കോഹ്ലിക്ക് സെഞ്ച്വറി; ഇന്ത്യ അഞ്ചിന് 255
text_fieldsജൊഹാനസ്ബ൪ഗ്: സചിൻെറ അനുഗ്രഹമുള്ള നാലാം നമ്പറിൽ ബാറ്റേന്തിയ വിരാട് കോഹ്ലിയിലൂടെ ഇന്ത്യക്ക് നല്ല തുടക്കം. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും ധീരമായ ചെറുത്തു നിൽപുമായി സെഞ്ച്വറി പടുത്തുയ൪ത്തിയ കോഹ്ലിയുടെ (119) തോളിലേറിയ സന്ദ൪ശക൪ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൻെറ ആദ്യ ദിനം നിലഭദ്രമാക്കി. സ്റ്റമ്പെടുക്കുമ്പോൾ അഞ്ചു വിക്കറ്റിന് 255 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ എം.എസ് ധോണിയും (17), അജിൻക്യ രഹാനെയുമാണ് (43) ക്രീസിലുള്ളത്. ടെസ്റ്റിൽ അഞ്ചാം സെഞ്ച്വറി നേടിയ കോഹ്ലിയുടെ ദക്ഷിണാഫ്രിക്കൻ പിച്ചിലെ ആദ്യ സെഞ്ച്വറിയുമായി ഇത്.
ടോസ് ഭാഗ്യം അനുഗ്രഹിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകുയായിരുന്നു. ഏകദിനത്തിൻെറ തിരിച്ചടികൾക്ക് കണക്കു തീ൪ക്കണമെന്ന നിലയിലായിരുന്നു ഇന്ത്യൻ ഓപണ൪മാരായ മുരളി വിജയും ശിഖ൪ ധവാനും ക്രീസിലത്തെിയത്. ദക്ഷിണാഫ്രിക്കയാവട്ടെ ഡെയ്ൽ സ്റ്റെയ്ൻ, മോ൪നെ മോ൪കൽ, വെ൪നോൺ ഫിലാൻഡ൪ എന്നിവരുടെ പേസ് ആക്രമണവുമായി സന്ദ൪ശകരുടെ അപരിചിതത്വത്തെ പരീക്ഷിക്കാനും തന്ത്രം മെനഞ്ഞിറങ്ങി. കണക്കിൽ ആദ്യം ജയിച്ചത് ദക്ഷിണാഫ്രിക്ക. സ്റ്റെയ്നും ഫിലാൻഡറും തുടക്കമിട്ട ബൗളിങ് ആക്രമണത്തിലെ ഒമ്പതാം ഓവറിൽ ധവാൻ പുറത്ത്. രണ്ട് ബൗണ്ടറിയുമായി മാനസിക ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ധവാനെ (27 പന്തിൽ 13 റൺസ്) സ്റ്റെയിൻെറ പന്തിൽ ഇംറാൻ താഹി൪ പിടിച്ചു പുറത്താക്കി. ചുമലോളം ഉയരത്തിൽ പൊങ്ങിയ പന്തിനു മുന്നിൽ പ്രതിരോധിക്കാൻ അടവുകളൊന്നുമില്ലാതെ ബാറ്റു വീശിയ ധവാൻ മിഡ്വിക്കറ്റിൽ പിടികൊടുത്തു. പുജാര ക്രീസിലത്തെിയതിനു പിന്നാലെ മുരളി വിജയും പുറത്ത്. 42 പന്ത് നേരിട്ട് ആറ് റൺസെടുത്ത മുരളി വിജയിനെ മോ൪കലിൻെറ പന്തിൽ ഡിവില്ലിയേഴ്സാണ് പിടിച്ചത്. ഇന്ത്യ രണ്ടിന് 24. സചിൻെറ പൊസിഷനിൽ നാലാമനായിറങ്ങിയ വിരാട് കോഹ്ലി ക്രീസിലത്തെിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ വീണ്ടും തളി൪ത്തു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് പുജാരക്കൊപ്പം കൂടിയ കോഹ്ലിക്കായിരുന്നു വേഗം. ഏകദിന ശൈലിയിൽ ബാറ്റ് വീശാൻ ശ്രമിച്ച കോഹ്ലി റൺസും പന്തും ഒന്നിപ്പിക്കാനായി ആദ്യ ശ്രമം. പലപ്പോഴും ഷോട്പിച്ച് പന്തുകളെയും ഫലപ്രദമായി പ്രതിരോധിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ആവേശമൊന്ന് തണുത്തത്. കരുതലോടെയായി പിന്നീടുള്ള ഷോട്ടുകൾ.
ഇന്ത്യൻ ടോട്ടൽ 100 കടത്തിയതിനു പിന്നാലെ പുജാര പുറത്തായത് വീണ്ടും നിരാശയായി. മിഡ്വിക്കറ്റിലേക്ക് പായിച്ച പന്തിൽ അനാവശ്യ റൺസിനായി കോഹ്ലി വിളിച്ചപ്പോൾ പുജാരയും ഓടി. അപകടം മണത്തറിഞ്ഞ കോഹ്ലി മടങ്ങിയോടി സുരക്ഷിതനാവുമ്പോൾ പുജാര പെരുവഴിയിലായിരുന്നു. നല്ല സ്ട്രോക്കുകളുമായി നിലയുറപ്പിച്ച സൗരാഷ്ട്ര താരം 25 റൺസിന് പുറത്ത്. അടുത്ത വിക്കറ്റിൽ ക്രീസിലത്തെിയ രോഹിത് ശ൪മ കാര്യമായ സംഭാവനകളൊന്നും നൽകാതെ മടങ്ങി. 42 പന്തിൽ 14 റൺസ് നേടിയ രോഹിതിനെ ഫിലാൻഡ൪ ഡിവില്ലിയേഴ്സിൻെറ കൈകളിൽ കുടുക്കുകയായിരുന്നു.
പുജാരയുടെ വിക്കറ്റ് കളഞ്ഞതിൻെറ ഉത്തരവാദിത്തം കൂടി ഏറ്റെടുത്തായി കോഹ്ലിയുടെ ബാറ്റിങ്. മറുതലക്കൽ രഹാനെ മികച്ച സ്ട്രൈക് ഉറപ്പാക്കിയതോടെ ഇന്ത്യക്ക് ആത്മവിശ്വാസം നൽകിയ ഇന്നിങ്സുമായി കോഹ്ലി മുന്നേറി. മോശം പന്തുകളെ മാത്രം തെരഞ്ഞുപിടിച്ച് ശിക്ഷിക്കുകയും, കുത്തി ഉയ൪ന്നവയെ സുരക്ഷിതായി ഒഴിവാക്കുകയും ചെയ്തായിരുന്നു ബാറ്റിങ്. 140 പന്തിൽ ശതകം തികച്ചു. 181 പന്തിലായിരുന്നു 119 റൺസിൻെറ മികച്ച പ്രകടനം. മൈതാനത്തിൻെറ നാലുപാടും പറത്തിയ ബൗണ്ടറികളുടെ എണ്ണം 18. കാലിസ് എറിഞ്ഞ 76ാം ഓവറിൽ കുത്തനെ പറത്തിയ പന്ത് ഡുമിനി പിടിച്ചു പുറത്താക്കുകയാ യിരുന്നു. പിന്നീടാണ് ധോണിയും രഹാനെയും ചേ൪ന്ന് ടോട്ടൽ പടുത്തുയ൪ത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.