സുദീര്‍ഘം നടന്ന് സ്വാതന്ത്ര്യത്തിലേക്ക്
text_fieldsസ്വാതന്ത്ര്യത്തിലേക്ക് എളുപ്പവഴികളില്ളെന്ന് രാഷ്ട്രീയ ജീവിതത്തിൻെറ തുടക്കത്തിൽതന്നെ പ്രഖ്യാപിച്ച നേതാവാണ് നെൽസൺ മണ്ടേല. ദു൪ഘടവും ദൈ൪ഘ്യമേറിയതുമായ പാത താണ്ടേണ്ടതുണ്ടെന്ന് അദ്ദേഹം തൻെറ ജനതയോടും ലോകത്തോടും പ്രഖ്യാപിച്ചു. ആത്മകഥക്ക് നൽകിയ തലക്കെട്ടും ഇതുതന്നെ- ‘ലോങ് വാക് ടു ഫ്രീഡം’ (സ്വാതന്ത്ര്യത്തിലേക്ക് സുദീ൪ഘ നടത്തം). ദക്ഷിണാഫ്രിക്കയെ വ൪ണവിവേചനത്തിൽനിന്ന് ബഹുവംശ ജനാധിപത്യവ്യവസ്ഥയിലേക്ക് പരിവ൪ത്തിപ്പിച്ച അതുല്യനായ വിപ്ളവകാരിയാണ് മദീബ എന്ന കുലനാമത്തിൽ വിളിക്കപ്പെട്ട മണ്ടേല.
20ാം നൂറ്റാണ്ടിൻെറ തുടക്കത്തിലാണ് ആഫ്രിക്കയിൽ വെള്ളക്കാരൻെറ ക്രൂരത രൂക്ഷമാകുന്നത്. വ൪ണവെറിയൻ ഭരണകൂടം ആഫ്രിക്കയുടെ തനത് സംസ്കാരത്തെയും വ്യവസ്ഥയെയും നാമാവശേഷമാക്കി. സ്വാതന്ത്ര്യം നിഷേധിച്ചു. കറുത്തവ൪ഗക്കാ൪ക്കെതിരായ പീഡനമുറകൾ അതിക്രൂരമായി. അനീതി സഹിക്കവയ്യാതായപ്പോൾ ജനങ്ങൾ സംഘടിക്കാനും പ്രതിഷേധിക്കാനും തുടങ്ങി.
ട്രാൻസ്കെയിലെ ഉംതക് എന്ന സ്ഥലത്ത് തെംബു ഗോത്രത്തലവൻെറ പുത്രനായി 1918ൽ ജനിച്ച നെൽസൺ രോലിഹ്ലാല മണ്ടേലയുടെ ബാല്യം തൻെറ ജനത അനുഭവിക്കുന്ന മ൪ദനങ്ങൾക്ക് സാക്ഷിയായി. വെള്ളക്കാരൻ നടപ്പാക്കിയ സമ്പ്രദായമനുസരിച്ച് നെൽസൺ എന്ന ഇംഗ്ളീഷ് നാമം ഒരു സ്കൂൾ അധ്യാപകനാണ് നൽകിയത്. മണ്ടേലക്ക് ഒമ്പത് വയസ്സായപ്പോൾ പിതാവ് മരിച്ചു. തെംബു ജനതയുടെ തലവൻെറ രക്ഷാക൪തൃത്വത്തിലാണ് പിന്നീട് വള൪ന്നത്.
23ാം വയസ്സിൽ മണ്ടേല ജൊഹാനസ്ബ൪ഗിലേക്ക് പോയി. രണ്ടു വ൪ഷത്തിനുശേഷം വിറ്റ്വാറ്ററാൻഡ് സ൪വകലാശാലയിൽ നിയമബിരുദത്തിന് ചേ൪ന്നു. അവിടെ വിവിധ വംശങ്ങളിൽപെട്ട വിദ്യാ൪ഥികളെ കണ്ടുമുട്ടിയ അദ്ദേഹം വംശീയതയെക്കുറിച്ചും വ൪ണവിവേചനത്തെക്കുറിച്ചും കൂടുതൽ അറിഞ്ഞു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയത്തോട് ആവേശം തോന്നുന്നത്.
1943ൽ മണ്ടേല ആഫ്രിക്കൻ നാഷനൽ കോൺഗ്രസിൽ ചേ൪ന്നു. പിന്നീട് അതിൻെറ യൂത്ത് ലീഗ് രൂപവത്കരിക്കുന്നതിൽ പങ്കാളിയായി. സുഹൃത്ത് ഒലിവ൪ ടാംബോയുടെ കൂടെ മണ്ടേല 1952ൽ ജൊഹാനസ്ബ൪ഗിൽ അഭിഭാഷകവൃത്തിയിലേ൪പ്പെട്ടു.
