കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ഏകപക്ഷീയമായി നടപ്പാക്കില്ല -കേന്ദ്രം
text_fieldsന്യൂദൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗൻ കമ്മിറ്റി ശിപാ൪ശകൾ ഏകപക്ഷീയമായി നടപ്പാക്കില്ളെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ. ദൽഹിയിൽ മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവ൪.
കസ്തൂരിരംഗൻ ശിപാ൪ശകളിൽ വനം-പരിസ്ഥിതി മന്ത്രാലയം നവംബ൪ 13ന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമല്ല. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നിരോധിക്കണമെന്ന് റിപ്പോ൪ട്ടിൽ നി൪ദേശിച്ച മണൽ ഖനനം, ക്വാറി, വൻകിട നി൪മാണ പ്രവ൪ത്തനം എന്നിവ അടിയന്തരമായി തടയാൻ മാത്രമുള്ളതാണ് പ്രസ്തുത ഉത്തരവ്. അതിൽ നിലപാട് അറിയിക്കാൻ ബന്ധപ്പെട്ട എല്ലാവ൪ക്കും 60 ദിവസ സമയം നൽകിയിട്ടുമുണ്ട്. സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും മറ്റും അറിയിക്കുന്ന നിലപാട് കേന്ദ്രം പരിഗണിക്കും. ഉത്തരവിൽ ക൪ഷകവിരുദ്ധമായി ഒന്നുമില്ല. മാത്രമല്ല, ജനങ്ങൾക്കും പ്രകൃതിക്കും ഗുണം ചെയ്യുന്നതാണതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വിവാദത്തിൻെറ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതി വിശദീകരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശനിയാഴ്ച പുതിയ ഓഫിസ് മെമ്മോറാണ്ടം പുറത്തിറക്കി. കസ്തൂരിരംഗൻ ശിപാ൪ശകളിൽ നടപ്പാക്കുന്നത് ഏതൊക്കെയെന്ന് വിശദീകരിച്ച് കരട് വിജ്ഞാപനം വൈകാതെ പുറത്തിറക്കുമെന്ന് ഓഫിസ് മെമ്മോറാണ്ടം പറയുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾകൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക. ഇതിനുമുമ്പ്, സംസ്ഥാനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ നാലു മാസം സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം രേഖാമൂലം വ്യക്തമാക്കുന്നതാണ് പുതിയ ഓഫിസ് മെമ്മോറാണ്ടം. കസ്തൂരിരംഗൻ ശിപാ൪ശകളിൽ അഞ്ചെണ്ണം നടപ്പാക്കി നവംബ൪ 13ന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമ വിജ്ഞാപനമാണെന്ന തെറ്റിദ്ധാരണ മാറ്റാൻകൂടിയാണ് ഓഫിസ് മെമ്മോറാണ്ടം ഇറക്കിയതെന്നും മന്ത്രാലയം വൃത്തങ്ങൾ വിശദീകരിച്ചു.
പശ്ചിമഘട്ടത്തിൻെറ 37 ശതമാനം വരുന്ന ആറ് സംസ്ഥാനങ്ങളിലായുള്ള 60000 ചതുരശ്ര കിലോമീറ്റ൪ സ്ഥലം പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി നാച്വറൽ ലാൻഡ് സ്കേപ് ആയി പ്രഖ്യാപിക്കാനുള്ള നി൪ദേശം കേന്ദ്രം സ്വീകരിച്ചതായും ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നു. ഇതനുസരിച്ച് ഈ പ്രദേശങ്ങളിൽ ക്വാറികൾ, മണൽ ഖനനം എന്നിവ നിരോധിച്ചു. താപ വൈദ്യുതി നിലയങ്ങളും പാടില്ല. 50 ഹെക്ടറോ അല്ളെങ്കിൽ ഒന്നരലക്ഷം ചതുരശ്രമീറ്റ൪ ബിൽഡ് അപ് ഏരിയ ഉള്ള ടൗൺഷിപ്/ഏരിയാ വികസന പദ്ധതികളും അനുവദിക്കില്ല. മലിനീകരണമുണ്ടാക്കുന്ന റെഡ് കാറ്റഗറിയിൽപെടുന്ന വ്യവസായങ്ങൾ പാടില്ല. എന്നാൽ, ജലവൈദ്യുതി പദ്ധതികൾക്കും കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനും നിയന്ത്രണങ്ങൾക്ക് വിധേയമായി അനുമതി ലഭിക്കും. നാച്വറൽ ലാൻഡ് സ്കേപ് പ്രദേശത്ത് വനാവകാശ നിയമം ക൪ശനമായി നടപ്പാക്കും. പുതിയ വികസന പദ്ധതികൾക്ക് ഗ്രാമസഭകളുടെ അനുമതി നി൪ബന്ധമാക്കും. കസ്തൂരിരംഗൻ ശിപാ൪ശ നടപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. നാച്വറൽ ലാൻഡ് സ്കേപ് പ്രദേശങ്ങളുടെ അതി൪ത്തി നി൪ണയം സംസ്ഥാന സ൪ക്കാറുമായി ച൪ച്ചചെയ്തായിരിക്കും തീരുമാനിക്കുകയെന്നും ഓഫിസ് മെമ്മോറാണ്ടം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.