സി.പി.എമ്മിന്‍െറ മുസ്ലിം മുഖ്യധാരയും പിണറായിയുടെ ജമാഅത്ത് വിമര്‍ശവും
text_fields‘സി.പി.എം മുഖ്യധാരയിലെ മുസ്ലിം’ (സി. ദാവൂദ് -മാധ്യമം- 9.11.13) എന്ന ശീ൪ഷകംതന്നെ വേറിട്ടൊരു മുഖ്യധാരയെയും വേറിട്ടൊരു ‘മുസ്ലിമി’നെയും സി.പി.എം അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ധ്വനിയാണ് ഉൾക്കൊള്ളുന്നത്. പക്ഷേ, സാമാന്യനായ ഒരാൾക്ക് ലേഖനത്തിൽ വായിക്കാനാവുക, ഭീഷണിയെ നേരിടുന്ന വെല്ലുവിളിയുടെയും ഉപരിതലസ്പ൪ശിയായ താ൪ക്കികതയുടേതുമാണ്. രാഷ്ട്രീയ പാ൪ട്ടിയായി ഗോദയിലുള്ള സി.പി.എമ്മിൻെറയും അങ്ങനെ ആയേക്കുമെന്ന് ചില കാരണങ്ങളാൽ നിരൂപിക്കാവുന്ന ജമാഅത്തെ ഇസ്ലാമിയുടെയും വക്താക്കൾ തമ്മിൽ നടക്കുന്ന വാഗ്ശരങ്ങൾ. അത് രണ്ടുമല്ലാത്തവ൪ക്ക് വലിയ താൽപര്യമുണ്ടായിക്കൊള്ളണമെന്നില്ല.
പിണറായി വിജയൻ മൗദൂദി ഖണ്ഡനത്തിന് അവലംബമാക്കിയതായി ദാവൂദ് കണ്ടത്തെുന്ന കോളജ് മാഷന്മാരിൽ ഒരാളോട് ഇതെഴുതുന്നയാൾ വെറുതെ ചോദിച്ചു, സി.പി.എം സംഘടിപ്പിച്ച മുസ്ലിം സെമിനാറിന് പോയില്ളേയെന്ന്. ആ വഴിക്കൊന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്യാതിരുന്ന സുഹൃത്തിൻെറ പ്രതികരണം ശ്രദ്ധേയമായി: ‘വേറെ പണിയില്ളേ! സി.പി.എമ്മിൻെറ വമ്പൻ മണ്ടത്തരങ്ങളിൽ മറ്റൊന്ന്!’
ദാവൂദിൻെറ ലേഖനത്തിലെ ശ്രദ്ധേയമായ ഒരു ഭാഗം വായിച്ചാൽ അത് മനസ്സിലാകുമെന്ന് തോന്നുന്നു. ‘കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുകക്ഷിയാണ് സി.പി.എം എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ മനസ്സിലാവുന്ന കാര്യമാണ്.’ ഈ പ്രധാന പോയൻറ് ശ്രദ്ധയിൽപെട്ടപ്പോഴാണ് ‘സി.പി.എമ്മിൻെറ വമ്പൻ മണ്ടത്തരങ്ങളിൽ മറ്റൊന്ന്!’ എന്ന സുഹൃത്തിൻെറ പ്രതികരണത്തിൻെറ ശരിയായ പൊരുൾ തലയിൽ കയറിയത്. സി.പി.എം എന്ന, ഹിന്ദു ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ മുൻതൂക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഇസ്ലാമിക വിമോചന പ്രത്യയശാസ്ത്രത്തെ നന്നായി ച൪ച്ചചെയ്യുന്ന വേദിയൊരുക്കുകയും അതിനായി പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്യുകയും മറ്റും ചെയ്താൽ ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ആ സംഘടനയുടെ അണികളിൽ സംഭവിച്ചേക്കാവുന്ന ശോഷണവും ഒഴിഞ്ഞുപോകലും പ്രതികൂലമായ ഫലമുളവാക്കുകയില്ളേ എന്നാവാം ആ പൊരുൾ.
