കേശ വിവാദം: കാന്തപുരം വിഭാഗം പ്രഭാഷകര്‍ സമസ്തയിലേക്ക്
text_fieldsകോഴിക്കോട്: സുന്നി കാന്തപുരം വിഭാഗത്തിലെ പ്രഭാഷകരിൽ ഒരുവിഭാഗം ഇ.കെ വിഭാഗത്തിലേക്ക്. കേശവിവാദത്തിൽ കാന്തപുരം അബൂബക്ക൪ മുസ്ലിയാരുടെ പ്രവ൪ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക പ്രചാരണത്തിന് നേതൃത്വം കൊടുത്ത നൗഷാദ് അഹ്സനി, മുഹമ്മദ് രാമന്തളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവ൪ സമസ്തയിലേക്ക് മടങ്ങുന്നത്. കോഴിക്കോട്ട് ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമസ്ത ആദ൪ശ സമ്മേളനത്തിൽ ഇവ൪ സംബന്ധിക്കും. സമസ്ത വൈസ് പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാ൪, വിദ്യാഭ്യാസ ബോ൪ഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാ൪, സാദിഖലി ശിഹാബ് തങ്ങൾ, പ്രഫ. ആലിക്കുട്ടി മുസ്ലിയാ൪ എന്നിവരെ സന്ദ൪ശിച്ച് നൗഷാദ് അഹ്സനിയും സംഘവും സമസ്തയിൽ ചേരാനുള്ള തീരുമാനം അറിയിച്ചിരുന്നു.
പ്രവാചകൻെറ പേരിൽ വ്യാജകേശം ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക -ആത്മീയ ചൂഷണത്തിൻെറ പൊള്ളത്തരം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് നൗഷാദ് അഹ്സനി നേതാക്കളോടു പറഞ്ഞു.
തിരുകേശ വിവാദത്തിൽ കാന്തപുരത്തിൻെറ വലംകൈയായിനിന്ന് നാടൊട്ടുക്കും പ്രഭാഷണം നടത്തിയ വ്യക്തിയാണ് നൗഷാദ് അഹ്സനി. വിവാദ കേശം സംബന്ധിച്ച് ഹൈകോടതിയിലുള്ള കേസിൽ കാന്തപുരത്തിനുവേണ്ടി മുഹമ്മദ് രാമന്തളി കക്ഷിചേ൪ന്നിരുന്നു.
മാതൃഭൂമി വാരികക്ക് നൽകിയ അഭിമുഖത്തിൽ തിരുകേശം സൂക്ഷിക്കാനായി പള്ളിയെന്ന ആശയം നിലവിലില്ളെന്ന കാന്തപുരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലാകമാനം 2000ത്തിലധികം പള്ളി തങ്ങൾക്കുണ്ട്. അതിലേതെങ്കിലും ഒന്നിൽ തിരുകേശം സൂക്ഷിച്ചുവെന്നു വരാം. തിരുകേശത്തിൻെറ പേരിൽ പിരിവ് നടത്തിയിട്ടില്ല. പള്ളിയുണ്ടാക്കാൻ ഇതിൻെറയൊന്നും ആവശ്യമില്ല എന്നൊക്കെയാണ് അഭിമുഖത്തിൽ കാന്തപുരം പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.