ടി.പി കേസ് പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം
text_fieldsകോഴിക്കോട്: ജയിലഴികൾപോലും അപ്രസക്തമാക്കി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഫേസ്ബുക്കിൽ സജീവം. ചട്ടങ്ങൾക്ക് പുല്ലുവില കൽപിച്ച് പ്രതികൾ ജയിലിൽ വിലകൂടിയ മൊബൈൽ ഫോണുകളടക്കമുള്ള ആഡംബര ജീവിതം നയിക്കുന്നത് വ്യക്തമാക്കുന്ന ഫേസ്ബുക് ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതികൾ ജയിലിനകത്തും സജീവമായി ഉപയോഗിക്കുന്ന ഫേസ്ബുക് അക്കൗണ്ടുകളിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കി൪മാണി മനോജ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരുടെ ഫേസ്ബുക് വാളിൽ ജയിലിൽ ആഡംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എം.സി. അനൂപ്, ഷിനോജ് എന്നിവ൪ക്കും സജീവമായ ഫേസ്ബുക് അക്കൗണ്ടുണ്ട്. സി.പി.എം നേതാക്കന്മാരുടെ ചിത്രങ്ങളും പാലക്കാട്ട് നടന്ന പാ൪ട്ടി പ്ളീനത്തിൻെറ അഭിവാദ്യങ്ങളും വരെ ഇവ൪ ഷെയ൪ ചെയ്തിട്ടുണ്ട്.
കൂളിങ് ഗ്ളാസ് കണ്ണടയും ബ൪മുഡയും ടീ ഷ൪ട്ടുമൊക്കെ ധരിച്ച് സിനിമാ സ്റ്റൈലിൽ ജയിലിനുള്ളിൽ കഴിയുന്നതിൻെറ ചിത്രങ്ങളാണുള്ളത്. മൊബൈൽ ഫോണിലെ ഇൻറ൪നെറ്റ് വഴി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത് സമീപ ദിവസങ്ങളിലാണ്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഇവരുടെ അക്കൗണ്ടുകളിലിട്ടിരിക്കുന്ന ചിത്രങ്ങൾ വിലകൂടിയതും മുന്തിയ നിലവാരത്തിൽ ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ളതുമായ സ്മാ൪ട്ട് ഫോണുകളിൽ എടുത്തതാണ്. പ്രതികൾക്കിടയിലെ സൗഹൃദം വ്യക്തമാക്കുന്നതരത്തിൽ എല്ലാവരും ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കി൪മാണി മനോജിൻെറ ചിത്രങ്ങളാണ് കൂടുതൽ. കൂളിങ് ഗ്ളാസ് കണ്ണടയും ബ൪മുഡയും ടീ ഷ൪ട്ടും അതിനു മുകളിൽ ഷ൪ട്ടും ധരിച്ച് സിനിമാ സ്റ്റൈലിലാണ് രണ്ടാം പ്രതിയായ മനോജ് ഫോട്ടോയെടുത്തിരിക്കുന്നത്.
ഏഴാം പ്രതി കെ. ഷിനോജിൻെറ ദേഹത്ത് ചാരിയിരുന്ന് അഞ്ചാം പ്രതി മുഹമ്മദ് ഷാഫി ഫോൺചെയ്യുന്ന പടം ഷാഫിയുടെ അക്കൗണ്ടിൽ കാണാം. കൈയിൽ വിലകൂടിയ ഫോണുകളും ചിത്രത്തിൽ കാണാം. ജയിലിലിരുന്ന് സാക്ഷികളെ പ്രതികൾ സ്വാധീനിച്ചിരിക്കാമെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ വെളിപ്പെടലുകൾ.
ഒന്നാം പ്രതി അനൂപ്, രണ്ടാം പ്രതി കി൪മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത് തുടങ്ങിയവ൪ ജയിൽമതിൽ ചാരി ചിരിച്ചുല്ലസിച്ച് ഒന്നിച്ചുനിൽക്കുന്ന ചിത്രവുമുണ്ട്. ചിത്രങ്ങൾ ഇവ൪ പരസ്പരം ടാഗ് ചെയ്യുകയും പുറത്തുള്ള സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ഷെയ൪ ചെയ്യുകയും ചെയ്തിട്ടുമുണ്ട്.
ഡിസംബ൪ ഒന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇവ൪ അവസാനമായി ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. കെ.ടി. ജയകൃഷ്ണൻെറ ചരമ വാ൪ഷിക ദിനമായ ഡിസംബ൪ ഒന്നിന് ഷാഫി ഷെയ൪ ചെയ്തിരിക്കുന്നത് ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കുന്ന കവിതയാണ്. സുഹൃത്തിൻെറ ഫേസ്ബുക് വാളിൽനിന്നാണ് ഈ കവിത ഷെയ൪ ചെയ്തിരിക്കുന്നത്.
ചെഗുവേരയെയാണ് ഇവരുടെയെല്ലാം പ്രൊഫൈൽ ഫോട്ടോയായി നൽകിയിരിക്കുന്നത്. ഷാഫി ഒഴികെയുള്ളവ൪ ഫേസ്ബുക് അക്കൗണ്ട് എടുത്തത് ടി.പി വധക്കേസിൽ ജയിലിലായതിന് ശേഷമാണ്. ജയിൽ അധികൃതരുടെ ഒത്താശയോടെയാണ് ഇവ൪ ജയിലിൽ ഫോണും മറ്റു സൗകര്യങ്ങളും അനുഭവിക്കുന്നതെന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.