സി.പി.എം എന്ന രാഷ്ട്രീയ പാ൪ട്ടിയിൽ മുസ്ലിംകളും ക്രിസ്ത്യാനികളുമല്ല, ഭൂരിപക്ഷ സമുദായക്കാരായ ഹിന്ദുക്കളാണ് കൂടുതലുള്ളത് എന്നതുതന്നെയാണ് ശ്രദ്ധിക്കേണ്ട പോയൻറ്. എന്നാൽ, അത് ദാവൂദ് സമ൪ഥിക്കാൻ ശ്രമിക്കുന്നതുപോലെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദോഷകരമായ ഒരു കാര്യമല്ല. ഇന്ത്യയിൽ കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ വേട്ടയാടപ്പെടുന്ന മുസ്ലിം ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ കാര്യമാണ് സി.പി.എമ്മിലെ ഹിന്ദുക്കളുടെ ഭൂരിപക്ഷം എന്നത്. കേരളത്തിലെങ്കിലും അതങ്ങനെയായതിൻെറ ഗുണഭോക്താക്കൾ കൂടിയാണ് മുസ്ലിംകൾ. ഭൂരിപക്ഷം ഹിന്ദുക്കൾ അണിനിരന്ന സി.പി.എമ്മാണ് മുസ്ലിം വംശനശീകരണത്തിനും പൗരാവകാശ ധ്വംസനങ്ങൾക്കുമെതിരെ ഈ നാട്ടിൽ മുഴങ്ങിക്കേൾക്കുന്ന ഏറ്റവും ശക്തവും ഫലപ്രദവുമായ ശബ്ദം എന്ന് അവരുടെ രാഷ്ട്രീയ ഗോദയിലെ എതിരാളികളായ മുസ്ലിംലീഗിലെ നേതാക്കൾപോലും മടികൂടാതെ സമ്മതിച്ചുതരും. എന്നല്ല, മുസ്ലിംലീഗിൽനിന്ന് ആളൊഴിഞ്ഞുപോകുന്നതിനെക്കാൾ ഗൗരവമേറിയ കാര്യമാണ് സി.പി.എമ്മിൽനിന്ന് ഭൂരിപക്ഷ സമുദായക്കാരായ ഹിന്ദുക്കൾ തെറ്റിപ്പിരിഞ്ഞ് ഹിന്ദുത്വ വംശഹത്യാ അജണ്ടയുള്ള സംഘങ്ങളിൽ എത്തിപ്പെടുക എന്നത്.
ഇന്ത്യയിലെ കമ്യൂണിസം ബ്രാഹ്മണ കമ്യൂണിസമാണെന്ന ദലിത് ചിന്തകരുടെ വിശകലനങ്ങളെയൊന്നും ഇവിടെ സൈ്വരമായി ജീവിക്കാൻ കൊതിക്കുന്ന ഒരു മുസ്ലിം സ്വന്തം മുദ്രാവാക്യമായി ഏറ്റുപാടിക്കൊണ്ട് നടക്കേണ്ട കാര്യമില്ല. മുസ്ലിം പക്ഷത്ത് പിടിച്ചുനി൪ത്താൻ ചില൪ വെമ്പൽകൊള്ളുന്ന ദലിത് വിഭാഗങ്ങളാണ് ഗുജറാത്തിലെ കൂട്ടക്കൊലയിൽ മുസ്ലിംകളുടെ കശാപ്പുകാരായി രംഗത്തുവന്നതെന്ന് ഖുതുബുദ്ദീൻ അൻസാരിയടക്കമുള്ളവ൪ പറഞ്ഞുതരും. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിലാണ് സാമൂഹികശാസ്ത്രപരമായ അന്വേഷണം ആവശ്യമായിരിക്കുന്നത്. ലളിതമാണ് അതിനുള്ള ഉത്തരം. കോ൪പറേറ്റ് താൽപര്യങ്ങളും മൂലധന സമാഹരണവും വ്യവസായവത്കരണവും ലക്ഷ്യമിടുന്ന ഭരണകൂടവും വ്യവസ്ഥയും വ൪ഗസംഘട്ടനത്തെ ഭയപ്പെടുന്നു എന്നതാണ്. ഒന്നുമില്ലാത്തവ൪ എന്ന വ൪ഗത്തിൽ ഒന്നിച്ച് നിൽപുറപ്പിക്കേണ്ടവരായ പണിയെടുത്തു ജീവിക്കുന്ന മുസ്ലിംകളെയും അതേയവസ്ഥയിലുള്ള ദലിതരെയും തമ്മിൽ മതം ചൂണ്ടിക്കാട്ടി ഏറ്റുമുട്ടിച്ച് വ൪ഗബോധത്തെ ഇല്ലായ്മ ചെയ്ത് വ൪ഗീയ ബോധത്തെ വള൪ത്താനും, സാധ്യതയുള്ള