ഷെഫീഖ് ആശുപത്രിവിട്ടു; വൈകിട്ട് ഇടുക്കിയില്‍ എത്തും
text_fieldsവെല്ലൂ൪: പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായതിനെ തുട൪ന്ന് വെല്ലൂ൪ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷെഫീഖ് ആശുപത്രിവിട്ടു. പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ച സംഘം വൈകിട്ട് ഇടുക്കിയിൽ എത്തും. ഷെഫീഖിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ട൪മാ൪ അറിയിച്ചു.
ഷെഫീഖിനെ നാട്ടിലെത്തിക്കാൻ ഇടുക്കി ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസ൪ ഏലിയാസ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് വെല്ലൂരിലെത്തിയത്. ഇില്ലാ ആശുപത്രി ഡോക്ട൪ ഷിനോബി കുര്യൻ, വുമൺ പ്രൊട്ടക്ഷൻ ഓഫീസ൪ ലിസി തോമസ്, ചൈൽഡ് ലൈൻ ജില്ലാ കോ ഓഡിനേറ്റ൪ അമൽ എബ്രഹാം എന്നിവരാണ് സംഘത്തിലുള്ളത്.
കുട്ടിയെ നേരത്തെ ചികിത്സിച്ചിരുന്ന കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലേക്കായിരിക്കും കൊണ്ടുവരിക. വെള്ളിയാഴ്ച ചെറുതോണിയിലെ ജില്ലാ വിമൺസ് കൗൺസിലിന്റെ കിഴീലുള്ള സ്വധ൪ ഹോമിലെക്ക് മാറ്റും. അങ്കണവാടി ഹെൽപ൪ രാഗിണിയാണ് ഷെഫീഖിനെ പരിചരിക്കുക. ആശുപത്രി അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിനാണ് സ്വധ൪ ഹോമിൽ പ്രത്യേക പരിചരണം നൽകുന്നത്. ഇവിടെ നിലവിൽ 34 കുട്ടികളും അമ്മമാരുമുണ്ട്.
ജൂലൈ 16നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തിന് ഷെഫീഖ് ഇരയായത്. ഷെഫീഖിന്റെ മാതാപിതാക്കൾ ജയിലിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.