അഖിലും കൂട്ടുകാരും ഹാപ്പിയാണ്...
text_fieldsകാസ൪കോട്: വിദ്യാനഗ൪ ചിന്മയ കോളനി വാസികൾക്ക് ചിരപരിചിതനാണ് പ്ളസ്വൺ വിദ്യാ൪ഥിയായ കെ.പി. അഖിൽ. ഒഴിവുദിനങ്ങളിൽ നിഷ്കളങ്കമായ പുഞ്ചിരി തൂകി ബാഗിൽ സോപ്പും ചായപ്പൊടിയുമായി വരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളിൽ ഒരാളാണ് അഖിൽ. ആരോടും അമിതഭാഷണമില്ലാതെ കലഹിക്കാതെ സൗഹൃദത്തോടെയുള്ള പെരുമാറ്റമാണ് അഖിലിനെ ഇവിടത്തുകാരുടെ പ്രിയപ്പെട്ടവനാക്കുന്നത്. അഖിൽ ആഴ്ചയിൽ ഇങ്ങനെ 200 ഓളം രൂപ സമ്പാദിക്കുന്നു. ഇന്ന് അഖിലിന് സ്വന്തമായി ബാങ്ക് അക്കൗണ്ടും അതിൽ മോശമല്ലാത്ത സമ്പാദ്യവും ഉണ്ട്.
ഇത് അഖിലിൻെറ മാത്രം കഥയല്ല. അഖിലിനെപ്പോലെ മാനസിക വെല്ലുവിളികൾ നേരിടുന്ന നിരവധി കുട്ടികൾ ഒഴിവുദിവസങ്ങളിൽ നടത്തുന്ന ചില്ലറ വിൽപനയിലൂടെ സ്വയംപര്യാപ്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവ൪ക്ക് പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരും ഇവരുടെ ക്ഷേമ സഹകരണ സംഘവും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലയിൽ മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കുള്ള ക്ഷേമ സഹകരണ സംഘം രൂപവത്കരിക്കുന്നത്. ഇത്തരം കുട്ടികളെ ഏതെങ്കിലും ഒരു മേഖലയിലേക്ക് തിരിച്ചുവിടാനും അവരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് സഹകരണ സംഘം പ്രവ൪ത്തിക്കുന്നത്. ഇതിൻെറ പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് വെല്ലുവിളി നേരിടുന്ന കുട്ടികളെ ചില്ലറ വിൽപന പരിശീലിപ്പിക്കുന്നതിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരുക എന്നത്.
എറണാകുളം ജില്ലയിലെ ഇത്തരം കുട്ടികൾ ഉണ്ടാക്കുന്ന ഉൽപന്നങ്ങളും കാഞ്ഞങ്ങാട് റോട്ടറി സ്പെഷൽ സ്കൂൾ, ആലംപാടി കരുണാ സ്പെഷൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാ൪ഥികൾ ഉണ്ടാക്കുന്ന മെഴുകുതിരി, സോപ്പ്, പാളപ്ളേറ്റ് തുടങ്ങിയവയും ഈ ക്ഷേമ സഹകരണ സംഘത്തിൻെറ ആഭിമുഖ്യത്തിൽ ശേഖരിച്ച് കാസ൪കോട് പുതിയ ബസ്സ്റ്റാൻഡിന് സമീപം പ്രവ൪ത്തിക്കുന്ന സംഘത്തിൻെറ ഓഫിസിൽ എത്തിക്കുന്നു. കുട്ടികൾ ഈ ഉൽപന്നങ്ങൾ തങ്ങളുടെ സമീപ പ്രദേശങ്ങളിൽ വിൽപന നടത്തുന്നു. ഒരു സോപ്പിന് രണ്ട് രൂപ വീതവും ഒരു പാക്കറ്റ് ചായപ്പൊടിക്ക് അഞ്ച് രൂപ വീതവുമാണ് വിൽപനയിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്.
ജില്ലയിൽ നിലവിൽ ക്ഷേമ സഹകരണ സംഘത്തിൻെറ ആഭിമുഖ്യത്തിൽ 25 കുട്ടികളാണ് വിൽപന നടത്തുന്നത്. ഇത് കുട്ടികളിൽ ആത്മവിശ്വാസം വള൪ത്തുകയും അവരെ പുതിയ തലത്തിലേക്ക് ഉയ൪ത്തുകയും ചെയ്യുന്നതായി സംഘം പ്രസിഡൻറ് പി. വിജയൻ പറഞ്ഞു.
അഖിലിനെ കൂടാതെ കാഞ്ഞങ്ങാട് റോട്ടറി സ്പെഷൽ സ്കൂളിലെ ഷീജ, അസ്ക൪, സിദ്ദീഖ്, ആലംപാടി കരുണ സ്പെഷൽ സ്കൂളിലെ മുഹമ്മദ് സിദ്ദീഖ്, റഫീഖ്, മിസാ൪, മുഹമ്മദ്കുഞ്ഞി, ചുള്ളിക്കര സെൻറ് ജോസഫ് സ്പെഷൽ സ്കൂളിലെ ടെസ്സി എന്നിവരാണ് ചില്ലറ വിൽപനയിൽ ഏ൪പ്പെട്ടിരിക്കുന്ന മറ്റ് വിദ്യാ൪ഥികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.