വ൪ഗസംഘട്ടനത്തെ വഴിതെറ്റിച്ച് വ൪ഗീയ സംഘട്ടനമാക്കി മാറ്റാനുമാണ് മൂലധന സമാഹരണത്തിൻെറ വക്താക്കൾ ഗുജറാത്തിൽ ശ്രമിച്ചത്. കേരളത്തിലെപ്പോലെ ഇന്ത്യയിലാകെയും ഹിന്ദു ഭൂരിപക്ഷം കമ്യൂണിസത്തിലേക്ക് ആകൃഷ്ടരായിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കുമായിരുന്നില്ലാത്ത സ്ഥിതിവിശേഷണമാണിത്. ദാവൂദ് എടുത്തുകാട്ടുന്ന ദലിത് വിരുദ്ധമായ ബ്രാഹ്മണ കമ്യൂണിസംതന്നെയാണ് ഇവിടെ ഉണ്ടായിരുന്നത് എന്നുതന്നെ വെക്കുക. ആ ബ്രാഹ്മണ കമ്യൂണിസം മുസ്ലിംകളോടും അവ൪ ഉൾക്കൊണ്ടിരിക്കുന്ന ‘ഇസ്ലാം’ എന്ന ആശയത്തോടും എവ്വിധമാണ് പ്രതികരിച്ചത് എന്നതിന് തനി ബ്രാഹ്മണൻതന്നെയായിരുന്ന സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിൻെറ പ്രവ൪ത്തനരീതിയെയും പഠനങ്ങളെയുംതന്നെ ശ്രദ്ധിച്ച് വായിച്ചാൽ മതി. ‘1921ൻെറ ആഹ്വാനവും താക്കീതും’ എന്ന പേരിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതുന്നു: ‘പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിൻെറ മ൪ദക ഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്റ്റ് പാ൪ട്ടി വീക്ഷിക്കുന്നു. ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മ൪ദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ’യുടേയും ‘മതഭ്രാന്തി’ൻെറയും പേരുപറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യ മ൪ദനത്തെ എതി൪ക്കുകയെന്ന കടമയിൽനിന്ന് ഒഴിഞ്ഞുമാറാൻ ‘അഹിംസ’യെ ഒരൊഴിവുകഴിവായി എടുക്കുകയും ചെയ്ത കോൺഗ്രസ് നേതൃത്വത്തിൻെറ ഭീരുത്വപൂ൪വമായ നയത്തെ പാ൪ട്ടി അവജ്ഞയോടുകൂടി അനുസ്മരിക്കുന്നു!’
സി.പി.എമ്മിൽ ദാവൂദ് കാണുന്ന ഹിന്ദുത്വം എന്നത് മുസ്ലിം ജനതക്ക് ഏറ്റവും വലിയ രക്ഷാകവചമായാണ് ഭവിച്ചത്. അവരുടെ പോരാട്ടഭൂമിയെ ഒരു പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചുകൊണ്ട് അവരോടും അവരുടെ ആശയമായിരുന്ന ഇസ്ലാമിനോടും ഐക്യദാ൪ഢ്യപ്പെടാനും ഇ.എം.എസ് മടിച്ചില്ല. എന്നല്ല, മുസ്ലിംകളുടെ പാ൪ട്ടിയായിപ്പോയി എന്നതിനാൽ മന്ത്രിസ്ഥാനം നൽകാതിരിക്കുകയും ഒടുവിൽ സ്പീക്ക൪പദവി കൊടുക്കാമെന്ന് വെച്ചപ്പോൾ തൊപ്പിയൂരിപ്പിച്ച് അപമാനിക്കുകയും ചെയ്ത കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് താൻ പിന്നീട് മുഖ്യമന്ത്രിയായി വന്ന മന്ത്രിസഭയിൽ രണ്ടു മന്ത്രിസ്ഥാനങ്ങൾ നൽകി ആദരിച്ചു ഈ ബ്രാഹ്മണ കമ്യൂണിസ്റ്റ്.
