നഗരം വെള്ളത്തിലാകുമ്പോഴും ഓടകള്‍ അടഞ്ഞുതന്നെ
text_fieldsതിരുവനന്തപുരം: ചാറ്റൽ മഴയിൽപോലും കിഴക്കേകോട്ടയും തമ്പാനൂരും വെള്ളത്തിൽ മുങ്ങാൻ കാരണം ഓടയിലെ മണ്ണും ചവറും നീക്കാത്തത്. റോഡിൽ പെയ്തിറങ്ങുന്ന വെള്ളം ഒഴുകിയിറങ്ങാൻ വഴിയില്ലാത്തതാണ് പെട്ടെന്ന് വെള്ളം ഉയരാൻ കാരണം.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിലെ ഓടയുടെ സ്ളാബ് വ൪ഷങ്ങൾക്കുശേഷം കഴിഞ്ഞ മാസം തുറന്നിരുന്നു. കുറച്ചുഭാഗത്തെ ചെളിനീക്കിയശേഷം വീണ്ടും മൂടിയിട്ടു. ക്ഷേത്രത്തിന് മുന്നിലെ നാളികേര കച്ചവടക്കാ൪ ഓടയിലേക്ക് താഴ്ത്തുന്ന കേടായ നാളികേരവും ചകിരിയുമെല്ലാം ചേ൪ന്നാണ് ഓട നിറഞ്ഞുകിടക്കുന്നത്്.തമ്പാനൂ൪ ബസ് സ്റ്റാൻഡിന് അരികിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിലെ ചപ്പുചവറുകൾ അടുത്തിടെയൊന്നും നീക്കം ചെയ്തിട്ടില്ല. റെയിൽവേ പാളത്തിന് അടിയിലൂടെ പോകുന്ന ഭാഗം ചവ൪മൂടിയതിനുശേഷം ഒരടി മാത്രമാണ് വെള്ളം ഒഴുകാനുള്ളത്. അതിനാൽ ചെറിയ മഴ പെയ്യുമ്പോൾ ആമയിഴഞ്ചാൻ തോട് നിറയുന്നു.
എസ്.എസ് കോവിൽ റോഡിൽ നിന്നുള്ള ഓടയുടെ സ്ഥിതിയും ഇതുതന്നെയാണ്. ഓട ചെളി നിറഞ്ഞുകിടക്കുകയാണ്. ഇവിടെ നിന്ന് ആമയിഴഞ്ചാൻ തോട്ടിലേക്ക് പതിക്കുന്ന ഭാഗത്തെ ഓടയും ചെളി നിറഞ്ഞുകിടക്കുന്നു. ആമയിഴഞ്ചാൻ തോട് കടലിൽ പതിക്കുന്ന ഭാഗത്തെ പൊഴി മുറിക്കാതെ കിടക്കുന്നതിനാൽ കനത്ത മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകുന്നില്ല.മഴയിൽ റോഡിൽ വെള്ളം ഉയരാൻ കാരണം ആമയിഴഞ്ചാൻ തോട് കൈകാര്യംചെയ്യുന്ന ഇറിഗേഷൻ വകുപ്പും ദേശീയപാത കൈകാര്യംചെയ്യുന്ന പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരുടേയും അലംഭാവമാണ്. ചെറുമഴ പെയ്താൽതന്നെ കരമന പാലത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
പാലത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങളിലെ മണ്ണ് മാറ്റാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇതേപറ്റി നാട്ടുകാ൪ പരാതിപ്പെട്ടാലും കാര്യമില്ലാത്ത അവസ്ഥയാണ്. മഴ പെയ്ത് വെള്ളം ഉയ൪ന്നാൽ ഇക്കാര്യം പരിശോധിക്കാൻ ഉദ്യോഗസ്ഥ൪ എത്താറില്ല. മഴ തീ൪ന്നശേഷമാണ് അവരെത്തുന്നത്. അവലോകനം നടത്തി ഉദ്യോഗസ്ഥ൪ പിരിയുകയും ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.