കനേഡിയന്‍ ആരോഗ്യസര്‍വേ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വേണ്ടിയെന്ന് സൂചന
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ സംവിധാനങ്ങളും പണവും പ്രയോജനപ്പെടുത്തിയുള്ള കനേഡിയൻ സ്ഥാപനത്തിൻെറ ആരോഗ്യസ൪വേ മരുന്ന് കമ്പനികൾക്ക് വേണ്ടിയെന്ന സംശയം ബലപ്പെടുന്നു. ജീവിതശൈലീരോഗങ്ങളുടെ വ്യാപ്തി മനസ്സിലാക്കി അതിനനുസൃത മരുന്നുകൾ ഉൽപാദിപ്പിച്ച് വിറ്റഴിക്കലാണ് സ൪വേ ലക്ഷ്യമിടുന്നതെന്ന് ഏതാണ്ട് ഉറപ്പായി. സ൪ക്കാ൪ സംവിധാനം പ്രയോജനപ്പെടുത്തിയത് വിവാദമായതോടെ സ്വന്തം ചെലവിൽ സ൪വേ നടത്താൻ ഏജൻസി തീരുമാനിച്ചതും ദുരൂഹത വ൪ധിപ്പിക്കുകയാണ്. അതേസമയം സ൪വേക്കും മറ്റും കനേഡിയൻ ഏജൻസി മൂന്നരക്കോടി ചെലവഴിച്ചതായും പറയപ്പെടുന്നു.
ജനങ്ങളുടെ ആരോഗ്യനിലവാരവും രോഗാതുരതയും പഠിക്കാനെന്ന പേരിലാണ് കനേഡിയൻ സ്ഥാപനമായ പോപ്പുലേഷൻ ഹെൽത്ത് റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ട് സ൪വേ ആരംഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ സ൪ക്കാറിതര സംഘടന ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും (ഹാപ്പ്) സ൪വേയിൽ സഹകരിക്കുന്നുണ്ട്. ബഹുരാഷ്ട്ര മരുന്ന് കമ്പനികൾക്കായി മരുന്ന് പരീക്ഷണവും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനമാണ് പോപ്പുലേഷൻ ഹെൽത്ത് റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ട്. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് പബ്ളിക് ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി രൂപവത്കരിക്കാൻ കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച 10 കോടിയിൽ നിന്ന് 2.42 കോടിയാണ് സ൪ക്കാ൪ സ൪വേക്കായി മാറ്റിവെച്ചത്. ഇത് വിവാദമായതോടെയാണ് സ്വന്തംനിലക്ക് പഠനം നടത്താൻ സ്ഥാപനം മുന്നോട്ടുവന്നത്.
സ൪വേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിദേശഏജൻസിക്കും ആരോഗ്യവകുപ്പിനും ഒരുപോലെ ലഭ്യമാക്കുമെന്നാണ് ധാരണ. എന്നാൽ സെ൪വറിൻെറയും സോഫ്റ്റ്വെയറിൻെറയും നിയന്ത്രണം വിദേശ ഏജൻസിക്കായതിനാൽ വിവരങ്ങൾ പൂ൪ണമായും അവരുടെ നിയന്ത്രണത്തിലായിരിക്കും. മാത്രമല്ല, സ൪ക്കാറിന് വേണ്ടി കനേഡിയൻ ഏജൻസിയുമായി കരാ൪ ഒപ്പിട്ടത് പഠനത്തിലെ മുഖ്യപങ്കാളിയായ ‘ഹാപ്പ്’സെക്രട്ടറിയും മെഡിക്കൽകോളജ് കമ്യൂണിറ്റി മെഡിസിൻ പ്രഫസറുമായ ഡോ. കെ. വിജയകുമാറാണ്.
മന്ത്രിസഭയോ വകുപ്പോ അറിയാതെ സ൪ക്കാറിന് വേണ്ടി വിദേശ ഏജൻസിയുമായി കരാറിലേ൪പ്പെടാൻ വിജയകുമാറിനെ ആരാണ് ചുമതലപ്പെടുത്തിയെന്നതും ദുരൂഹമാണ്. വിവാദമായതോടെ സ൪വേ സംബന്ധിച്ചും അവ൪ നൽകിയെന്ന് പറയുന്ന പണം സംബന്ധിച്ചും അന്വേഷിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
മനുഷ്യരിൽ നടത്തുന്ന ഏതൊരു പഠനത്തിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ൪ച് (ഐ.സി.എം.ആ൪ ) അംഗീകൃത എത്തിക്കൽ സമിതി അംഗീകാരവും കേന്ദ്ര അനുമതിയും വാങ്ങണം. ഗവേഷണം നടത്തുന്നതിലെ ധാ൪മിക പ്രശ്നങ്ങൾ പരിശോധിക്കാനാണിത്. ഗവേഷണത്തിലെ വിദേശ പങ്കാളിത്തം മൂടിവെച്ചാണ് തിരുവനന്തപുരം മെഡിക്കൽകോളജ് എത്തിക്കൽ സമിതിയിൽ നിന്ന് അനുമതി വാങ്ങിയതെന്നതും മറ്റൊരു വസ്തുതയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.