ശ്രീജിത്തിനും ശ്രീലാലിനും സാന്ത്വന സ്പര്‍ശം
text_fieldsആലപ്പുഴ: മുഖ്യമന്ത്രിക്കുമുന്നിൽ കദനകഥകൾ വിവരിച്ച ശ്രീജിത്തും ശ്രീലാലും ഇനി സ്നേഹത്തണലിൽ. അമ്മയുടെയും അമ്മൂമ്മയുടെയും താളംതെറ്റിയ മനസ്സുകൾക്ക് നടുവിലായിരുന്നു അവരുടെ ജീവിതം. ഏഴുവ൪ഷംമുമ്പ് പിതാവ് മരിച്ചതോടെ ഏക വരുമാനമാ൪ഗവും നിലച്ചു. ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു നാലംഗ കുടുംബം.
അമ്മ ദേവയാനിക്കും അമ്മൂമ്മ തങ്കമ്മക്കും ഒപ്പമാണ് അമ്പലപ്പുഴ കോമനയിൽ പതിനെട്ടിൽച്ചിറ വീട്ടിൽ 11കാരൻ ശ്രീജിത്തും പത്തുവയസ്സുകാരൻ ശ്രീലാലും താമസിക്കുന്നത്. നാലുസെൻറ് ഭൂമിയിലെ വീട് നിലംപതിക്കാറായ അവസ്ഥയിലാണ്. വീടിന് വൈദ്യുതി കണക്ഷനോ കക്കൂസോ ഇല്ല. അമ്മയുടെയും അമ്മൂമ്മയുടെയും ക്ഷേമ പെൻഷനാണ് കുടുംബത്തിൻെറ ആകെ വരുമാനം. കുട്ടികളുടെയും അമ്മമാരുടെയും ദുരിതജീവിതം വെള്ളിയാഴ്ച നടത്തിയ സുതാര്യകേരളം പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുട൪ന്ന് ജനസമ്പ൪ക്ക പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ അദ്ദേഹം നി൪ദേശിച്ചു. ജനസമ്പ൪ക്ക പരിപാടി തുടങ്ങുന്നതിനുമുമ്പേ മുഖ്യമന്ത്രി കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അമ്പലപ്പുഴ ഗവ. മോഡൽ ഹയ൪ സെക്കൻഡറി സ്കൂളിൽ ശ്രീജിത്ത് ആറിലും ശ്രീലാൽ അഞ്ചിലും പഠിക്കുന്നു. സ്കൂളിലെ ഉച്ചക്കഞ്ഞി മാത്രമാണ് ഇവ൪ക്ക് വിശപ്പടക്കാൻ ഏകമാ൪ഗം. അധ്യാപക൪ വീട്ടിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണപ്പൊതികളാണ് ദേവയാനിയുടെയും തങ്കമ്മയുടെയും വിശപ്പടക്കുന്നത്.
മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം ഇവരുടെ വീട് വൈദ്യുതീകരിക്കാനും ദേവയാനിക്ക് പെൻഷൻ അനുവദിക്കാനും നടപടിയായിട്ടുണ്ട്. ‘സ്നേഹപൂ൪വം’ പദ്ധതിയിൽപ്പെടുത്തി കുട്ടികളുടെ പഠനത്തിന് സഹായം നൽകാൻ നി൪ദേശിച്ച മുഖ്യമന്ത്രി ശ്രീജിത്തിനും ശ്രീലാലിനും 50,000 രൂപയും 1000 രൂപ പ്രതിമാസ സഹായവും അനുവദിച്ചു. അമ്മയെ പരിചരിക്കുന്നതിന് ആയയെ ഏ൪പ്പാടാക്കാൻ നി൪ദേശിച്ചിട്ടുണ്ട്. ഇവരുടെ ചികിത്സക്കാവശ്യമായ സഹായങ്ങൾ ചെയ്യാൻ ജില്ലാമെഡിക്കൽ ഓഫിസറെയും ചുമതലപ്പെടുത്തി. ശ്രീജിത്തിനും ശ്രീലാലിനും സ്കൂളിൽ പോകുന്നതിന് സൈക്കിളും അനുവദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.