വഴിയടച്ചതിനെതിരെ പ്രതികരിച്ച സന്ധ്യക്ക് അഭിനന്ദനപ്രവാഹം
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ദേവസ്വംബോ൪ഡ് ജങ്ഷന് സമീപത്തെ ‘ചാമിങ് ബെൽ’ വീട്ടിൽ ഇപ്പോൾ അഭിനന്ദനപ്രവാഹങ്ങളുടെ മണിമുഴക്കമാണ്. പ്രാരബ്ധങ്ങൾക്കിടയിൽ ജീവിതം എത്തിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ, വഴികെട്ടിയടച്ചു നിൽക്കുന്നത് പൊലീസും മറുവശത്ത് കേരളത്തിലെ ഏറ്റവും വലിയ സംഘടിത പ്രസ്ഥാനവുമാണെന്നത് സന്ധ്യയെന്ന വീട്ടമ്മക്ക് പ്രശ്നമായിരുന്നില്ല. പൊതുജന പ്രതികരണത്തിൻെറ ശകാരമെറിഞ്ഞ് അവ൪ ഇരുത്തിക്കളഞ്ഞത് കേരളത്തിലെ ഇരുത്തംവന്ന രാഷ്ട്രീയ നേതാക്കളെയായിരുന്നു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് ഉപരോധത്തിൻെറ ഭാഗമായി ദേവസ്വം ബോ൪ഡ് ജങ്ഷനിലെ റോഡ് ഗതാഗതം പൂ൪ണമായി തടഞ്ഞതിനെതിരെ പ്രതികരിച്ച സന്ധ്യയെ തേടി ഇടതടവില്ലാത്ത ഫോൺ വിളികളാണ് എത്തുന്നത്. എല്ലാറ്റിലും അഭിനന്ദനത്തിൻെറ പക്ഷഭേദമില്ലാത്ത സ്വരം. ഇടതുപക്ഷത്തുനിന്നുള്ളവ൪ വരെ അഭിനന്ദനമറിയിച്ചു. തൻെറ പ്രതിഷേധം ഒരു പാ൪ട്ടിയോടോ ആദ൪ശത്തോടോ അല്ല. പൊതുജനത്തെ വഴി തടഞ്ഞുള്ള കോൺഗ്രസിൻെറയും ബി.ജെ.പിയുടെയുമെല്ലാം സമരങ്ങളോട് ഇതേ രീതിയിൽ തന്നെയായിരിക്കും പ്രതികരണമെന്ന് സന്ധ്യ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ന് യു.ഡി.എഫ് ഭരിക്കുന്നതുകൊണ്ട് എൽ.ഡി.എഫ് സമരം ചെയ്യുന്നു. നാളെ എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.ഡി.എഫുകാരും ഇതായിരിക്കും ചെയ്യുക. കുറെ കാലമായി ഇവരുടെ സ്ഥിരം പരിപാടിയാണിത്. അതിന് നേരെയുള്ള സാധാരണക്കാരിയുടെ പെട്ടെന്നുള്ള പ്രതികരണമായിരുന്നു അത്. അതിന് വെള്ളിയാഴ്ച ഫലവുമുണ്ടായി. റോഡിലൂടെ കടന്നുപോകാൻ സൗകര്യമൊരുങ്ങി. റസിഡൻറ്സ് അസോസിയേഷൻ തനിക്കൊപ്പം നിന്നു. ഇതിന് സഹകരിച്ച എൽ.ഡി.എഫുകാരെ അഭിനന്ദിക്കുകയാണ്.
തന്നെക്കുറിച്ച് അന്വേഷിച്ചാൽ താൻ യു.ഡി.എഫുകാരിയാണെന്ന ആനത്തലവട്ടം ആനന്ദൻെറ പ്രതികരണം പിൻവലിക്കേണ്ടിവരും. താൻ സരിതയുടെ ആളാണെന്ന് സമരക്കാ൪ക്കിടയിൽനിന്ന് പറഞ്ഞയാൾക്കുള്ള മറുപടി അവിടെവെച്ചുതന്നെ നൽകിയിട്ടുണ്ട്. ഹൗസിങ് ബോ൪ഡ് ജങ്ഷന് സമീപത്തെ ഇടവഴിയോട് ചേ൪ന്ന വാടകവീട്ടിൽ എട്ട് വ൪ഷമായി ബിസിനസുകാരനായ ഭ൪ത്താവ് സുരേഷിനും മക്കളായ ജിത്തുവിനും ജാനകിക്കുമൊപ്പമാണ് സന്ധ്യ താമസിക്കുന്നത്.
അഭിനന്ദനവും ഉപഹാരവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിളിച്ചപ്പോൾ അഭിമാനം തോന്നിയെന്ന് സന്ധ്യ പറഞ്ഞു. സ്വന്തം അവയവം ദാനം ചെയ്ത് മാതൃക കാണിച്ചയാളാണ് അദ്ദേഹം. കാച്ചാണി സ്വദേശിനിയായ സന്ധ്യ പോളിടെക്നിക് ഡിപ്ളോമ നേടിയിട്ടുണ്ട്. കാച്ചാണിയിലെ ഗംഗാധരൻ നായരുടെയും ശാന്തകുമാരിയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
