പാക്കേജ് നിലവില്‍ വന്നപ്പോഴുള്ള മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കാന്‍ വ്യവസ്ഥ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാ൪ഥികളുടെ ആധാ൪ എൻറോൾമെൻറ് (യു.ഐ.ഡി)അടിസ്ഥാനപ്പെടുത്തി എല്ലാവ൪ഷവും ജൂലൈ 15ന് തസ്തിക നി൪ണയം നടത്താൻ സ൪ക്കാ൪ ഉത്തരവ്. യു.ഐ.ഡി അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അധികമുള്ള 9123 തസ്തികകളിലെ അധ്യാപകരെ സംരക്ഷിക്കാൻ അധ്യാപക വിദ്യാ൪ഥി അനുപാതത്തിൽ മാറ്റംവരുത്താനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. തസ്തിക നി൪ണയത്തിൽ രണ്ട് വ൪ഷമായി തുടരുന്ന അനിശ്ചിതത്വവും ആശങ്കയും നീക്കിയാണ് വിശദമായ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. നവംബ൪ 20ന് ചേ൪ന്ന മന്ത്രിസഭാ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
സ്കൂളുകളിൽ ആറാം പ്രവൃത്തി ദിവസത്തിലെ വിദ്യാ൪ഥികളുടെ എണ്ണം യു.ഐ.ഡി അടിസ്ഥാനപ്പെടുത്തി എല്ലാ വ൪ഷവും ജൂണിലെ അവസാനത്തെ പ്രവൃത്തി ദിവസത്തിൽ മാനേജ൪ പരിശോധിച്ച ശേഷം ഹെഡ്മാസ്റ്റ൪ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസ൪ക്ക് സമ൪പ്പിക്കണം. വിദ്യാഭ്യാസ ഓഫിസ൪ ഇതിൻെറ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫിസ൪ പരിശോധിച്ച് ഉറപ്പുവരുത്തിയ കണക്കായിരിക്കും ഡിവിഷൻ, തസ്തിക നി൪ണയത്തിന് പരിഗണിക്കുക. വിദ്യാ൪ഥികളുടെ യു.ഐ.ഡി വിവരങ്ങൾ സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ട൪ ഡാറ്റാബേസ് സംവിധാനം ഏ൪പ്പെടുത്തണം. വിദ്യാ൪ഥികൾ പഠനം കഴിഞ്ഞ് പോകുന്നതിനും പുതിയ അഡ്മിഷന് അനുസൃതമായും സ്കൂൾ മാറ്റത്തിനനുസൃതമായും ഡാറ്റാബേസിൽ മാറ്റങ്ങൾ വരുത്തണം. എല്ലാവ൪ഷവും ജൂലൈയിൽ സമ൪പ്പിച്ച വിവരങ്ങൾ ശരിയാണെന്ന് യു.ഐ.ഡി അടിസ്ഥാനപ്പെടുത്തി ഡി.പി.ഐ ഉറപ്പുവരുത്തണം. ഹെഡ്മാസ്റ്റ൪ സമ൪പ്പിക്കുന്ന കണക്കുകളെ അടിസ്ഥാനപ്പെടുത്തി തസ്തിക നി൪ണയത്തിന് മാനേജ൪മാ൪ അപേക്ഷ സമ൪പ്പിക്കണം. എല്ലാവ൪ഷവും ജൂലൈ 15ന് വിദ്യാഭ്യാസ ഓഫിസ൪ തസ്തിക നി൪ണയ ഉത്തരവ് നൽകണം. അധിക ഡിവിഷനിലേക്കുള്ള നിയമന നടപടികൾ 2011 ഒക്ടോബ൪ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. യു.ഐ.ഡി അടിസ്ഥാനപ്പെടുത്തി ഹെഡ്മാസ്റ്റ൪ സമ൪പ്പിച്ച കണക്കുകൾ പ്രകാരം 2013 -14 വ൪ഷത്തെ ജീവനക്കാരുടെ എണ്ണം 1:45 എന്ന അധ്യാപക വിദ്യാ൪ഥി അനുപാതത്തിൽ ഡിസംബ൪ 11ന് മുമ്പായി വിദ്യാഭ്യാസ ഓഫിസ൪മാ൪ നിശ്ചയിക്കണം. അധ്യാപക പാക്കേജ് നിലവിൽ വന്ന വ൪ഷം വരെ സ൪വീസിലുള്ളവരെ സംരക്ഷിക്കാനായി ഒന്നുമുതൽ അഞ്ചുവരെയുള്ള എൽ.പി ക്ളാസുകളിൽ അനുപാതം 1:30ഉം യു.പിയിൽ 1:35ഉം ആയി പരിഗണിക്കും. ഇവരുടെ കാര്യത്തിൽ എൽ.പിയിൽ വിദ്യാ൪ഥികളുടെ എണ്ണം 35ൽ കൂടുതലായാൽ രണ്ടാമത്തെ ഡിവിഷനും 65ൽ കൂടുതലായാൽ മൂന്നാമത്തെ ഡിവിഷനും എന്ന ക്രമത്തിൽ അനുവദിക്കും. യു.പിയിൽ വിദ്യാ൪ഥികളുടെ എണ്ണം 40 ൽ കൂടുതലായാൽ രണ്ടാമത്തെ ഡിവിഷനും 75ൽ കൂടുതലായാൽ മൂന്നാമത്തെ ഡിവിഷൻ എന്ന ക്രമത്തിൽ അനുമതി നൽകും. അധികമുള്ള അധ്യാപകരെ ഈ രൂപത്തിൽ ക്രമീകരിച്ചിട്ടും വേക്കൻസിയുണ്ടെങ്കിൽ സംരക്ഷിത അധ്യാപകരെയും ഡിവിഷൻ നഷ്ടപ്പെട്ട് ബി.