ഭൂരിപക്ഷം വരുന്ന കറുത്തവ൪ഗക്കാരെ അടിച്ചമ൪ത്തി വെള്ളക്കാരുടെ നാഷനൽ പാ൪ട്ടി നടപ്പാക്കിയ വ൪ണവിവേചനത്തിനെതിരെ മണ്ടേലയും ടാംബോയും പോരാട്ടമാരംഭിച്ചു. രാജ്യദ്രോഹം, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 1956ൽ മണ്ടേലയെയും 155 രാഷ്ട്രീയപ്രവ൪ത്തകരെയും തടവിലാക്കി. എന്നാൽ, നാലു വ൪ഷത്തെ വിചാരണക്കുശേഷം അദ്ദേഹത്തിനെതിരായ കുറ്റങ്ങൾ തള്ളിക്കളയേണ്ടിവന്നു.
കറുത്തവ൪ഗക്കാ൪ എവിടെ ജീവിക്കണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കുന്ന ‘പുതിയ പാസ് നിയമ’ത്തിനെതിരെ ആഫ്രിക്കയിൽ പ്രതിഷേധം ശക്തമായി. 1960ൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് നിരോധിക്കപ്പെട്ടതിനെ തുട൪ന്ന് മണ്ടേല ഒളിവിൽ പോയി. ഷാ൪പെവില്ല കൂട്ടക്കൊലയിൽ പൊലീസ് വെടിവെപ്പിൽ 69 കറുത്ത വ൪ഗക്കാ൪ കൊല്ലപ്പെട്ടത് വ൪ണവിവേചനത്തിനെതിരായ പോരാട്ടവും സമ്മ൪ദവും വീണ്ടും രൂക്ഷമാക്കി.
പിന്നീട്, വിധ്വംസകപ്രവ൪ത്തനം, ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമം എന്നീ വകുപ്പുകളിൽ മണ്ടേല അറസ്റ്റ് ചെയ്യപ്പെട്ടു. റിവോനിയ കോടതിയിലെ പ്രതിക്കൂട്ടിൽവെച്ച് ജനാധിപത്യത്തെക്കുറിച്ച തൻെറ സങ്കൽപം മണ്ടേല പ്രഖ്യാപിച്ചു. 1964ൽ മണ്ടേലയെ ജീവപര്യന്തം തടവിന് വിധിച്ചു. 1968നും 1969നുമിടയിൽ മണ്ടേലയുടെ മാതാവും കാറപകടത്തിൽ മൂത്ത മകനും മരിച്ചു. എന്നാൽ, സംസ്കാരത്തിൽ പങ്കെടുക്കാൻ മണ്ടേലക്ക് അനുവാദം ലഭിച്ചില്ല. റോബൻ ദ്വീപിലെ ജയിലിൽ മണ്ടേല 18 വ൪ഷം തടവുശിക്ഷ അനുഭവിച്ചു. പിന്നീട് 1982ൽ പോൾസ്മൂ൪ ജയിലിലേക്ക് അദ്ദേഹത്തെ മാറ്റി. മൊത്തം 27 വ൪ഷം ജയിലിൽ.
നാടുകടത്തപ്പെട്ട ടാംബോയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് 1980ൽ അന്താരാഷ്ട്ര തലത്തിൽ വ൪ണവിവേചനത്തിനെതിരെ കാമ്പയിൻ സംഘടിപ്പിച്ചു. എന്നാൽ, അത് ശ്രദ്ധ കേന്ദ്രീകരിച്ചത് മണ്ടേലയുടെ ജയിൽ മോചനത്തിലായിരുന്നു. 1988ൽ ഈ ആവശ്യം മൂ൪ധന്യത്തിലായി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന കച്ചേരിയിൽ ‘നെൽസൺ മണ്ടേലയെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യം 72,000 പേ൪ ഏറ്റുപാടിയത് ലോകം കണ്ടു.
1967ൽ വ൪ണവിവേചന ഭരണകൂടത്തിനെതിരായി ദക്ഷിണാഫ്രിക്കക്കുമേൽ നടത്തിയ ഉപരോധം ശക്തിപ്പെടുത്തുന്നതിലേക്ക് പൊതുജനസമ്മ൪ദം ലോകനേതാക്കളെ നയിച്ചു. ഇതിൻെറ ഫലമായി 1990ൽ പ്രസിഡൻറ് ഡി ക്ളെ൪ക് ആഫ്രിക്കൻ നാഷനൽ കോൺഗ്രസിൻെറ നിരോധം പിൻവലിച്ചു. മണ്ടേല ജയിൽമോചിതനായി. ഈ സന്ദ൪ഭത്തിലാണ് ദക്ഷിണാഫ്രിക്കക്ക് ബഹുവംശങ്ങളെ ഉൾക്കൊള്ളുന്ന ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാനുള്ള ച൪ച്ച നടക്കുന്നത്. 1993 ഡിസംബറിൽ മണ്ടേലയും ഡി ക്ളെ൪കും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അ൪ഹരായി. 1993ൽ ദക്ഷിണാഫ്രിക്കൻ ജനതക്ക് തുല്യവോട്ടവകാശം ലഭിച്ചു. അഞ്ചു മാസത്തിനുശേഷം ആഫ്രിക്കയുടെ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിൽ എല്ലാ വംശങ്ങളും വോട്ട് ചെയ്തു. ചരിത്രം തിരുത്തിയെഴുതപ്പെട്ട പുതുയുഗപ്പിറവിയിൽ മണ്ടേല പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.