീഷ് കുഞ്ജം ദന്തേവാഡയിൽ മത്സരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട മഹേന്ദ്ര ക൪മയുടെ ഭാര്യ ദേവതി ക൪മ സഹതാപതരംഗവുമായി രംഗത്തുള്ള ദന്തേവാഡയിൽ സി.പി.ഐക്ക് പ്രതീക്ഷയുണ്ട് താനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.