ആ൪.സികളിൽ റീട്രെഞ്ച്ഡ് അധ്യാപകരായി പ്രവ൪ത്തിക്കുന്നവരെയും സീനിയോറിറ്റി അടിസ്ഥാനപ്പെടുത്തി ഇതിലേക്ക് നിയമിക്കണം. എന്നാൽ ലീവ് വേക്കൻസിയിൽ നിയമിക്കപ്പെട്ടവ൪ക്ക് ഈ അനുപാതം ബാധകമായിരിക്കില്ല. എൽ.പി സ്കൂളുകളിലെയും യു.പി സ്കൂളുകളിലെയും ഹെഡ്മാസ്റ്റ൪മാരെ ക്ളാസ് ചുമതലകളിൽ നിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന തസ്തിക റീട്രെഞ്ച്ഡ് അധ്യാപകരെയോ അനുപാതം 1:30, 1:35 എന്ന അനുപാതത്തിൽ ക്രമീകരിച്ചിട്ടും അധികമുള്ള അധ്യാപക൪, ദിവസ വേതനത്തിന് നിയമനം എന്നീ രീതികളിൽ നികത്താം. ഹെഡ്മാസ്റ്ററെ ക്ളാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്നത് വഴിയുണ്ടാകുന്ന ഒഴിവിലേക്ക് സ്ഥിരം നിയമനം അനുവദിക്കില്ല.
എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ ഡിവിഷൻ ഒഴിവിലേക്കുള്ള നിയമനം തസ്തിക നി൪ണയ നടപടികൾ പൂ൪ത്തിയായ ശേഷമേ നടത്താൻ പാടുള്ളൂ. അധ്യാപക പാക്കേജ് നിലവിൽ വന്നശേഷം ലീവ് വേക്കൻസി തസ്തികകളിലേക്ക് നിയമനം നടത്തിയിട്ടുണ്ടെങ്കിൽ അത് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനമായി അംഗീകരിക്കാൻ തീരുമാനിച്ചു. ഭാവിയിൽ ഇത്തരം ഒഴിവുകളിലേക്ക് അധ്യാപക ബാങ്കിൽ നിന്നുള്ളവരെ പരിഗണിക്കണം. എയ്ഡഡ് സ്കൂളുകളിൽ ഉത്തരവ് പ്രകാരമുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടും വരുന്ന ആദ്യ ഒഴിവിലേക്ക് അധ്യാപക ബാങ്കിൽ നിന്നുള്ളയാളെ നിയമിക്കണം. 1:45 അനുപാതത്തിൽ ഒഴിവ് വരുന്ന രണ്ടാമത്തെ ഒഴിവിലേക്ക് മാനേജ൪ക്കും നിയമനം നടത്താം. നേരത്തെ അധ്യാപക പാക്കേജ് നടപ്പാക്കുന്ന സമയത്തുണ്ടാക്കിയ ധാരണ ഉത്തരവിനെ ബാധകമാക്കുകയായിരുന്നു. തസ്തിക നി൪ണയത്തിന് സ൪ക്കാ൪ മാ൪ഗനി൪ദേശങ്ങളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂ൪ അനുമതി ആവശ്യമാണ്. ഫുൾടൈം ആനുകൂല്യം ലഭിക്കുന്ന ഭാഷാ അധ്യാപകരുടെ ജോലിഭാരം 15 പീരിയേഡിൽ കുറവാണെങ്കിൽ വിദ്യാഭ്യാസ ഓഫിസ൪ നി൪ദേശിക്കുന്ന തൊട്ടടുത്ത സ്കൂളിലെ ജോലിഭാരം കൂടി കൂട്ടിച്ചേ൪ക്കും. സ്പെഷലിസ്റ്റ് അധ്യാപക൪ക്കായി ജില്ലാതലത്തിൽ പ്രത്യേകം അധ്യാപക ബാങ്ക് തയാറാക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. എന്നാൽ അധ്യാപക പാക്കേജിനുശേഷം സൃഷ്ടിക്കപ്പെട്ട അധിക തസ്തികകളിലെ നിയമനാംഗീകാരം സംബന്ധിച്ച് ഉത്തരവിൽ അവ്യക്തത നിലനിൽക്കുകയാണ്.
കണക്കിൽ കൃത്രിമം വരുത്തിയാൽ മാനേജ൪ക്കും ഹെഡ്മാസ്റ്റ൪ക്കുമെതിരെ നടപടി
വിദ്യാ൪ഥികളുടെ ആധാ൪ എൻറോൾമെൻറ് കണക്കിൽ കൃത്രിമം വരുത്തിയാൽ സ്കൂൾ മാനേജ൪ക്കെതിരെയും പ്രധാന അധ്യാപകനെതിരെയും നടപടിയെടുക്കും. സ്കൂളുകളിൽ യു.ഐ.ഡി അടിസ്ഥാനപ്പെടുത്തിയുള്ള തസ്തിക നി൪ണയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ മാനേജരും പ്രധാന അധ്യാപകനും ഒരുപോലെ ഉത്തരവാദികളായിരിക്കും. ഇരുവ൪ക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കും. ഇതിന് പുറമെ പ്രധാന അധ്യാപകനെതിരെ വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.