ബ്രസീലിലേക്ക് ഉറുഗ്വായ്
text_fieldsമോണ്ട വിഡിയോ: അയൽനാട്ടിൽ നടക്കുന്ന വിശ്വമേളയിൽ ഇടമുറപ്പിക്കുന്ന അവസാന നിരയായി ഉറുഗ്വായ് ലക്ഷ്യം നേടി. ലോകകപ്പ് ഫുട്ബാൾ യോഗ്യതാറൗണ്ടിലെ പ്ളേഓഫ് മത്സരത്തിൽ ഏഷ്യൻ ടീമായ ജോ൪ഡനെ പിന്തള്ളിയാണ് തെക്കനമേരിക്കൻ ചാമ്പ്യൻ ടീമിൻെറ ലോകകപ്പ് പ്രവേശം. താരതമ്യേന ദു൪ബലരായ എതിരാളികൾക്കെതിരെ സ്വന്തം തട്ടകമായ സെൻറിനാരിയോ സ്റ്റേഡിയത്തിൽ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തിൽ അമ്മാനിൽ നേടിയ മറുപടിയില്ലാത്ത അഞ്ചു ഗോളുകളുടെ ജയം ഉറുഗ്വായിക്ക് ധാരാളമായിരുന്നു.
ലൂയി സുവാറസും എഡിൻസൺ കവാനിയും തേരുതെളിച്ച കോപാ അമേരിക്ക ജേതാക്കൾക്കെതിരെ മോണ്ട വിഡിയോയിൽ ജോ൪ഡൻ പ്രവചനാതീതമായ ചെറുത്തുനിൽപാണ് കാഴ്ചവെച്ചത്. ആദ്യപാദത്തിൽ കണ്ണഞ്ചും ജയം സ്വന്തമാക്കിയ അതേ ടീമിനെയാണ് രണ്ടാം പാദത്തിലും ഉറുഗ്വായ് കോച്ച് ഓസ്കാ൪ ടബാരെസ് അണിനിരത്തിയത്.
വലിയ മാ൪ജിൻ മറികടക്കേണ്ടതിനാൽ തുടക്കത്തിൽ ജോ൪ഡൻ ആക്രമിച്ചുകളിച്ചെങ്കിലും പതിയെ ആതിഥേയ൪ നിയന്ത്രണമേറ്റെടുത്തു. കളി മുറുകുന്തോറും എതി൪നിരകളിലേക്ക് ഇരച്ചുകയറാൻ ഇരുനിരയും മടികാട്ടിയപ്പോൾ ആവേശകരമായ നീക്കങ്ങളൊന്നും പിറവിയെടുത്തില്ല. ആദ്യപകുതിയിൽ കവാനിയുടെ ഒരു ശ്രമം പോസ്റ്റിനു മുകളിലൂടെ പറന്നപ്പോൾ ഡീഗോ ഗോഡിൻെറ ഹെഡ൪ ക്രോസ്ബാറിനിടിച്ച് വഴിമാറി. രണ്ടാംപകുതിയിൽ ആതിഥേയ നിരയിൽ ഡീഗോ ലുഗാനോയുടെ ഹെഡറും ഇഞ്ചുകൾക്ക് ഗതിമാറുകയായിരുന്നു. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനക്കാരായ ഉറുഗ്വായ് സീഡഡ് ടീമായതിനാൽ ഡിസംബ൪ ആറിന് നടക്കുന്ന നറുക്കെടുപ്പിൽ ബ്രസീൽ, സ്പെയിൻ, ജ൪മനി, അ൪ജൻറീന തുടങ്ങിയ കരുത്ത൪ ഉൾപ്പെട്ട ഗ്രൂപ്പിലായിരിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.