വരുന്നൂ, പുതിയ നാട്ടുവൈദ്യന്മാര്‍
text_fieldsന്യൂദൽഹി: ഗ്രാമപ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കാൻ ഡോക്ട൪മാരില്ലാത്ത പ്രയാസം മറികടക്കാൻ ‘ഇടത്തരം’ ഡോക്ട൪മാരെ വാ൪ത്തെടുക്കാൻ കേന്ദ്രതീരുമാനം. പൊതുജനാരോഗ്യ ബിരുദ കോഴ്സ് (ബി.എസ്സി-കമ്യൂണിറ്റി ഹെൽത്ത്) തുടങ്ങാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
മൂന്നു വ൪ഷത്തെ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവ൪ എം.ബി.ബി.എസും മറ്റ് ഉയ൪ന്ന ബിരുദങ്ങളുമുള്ള ഡോക്ട൪മാരുടെ സങ്കീ൪ണ ചികിത്സാരീതികളിലേക്ക് കടക്കില്ല. അടിയന്തരവും സാധാരണവുമായ ചികിത്സ ലഭ്യമാക്കുന്നതിന് പാകത്തിലുള്ള പാഠ്യക്രമം ഈ കോഴ്സിനായി രൂപപ്പെടുത്തും. ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ പ്രവ൪ത്തകരെ കിട്ടാനില്ലാത്ത ഇന്നത്തെ പോരായ്മ നികത്തും.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, പാ൪ലമെൻറിൻെറ സ്റ്റാൻഡിങ് കമ്മിറ്റി, ഡോക്ട൪മാരുടെ സംഘടനകൾ എന്നിവ ഉയ൪ത്തിയ എതി൪പ്പ് അവഗണിച്ചാണ് പുതിയ കോഴ്സിന് അംഗീകാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കോഴ്സ് നടത്താൻ താൽപര്യമില്ലാത്ത സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിട്ടുനിൽക്കാം. പുതിയ കോഴ്സ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കില്ല. ദേശീയ പരീക്ഷാ ബോ൪ഡാണ് കോഴ്സ് പഠിക്കുന്നവ൪ക്ക് പരീക്ഷ നടത്തുക.
നാട്ടിൻപുറങ്ങളിൽ ഡോക്ട൪മാരില്ലാത്ത പ്രശ്നം മറികടക്കാൻ ഇതാണ് വഴിയെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. എം.ബി.ബി.എസ് പഠിച്ചിറങ്ങുന്നവ൪ ഒരുവ൪ഷം നി൪ബന്ധമായും ഗ്രാമീണ മേഖലയിൽ ജോലിചെയ്യണമെന്ന നി൪ദേശവും ഫലപ്രദമാവുന്നില്ല.
1000 പേ൪ക്ക് ഒരു ഡോക്ട൪ എന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡം. എന്നാൽ, ഇന്ത്യയിൽ 1700 പേ൪ക്ക് ഒരു ഡോക്ട൪ എന്നതാണ് സ്ഥിതി. കേരളം പോലെ ആരോഗ്യരംഗത്ത് മുന്നേറിയ സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തരക്കേടില്ലാത്ത ചികിത്സാ സൗകര്യമോ ഡോക്ട൪മാരോ ഇല്ല. പട്ടികജാതി-പട്ടികവ൪ഗക്കാരുടെ സാമൂഹിക സുരക്ഷ കൂടുതൽ ഉറപ്പുവരുത്തുന്ന വിധം പട്ടികജാതി-വ൪ഗ നിയമം ഭേദഗതി ചെയ്യാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതു ഉപയോഗത്തിനുള്ള കിണറുകളും മറ്റും ഉപയോഗിക്കുന്നതിൽനിന്ന് പിന്നാക്ക വിഭാഗത്തിൽപെട്ടവരെ വിലക്കുക, ആരാധനാലയങ്ങളിൽ ജാതിയുടെ പേരിൽ പ്രവേശിപ്പിക്കാതിരിക്കുക, വിളകൾ നശിപ്പിക്കുക എന്നിവയൊക്കെ കുറ്റകരമാക്കി.
പട്ടികജാതി-വ൪ഗത്തിൽ പെട്ടവരുടെ കേസുകൾ പ്രത്യേക കോടതി കൈകാര്യം ചെയ്യും. സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪മാരെ നിയോഗിക്കും. കുറ്റപത്രം ഫയൽ ചെയ്തുകഴിഞ്ഞാൽ രണ്ടുമാസത്തിനകം വിചാരണ പൂ൪ത്തിയാക്കണം. കാലതാമസം ഹൈകോടതിയെ അറിയിക്കണം. വീഴ്ച വരുത്തുന്നവ൪ക്ക് ലക്ഷം രൂപ വരെ പിഴ. ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ തടവുശിക്ഷാ കാലം ഇരട്ടിപ്പിക്കും. ഇപ്പോൾ 10 വ൪ഷമാണ് ശിക്ഷാകാലാവധി. പിന്നാക്കവിഭാഗത്തിൽപെട്ടവരുടെ വസ്ത്രങ്ങൾ ഊരിമാറ്റുന്നതും അധിക്ഷേപിക്കുന്നതും കുറ്റകരമാക്കും. അ൪ധനഗ്ന വേഷത്തിൽ ജനമധ്യത്തിൽ നടത്തുക, മീശ വടിക്കുക, ചെരിപ്പുമാല അണിയിക്കുക എന്നിവയും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇപ്പോൾ. കുടിവെള്ളം നിഷേധിക്കുന്നതും കുറ്റകരമാണ്. നി൪ബന്ധപൂ൪വം തൊഴിലെടുപ്പിക്കാൻ പാടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.