Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകാമമോഹിതന്‍

കാമമോഹിതന്‍

text_fields
bookmark_border
കാമമോഹിതന്‍
cancel

‘കാമനയുടെ രസതന്ത്രം’ എന്ന ഒരു നോവലുണ്ട്. ആൽക്കെമി ഓഫ് ഡിസയ൪ എന്നാണ് മൂലകൃതിയുടെ തലക്കെട്ട്. രതിവ൪ണനയുടെ പേരിൽ ബ്രിട്ടനിലെ കുപ്രസിദ്ധമായ ബാഡ് സെക്സ് അവാ൪ഡ് നോമിനേഷൻ കിട്ടിയ പുസ്തകം. വിവ൪ത്തനം ഇറങ്ങിയിട്ടുണ്ട്. മലയാളത്തിൽ വായിക്കാൻ കിട്ടും. നോവൽ തുടങ്ങുന്നതു തന്നെ രസകരമായ ഒരു നിരീക്ഷണത്തിലാണ്. ‘രണ്ടുപേരെ തമ്മിൽ കൂട്ടിച്ചേ൪ക്കുന്ന മഹത്തായ പശയൊന്നുമല്ല പ്രണയം; പക്ഷേ രതി അങ്ങനെയാണ്.’ രതിയുടെ അക്കരയിക്കരെയോളം കണ്ടുമടങ്ങുന്ന കൃതിയുടെ ക൪ത്താവ് തരുൺജിത് തേജ്പാൽ. ശമനമില്ലാത്ത തൃഷ്ണകളുടെ അംഗാരശയ്യയിൽ നീറിക്കിടക്കുന്ന ഉടലുകളുടെയും മനസ്സുകളുടെയും കഥയാണ് അത്. മഞ്ഞുമൂടിയ ഹിമാലയൻ താഴ്വരയിൽ ഒടുങ്ങാത്ത ആസക്തികളുടെ കനൽ തണുപ്പിക്കാനത്തെുന്ന യുവദമ്പതികളുടെ കഥ. പ്രണയം, ക൪മം, അ൪ഥം, കാമം, സത്യം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലൂടെയാണ് നോവൽ കടന്നുപോകുന്നത്. മൊത്തത്തിൽ കൊള്ളാവുന്ന ഒരു വായനാനുഭവം. സ്വന്തം കാമനകളുടെ രസതന്ത്രം പിടികിട്ടാതായിപ്പോയി എന്നതാണ് നോവലിസ്റ്റിനെ ഇപ്പോൾ അലട്ടുന്ന പ്രശ്നം.
ആലസ്യത്തിലാണ്ട ഇന്ത്യൻ മാധ്യമപ്രവ൪ത്തനത്തിൻെറ കണ്ണുതുറപ്പിച്ച സാഹസിക പത്രപ്രവ൪ത്തകനാണ്. തെഹൽകയുടെ സ്ഥാപകൻ. ഈ മാസം ഏഴിനും എട്ടിനുമായാണ് സ്വന്തം കാമനകളുടെ മേലുള്ള കൺട്രോൾ കൈവിട്ടുപോയത്. ഗോവയിലെ സാഹിത്യസമ്മേളനത്തിൽ സ്വന്തം മാധ്യമസ്ഥാപനത്തിലെ പത്രപ്രവ൪ത്തകയെ കണ്ടപ്പോഴായിരുന്നു അത്. പഞ്ചനക്ഷത്രഹോട്ടലിൻെറ ലിഫ്റ്റിൽ ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുമ്പോഴാണ് മനുഷ്യരെ തമ്മിൽ കൂട്ടിച്ചേ൪ക്കുന്ന ‘ഗ്രേറ്റസ്റ്റ് ഗ്ളൂ’ നോവലിസ്റ്റിൽ ശക്തമായി പ്രവ൪ത്തിച്ചു തുടങ്ങിയത്. പെൺകുട്ടി എതി൪ത്തപ്പോൾ ജോലി നിലനി൪ത്തണമെങ്കിൽ വഴങ്ങണമെന്ന് മുന്നറിയിപ്പു നൽകി. തനി ജോസ്പ്രകാശ് വില്ലനിസം തേജ്പാലിൽ പ്രവ൪ത്തിച്ചു. നോക്കണേ കാമനകൾ വരുത്തിവെക്കുന്ന വിന! പെൺകുട്ടി തെഹൽകയിൽ പരാതി കൊടുത്തു. സംഗതി പ്രശ്നമായപ്പോൾ മദ്യലഹരിയിലെ നേരമ്പോക്കെന്ന് സംഭവത്തെ ലഘൂകരിക്കാനായി ശ്രമം. പെൺകുട്ടിയോട് ലൈംഗികാഗ്രഹം പ്രകടിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നെന്ന് നിരുപാധികം മാപ്പുപറഞ്ഞു. ആറുമാസം വരെ തെഹൽകയുടെ ആപ്പീസിൻെറ നാലയലത്ത് കാലുകുത്തില്ളെന്ന് വാക്കും കൊടുത്തു. ഗോവ പൊലീസ് മാനഭംഗത്തിന് കേസെടുത്തു. പ്രസാ൪ഭാരതി അംഗമാക്കാൻ ഉപരാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള സമിതി ശിപാ൪ശ ചെയ്തിരുന്നു. പീഡനക്കേസ് പ്രതിയായ സാഹചര്യത്തിൽ ആ ശിപാ൪ശ റദ്ദാക്കി. ഇനി കുറച്ചുകാലം നോവലെഴുതി കഴിയാം. രണ്ടാമത്തെ നോവലിൻെറ പേര് ‘എൻെറ കൊലയാളികളുടെ കഥ’ എന്നാണ്. അടുത്ത രചനയുടെ തലക്കെട്ട് എൻെറ പീഡനകാലകഥകൾ എന്നായിരിക്കാം.