കോഴിക്കോട് നവംബ൪ ഏഴിന് നടന്ന മുഖ്യധാരാ പ്രകാശന സമ്മേളനം ഒരുപക്ഷേ, ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവംതന്നെയായി രേഖപ്പെടുമെങ്കിൽ അതിശയിക്കാനില്ല. ഖുതുബുദ്ദീൻ അൻസാരിക്ക് മുഖ്യധാരയുടെ പ്രഥമ കോപ്പി നൽകി പ്രകാശനം നി൪വഹിക്കുന്നതിനു മുമ്പായി പ്രകാശ് കാരാട്ട് ചെയ്ത പ്രസംഗം, മ൪ദിതരായ മുസ്ലിം ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷ സമുദായക്കാരായ ഹിന്ദുക്കളുടെ പാ൪ട്ടി എന്ന് ദാവൂദ് വിശേഷിപ്പിക്കുന്ന പാ൪ട്ടിയുടെ അധ്യക്ഷൻേറതായിരുന്നെങ്കിൽപോലും, മുസ്ലിം സമുദായത്തിലെ ഏതു പോരാളിയേയും വെല്ലുന്ന വീര്യവും തൻേറടവുമുൾക്കൊള്ളുന്ന ഒന്നായിരുന്നു. ഒരു മുസ്ലിമായിരുന്നു ഇങ്ങനെ പ്രസംഗിച്ചതെങ്കിൽ സ൪ക്കാറുകളുടെ ഭീകരവാദി പട്ടികയിൽ അയാളുടെ പേര് വന്നുപെടുമായിരുന്നു! അതുകഴിഞ്ഞ് പിണറായി വിജയൻ തൻെറ പ്രസംഗത്തിൽ പറഞ്ഞ ചിലതിൻെറ പേരിൽ ചൊടിച്ചാണ് ലേഖനം ദാവൂദ് തയാറാക്കിയത്. പിണറായി ജമാഅത്തിനെ ചീത്തപറഞ്ഞുകളഞ്ഞു! പോട്ടെന്നേ, ആരെയെങ്കിലും ഒന്നിനെ ചീത്തപറയാനും വേണ്ടേ! സ്റ്റേജിലാണെങ്കിൽ നിറയെ ഒരുകാലത്ത് ഇസ്ലാമിൻെറ വിമോചനമന്ത്രം ചൊല്ലിനടന്നിരുന്നവരും, സദസ്സിലാണെങ്കിൽ മതം ഹൃത്തിൽ വല്ലാതെ വേരുറച്ചവരുമൊക്കെയായിരുന്നു. ജമാഅത്തിനെ ഒന്നു ചൊട്ടിയാൽ മതത്തിൻെറ പേരിൽതന്നെ ഉള്ളിൽ സന്തോഷിക്കുന്നവരും അക്കൂട്ടത്തിൽ കാണുമെന്ന് പിണറായിക്ക് കണ്ടറിയാൻ കഴിഞ്ഞുകാണും. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയമുണ്ടാക്കാൻ പോകുന്നു എന്നൊക്കെ പഴയ ‘വയലിത്തറ’ വഅളു ശൈലിയിൽ അദ്ദേഹം പറഞ്ഞത്. പാകിസ്താൻ എന്ന പേരിൽ ഒരു മുസ്ലിം കമ്യൂണിറ്റി നേഷൻ രൂപംകൊണ്ടപ്പോൾ മൗദൂദി എന്ന മതപണ്ഡിതൻ അവിടത്തെ മുസ്ലിംകൾ മാത്രമായ ജനതയെ മുന്നിൽകണ്ടു പറഞ്ഞതാണ് പിണറായി വിമ൪ശവിധേയമാക്കുന്നത്. എന്നാൽ, ‘ഉമ്മത്ത്’ എന്നതിനു പകരം ഒരു കമ്യൂണിറ്റി നേഷൻ എന്ന സങ്കൽപത്തിനുതന്നെ മൗദൂദി എതിരായതിനാലാണ് അദ്ദേഹം മൗലാനാ ആസാദിനെപ്പോലെ ഇന്ത്യാ വിഭജനത്തെ ഏറ്റവും ശക്തിയായി എതി൪ത്തത് എന്ന കാര്യം പിണറായിക്ക് അറിയില്ലായിരിക്കാം. എന്നാലും, സുന്നി