ബിഹാറില്‍ കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നീക്കം
text_fieldsന്യൂദൽഹി: കോൺഗ്രസ് ബിഹാറിൽ ലാലു പ്രസാദ് യാദവിൻെറ രാഷ്ട്രീയ ജനതാദളുമായി കൈകോ൪ക്കാൻ തയാറെടുക്കുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ബുധനാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാ൪ട്ടിയുടെ ബിഹാ൪ അധ്യക്ഷൻ അശോക് ചൗധരിയും ച൪ച്ച നടത്തിയതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോ൪ട്ട് ചെയ്തു.
ലാലുവുമായുള്ള ബന്ധത്തെക്കുറിച്ച് ബിഹാ൪ കോൺഗ്രസിൽ വിരുദ്ധാഭിപ്രായമുണ്ട്. ബഹുഭൂരിപക്ഷവും ലാലുവുമായി സഖ്യത്തിന് താൽപര്യമുള്ളവരാണ്. എന്നാൽ, ചെറിയൊരു വിഭാഗം നിതീഷ് കുമാറിൻെറ ജനതാദൾ-യുനൈറ്റഡുമായി ബന്ധം വേണമെന്ന് താൽപര്യപ്പെടുന്നു. 17 വ൪ഷം നീണ്ട ദൾ -യു-ബി.ജെ.പി സഖ്യം പൊളിഞ്ഞതിനെ തുട൪ന്ന് നിതീഷ്കുമാ൪ സ൪ക്കാറിന് കോൺഗ്രസ് പുറമെനിന്ന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ, ഒരു സഖ്യത്തിനും പോകാതെ തനിച്ച് നീങ്ങണമെന്ന അഭിപ്രായമാണ് യുവനിരക്കുള്ളത്.
എന്നാൽ, തനിക്കുനേരെ ‘വിദേശി’ ആരോപണം ഉയ൪ന്നപ്പോൾ കൂടെ നിന്ന ആളെന്ന നിലയിൽ സോണിയ ഗാന്ധിക്ക് ലാലുവിനോടാണ് താൽപര്യം. കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുലിനാകട്ടെ ദൾ -യുവുമായി സഖ്യം വേണമെന്ന നിലപാടാണ്. ഭൂരിപക്ഷ തീരുമാനം അനുസരിച്ച് നീങ്ങാമെന്ന നിലപാടിലാണ് ഹൈകമാൻഡ്.
ആ൪.ജെ.ഡിയും കോൺഗ്രസും രാം വിലാസ് പാസ്വാൻെറ ലോക് ജനശക്തി പാ൪ട്ടിയും ഒരുമിച്ച് നീങ്ങിയാൽ ബിഹാറിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.