സുപ്രീംകോടതി ജഡ്ജി പീഡിപ്പിച്ചതായി ഒരു പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന മാധ്യമപ്രവ൪ത്തകൻ കൂടി പ്രതിക്കൂട്ടിലാവുന്നത്്. ജനാധിപത്യത്തിൻെറ രണ്ട് നെടുംതൂണുകൾ നമ്മുടെ മുന്നിൽ കടപുഴകിവീഴുന്നു. ജനാധിപത്യ ബദൽ വീക്ഷണം വെച്ചുപുല൪ത്തുന്ന ഒരു പ്രസിദ്ധീകരണത്തിൻെറ തലപ്പത്തിരിക്കുന്നയാളാണ് തേജ്പാൽ. ജനാധിപത്യം എന്നത് പാ൪ലമെൻററി ജനാധിപത്യം മാത്രമല്ളെന്നും അത് വിശാലമായ ഒരു മാനവിക സങ്കൽപമാണ് എന്നും അറിയാത്ത ആളല്ല അദ്ദേഹം. ഒരു പെൺകുട്ടിയുടെ സ്വന്തം ശരീരത്തിൻെറ സ്വയം നി൪ണയാവകാശത്തിനു മേലുള്ള നി൪ദയമായ കടന്നുകയറ്റമാണ് തേജ്പാൽ നടത്തിയത്. അതുകൊണ്ടുതന്നെ അത് ഫാഷിസമാണ്. ഉന്നതമായ ജനാധിപത്യമൂല്യങ്ങൾക്കു വേണ്ടി വാദിക്കാനുള്ള അ൪ഹതയാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത്. ‘എൻെറ ലജ്ജാകരവും തെറ്റായതുമായ ഒരു തീരുമാനത്തിൻെറ പുറത്ത് നിന്നോട് ലൈംഗികബന്ധത്തിന് ആഗ്രഹം പ്രകടിപ്പിച്ചതിൽ നിരുപാധികം ഖേദിക്കുന്നു’വെന്നാണ് തേജ്പാൽ പെൺകുട്ടിക്ക് അയച്ച ഇ-മെയിലിൽ പറയുന്നത്. ലൈംഗികബന്ധത്തിനുള്ള ആഗ്രഹപ്രകടനം എന്ന വാക്ക് വസ്തുതകളുടെ വളച്ചൊടിക്കലാണ് എന്ന് പെൺകുട്ടി പറയുന്നു. ‘ഹി വയലേറ്റഡ് മൈ ബോഡിലി ഇൻറഗ്രിറ്റി’ എന്നാണ് മറുപടിയിലെ വാചകങ്ങൾ. അത് ശരീരത്തിൻെറ സ്വയം നി൪ണയാവകാശത്തിനുമേലുള്ള ആക്രമണമാണ്. പെൺകുട്ടികളെ പീഡിപ്പിക്കുന്നവ൪ക്ക് എതിരെ സംസാരിക്കാനുള്ള ധാ൪മികമായ അവകാശവും അ൪ഹതയും ഇതോടെ തേജ്പാലിന് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. വൃന്ദ കാരാട്ട് പറഞ്ഞതുപോലെ പ്രായശ്ചിത്തത്തിനു പറ്റിയ സ്ഥലം ജയിലാണ്.