യാഥാസ്ഥിതിക പക്ഷത്തുനിന്നും മൗദൂദിക്ക് എതിരായ ഒരു വിമ൪ശം അദ്ദേഹം ഒരു കമ്യൂണിസ്റ്റുകാരനായിരുന്നുവെന്നും ആ നിലയിലാണ് അദ്ദേഹം ഇസ്ലാമിനെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നുവെന്നും പിണറായി അറിഞ്ഞുകാണില്ല. ഏതായാലും നിലവിൽവന്ന മുസ്ലിംകളുടേതു മാത്രമായ പുതിയ രാഷ്ട്രത്തിലെ പ്രജകളോട് ഇസ്ലാം അടിസ്ഥാനമാക്കിയാണ് അവ൪ നിയമനി൪മാണം നടത്തേണ്ടത് എന്ന മട്ടിൽ മൗദൂദി ചിലതു പറഞ്ഞിട്ടുണ്ട് എന്നു സമ്മതിക്കണം. ഇസ്ലാമിക ഭരണം, ഇസ്ലാമിക രാഷ്ട്രം എന്നൊക്കെ മൗദൂദി പറഞ്ഞത് ഈ മുസ്ലിംകൾ മാത്രമുള്ള പശ്ചാത്തലത്തെ മാത്രം പരിഗണിച്ചാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ടതും മുസ്ലിം യാഥാസ്ഥിതിക പണ്ഡിത൪പോലും കാര്യം അറിയാതെ വാപൊളിച്ചു നിൽക്കുന്നതുമായ മൗദൂദിയൻ പ്രയോഗമാണ് ‘ഹുകൂമത്തെ ഇലാഹി’ അഥവാ ‘ദൈവികരാഷ്ട്രം.’ പല൪ക്കുമതിൻെറ വിവക്ഷ ശരിക്കും മനസ്സിലായിട്ടില്ല. ഭൗതികവാദിയായ ഒരാൾക്ക് ‘ദൈവികം’ എന്നു പറഞ്ഞാൽ ഉൾക്കൊള്ളാനുള്ള പ്രയാസവും മനസ്സിലാക്കാം.
ദൈവിക ഭരണം-ഹുകൂമത്തെ ഇലാഹി എന്നു പറഞ്ഞാൽ എന്തെന്നു നോക്കാം. ക്രിസ്തുവിൻെറ പ്രയോഗമാണത്. മുഹമ്മദിൻെറ മുൻഗാമിയായ വചനവാഹകൻപോലും പ്രയോഗിച്ചത് കിങ്ഡം ഓഫ് ഗോഡ് -ദൈവരാജ്യം എന്നതാണ്. ക്രിസ്തു അതെക്കുറിച്ച് സുവിശേഷമറിയിച്ചു. മുഹമ്മദ് അത് ചരിത്രാനുഭവത്തിൽ യാഥാ൪ഥ്യവത്കരിക്കുകയും ചെയ്തു. ഒരു മനുഷ്യനും മറ്റൊരു മനുഷ്യൻെറമേൽ അധികാരിയാവാതിരിക്കുന്ന വിധമുള്ള സമാജ സുസ്ഥിതിയാണത്. സത്യത്തിൽ മൗദൂദി പറഞ്ഞ ‘ഹുകൂമതെ ഇലാഹി’ ക്രിസ്തു പറഞ്ഞ ദൈവരാജ്യം തന്നെയാണ്. അടിമത്തത്തിൽനിന്ന് കമ്യൂണിസത്തിലേക്കുള്ള തിരിച്ചുപോക്കാണത്. (പ്രഥമ കമ്യൂണിസത്തിനു ശേഷമുള്ള പ്രഥമമായ വ്യതിയാനത്തെയാണ് സാമൂഹികശാസ്ത്രജ്ഞനായ കാൾമാ൪ക്സും അടിമത്തം എന്നു വിളിക്കുന്നത്). ഏതായാലും അപ്പോൾ കിട്ടുന്ന ആശയത്തെ ഇംഗ്ളീഷിൽ Communion with Communism എന്നു പറയാം. സമാജ സുസ്ഥിതിയോടൊന്നിച്ച് മാത്രം സാധിക്കുന്ന പരമസത്യസാക്ഷാത്കാരം എന്ന് മൊഴി മാറ്റാമെന്നു തോന്നുന്നു.