1963 മാ൪ച്ച് 15ന് ജനനം. അച്ഛൻ സൈന്യത്തിലായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് വള൪ന്നത്. ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. അവിടെ ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവ൪ത്തനത്തിനു തുടക്കം കുറിച്ചു. 1984ൽ ഇന്ത്യാ ടുഡേയിൽ. അവിടെ അഞ്ചു വ൪ഷം. പിന്നീട് ഫിനാൻഷ്യൽ എക്സ്പ്രസിൻെറ കൺസൾട്ടൻറ്. തുട൪ന്ന് ഇന്ത്യൻ വാ൪ത്താവാരികകളുടെ മുഖച്ഛായ തന്നെ മാറ്റിയ ‘ഒൗട്ട്ലുക്’ൻെറ അണിയറപ്രവ൪ത്തകരിലൊരാളായി. 2000ത്തിൽ ‘ഒൗട്ട്ലുക്’ വിട്ട് തെഹൽക എന്ന പേരിൽ വെബ്സൈറ്റ് തുടങ്ങി. ‘പത്തൊമ്പതാം വയസ്സിലാണ് കാഫ്കയെ വായിച്ചത്. പക്ഷേ അദ്ദേഹത്തെ എനിക്ക് മനസ്സിലാവുന്നത് ഇപ്പോഴാണ്’എന്ന് അക്കാലത്ത് എഴുതി. കാഫ്ക പറഞ്ഞ അധികാരത്തിൻെറ അദൃശ്യദു൪ഗങ്ങൾക്ക് എതിരെയായിരുന്നു പോരാട്ടം. പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്ന ഓപറേഷൻ വെസ്റ്റ് എൻഡിനുശേഷം തെഹൽകയുടെ പ്രതിനിധികൾ ജയിലിലായി. 120ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. എയ൪കണ്ടീഷന൪ പോലും എടുത്തു വിൽക്കേണ്ടി വന്നു. പ്രതിരോധമന്ത്രി രാജിവെക്കാനും ബംഗാരു ലക്ഷ്മണിൻെറ രാഷ്ട്രീയഭാവി ഇരുൾ മൂടുന്നതിനും കാരണമായ വെളിപ്പെടുത്തലായിരുന്നു അത്. ഒളികാമറ ഓപറേഷന് സൈനിക മേധാവികൾക്ക് കാൾഗേൾസിനെ എത്തിച്ചുകൊടുത്തുവെന്ന് ആരോപണമുയ൪ന്നു. വലിയ തെറ്റ് കണ്ടത്തൊൻ ചെയ്ത ചെറിയ തെറ്റ് എന്ന് തരുൺ അതിനെ ന്യായീകരിച്ചു. നാലുവ൪ഷം നീണ്ട കൊടുംപീഡനത്തിനുശേഷം തെഹൽക ചാരത്തിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയ൪ന്നു. 2004 ജനുവരി മുതൽ ദേശീയവാരികയായി പ്രസിദ്ധീകരിച്ചു തുടങ്ങി. ഇന്ത്യൻ ക്രിക്കറ്റിലെ വാതുവെപ്പുകഥകൾ പുറത്തുകൊണ്ടുവന്നു. നരേന്ദ്ര മോഡിയുടെ അറിവോടും അനുമതിയോടും കൂടിയാണ് വംശഹത്യ നടന്നത് എന്ന് ഒളികാമറ അന്വേഷണത്തിലൂടെ വെളിപ്പെടുത്തി. ഇന്ത്യൻ ഇംഗ്ളീഷ് സാഹിത്യകാരന്മാരിൽ പ്രമുഖനാണ്. ദ വാലി ഓഫ് ദ മാസ്ക് ആണ് മൂന്നാമത്തെ നോവൽ. മാൻ ഏഷ്യൻ ലിറ്റററി പ്രൈസിന് നാമനി൪ദേശം ചെയ്യപ്പെട്ട രചന. അരുന്ധതി റോയിയുടെ വിഖ്യാതനോവൽ പ്രസിദ്ധീകരിച്ച പ്രസാധക കമ്പനിയുടെ സ്ഥാപകനാണ്. ഇത്രയും ആരും സമ്മതിക്കുന്ന വസ്തുതകൾ.
ഇന്ത്യൻ രാഷ്ട്രീയത്തിൻെറ ഇരുണ്ട മറുപുറം കാട്ടിത്തന്ന പത്രാധിപരാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ജനാധിപത്യത്തിൻെറ കാവൽനായ്ക്കളാണ് മാധ്യമപ്രവ൪ത്തക൪. അതിന് ഒരു ധാ൪മിക സംഹിതയുണ്ട്. അതനുസരിച്ച് അവരിലൊരാൾ കള്ളനാണെങ്കിൽ മറ്റുകള്ളന്മാരെ എങ്ങനെ വിമ൪ശിക്കുന്നോ ആ ആ൪ജവത്തോടെ തന്നെ അയാളെയും വിമ൪ശിക്കണം. ആശാറാംബാപ്പുവിൻെറ പീഡനത്തെക്കുറിച്ച് എഴുതുന്ന തീവ്രത തേജ്പാലിൻെറ നടപടിക്ക് എതിരെ എഴുതുമ്പോഴും വേണം. ബഹുമാനിച്ചിരുന്ന ഒരു മനുഷ്യനാലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. ജോലിയിൽനിന്ന് ആറുമാസം സ്വയം വിട്ടുനിൽക്കാനുള്ള സന്നദ്ധത വലിയ ഉദാരമനസ്കതയൊന്നുമല്ല. ആറുമാസത്തെ സ്വയംപ്രഖ്യാപിത അവധികൊണ്ട് തിരുത്താവുന്നതല്ല ആ തെറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story