ഇതിനാണ് ഭരണക്രമത്തിൻെറതായ ഇസ്ലാമിക വ്യവസ്ഥ എന്നു പറയുന്നത്. ഇതിന് ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള കമ്യൂണിസ്റ്റ് പാ൪ട്ടിയിലെ തുടക്കക്കാരായ ആചാര്യന്മാ൪ ആരും എതിരായിരുന്നില്ല. അതിനാലാണ് സഖാവ് എ.കെ.ജി 1946 ആഗസ്റ്റ് 23ന് പെരിന്തൽമണ്ണയിൽ വെച്ച് ചെയ്ത പ്രസംഗത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണത്തെ പ്രശംസിച്ചതിൻെറ പേരിൽ ജയിലിലടക്കപ്പെട്ടത്. വാരിയൻകുന്നത്തിൻെറ ‘ഇസ്ലാമിക രാഷ്ട്ര’ത്തെ സഖാവ് എ.കെ.ജി വാഴ്ത്തുന്നതിങ്ങനെ: ‘അന്നത്തെ ഖിലാഫത്ത് ഗവൺമെൻറ് പാവപ്പെട്ടവരുടെ ഗവൺമെൻറായിരുന്നു. അത് ക൪ഷകരുടെയും തൊഴിലാളികളുടെയും ഗവൺമെൻറായിരുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ക്യാമ്പിലുണ്ടായിരുന്നവ൪ ക൪ഷകരായിരുന്നു. നാട്ടിൽ പണമുള്ളവരുണ്ടായിരുന്നു. കുത്തക മുതലാളിമാരുണ്ടായിരുന്നു. എന്നിട്ടും ആരാണ് ഭരണം നടത്തിയത്? ഒരു പാവം വണ്ടിക്കാരൻ കുഞ്ഞഹമ്മദാജി. ഒരു പരീക്ഷയും പാസാകാത്തവൻ... വാരിയൻകുന്നത്തിൻെറ ഭരണത്തിൽനിന്ന് ജാതി-മതചിന്തകൾക്കതീതമായി പാവപ്പെട്ടവന് സംരക്ഷണം കിട്ടി.’
ഇതാണ് മൗദൂദി പറയുന്ന ‘ഹുകൂമത്തെ ഇലാഹി’യുടെ കേരളത്തിൽ പോലും ക്ഷണനേരം നിന്ന് പ്രകാശം പൊഴിച്ച ഭരണക്രമത്തിൻെറ യഥാ൪ഥ മാതൃക. കമ്യൂണിസ്റ്റുകൾ അതിനെ ശ്ളാഘിക്കുകയാണ് ചെയ്തത്.
എന്നാൽ, മൗദൂദി ഒരു മതപണ്ഡിതനെന്ന നിലക്ക് തൻെറ മതക്കാരുടേതു മാത്രമായ സാങ്കേതിക ശൈലിയിൽ സംസാരിച്ചത് മുസ്ലിമല്ലാത്തൊരാൾ അങ്ങനെയല്ല മനസ്സിലാക്കിയതെങ്കിൽ, അതിലെ കുറ്റം അവരുടേതാകില്ല. അല്ലാതെ കുഞ്ഞഹമ്മദാജിയുടെ ഭരണത്തെ ശ്ളാഘിക്കാൻ പ്രയാസമില്ലാത്ത ഒരു പ്രസ്ഥാനത്തിൻെറ നേതാവിൽനിന്ന് ഇത്തരം വിമ൪ശങ്ങൾ ഉണ്ടാവുകയില്ല. അപ്പോൾ സി.പി.എം രാഷ്ട്രീയവും ജമാഅത്ത് രാഷ്ട്രീയവും താൽപര്യങ്ങളുടെ പേരിൽ ഏറ്റുമുട്ടിയെന്നുവരും. എന്നാൽ, അത് എല്ലാവ൪ക്കും ബാധകമാകുന്നവിധത്തിൽ മാധ്യമം പോലുള്ള പത്രങ്ങളിൽ ച൪ച്ചക്ക് വിധേയമാകുന്നത് ഭൂഷണമല്ല. ഏതോ വെല്ലുവിളിക്കുള്ള മറുപടിയെന്നോണം സഖാവ് പിണറായി പറഞ്ഞല്ളോ ‘ഭീഷണിക്കു വഴങ്ങി നിലപാട് മാറ്റാൻ വേറെ ആളെ നോക്കണം!’ എന്ന്. അതിൽ ആശ്വാസമാണ് വായിക്കേണ്ടത്. ഭൂരിപക്ഷ സമുദായത്തിന് മുൻതൂക്കമുള്ള സി.പി.എം മതനിരപേക്ഷമായ നിലപാട് മാറ്റാൻ പോകുന്നില്ല എന്നല്ളേ അതിന൪ഥം. അതിൽ ഖുതുബുദ്ദീൻ അൻസാരിയുടെ സമുദായത്തിന് ആശ്വാസമുണ്ട്; അതിൻെറ പേരിൽ അവരോട് നന്ദിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.