ഈ സമരം ബോറായി തുടങ്ങിയിരിക്കുന്നു
text_fieldsതെരുവും സമരവുമാണ് ലോകത്തെങ്ങും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജൈവപരിസരം. പാ൪ലമെൻററി രാഷ്ട്രീയത്തിൽ പരാജയപ്പെടുമ്പോഴും സമ്മ൪ദശക്തിയായി മികച്ചുനിൽക്കാൻ ഇടതുപക്ഷത്തിന് സാധിക്കാറുള്ളത് തെരുവുമായുള്ള അവരുടെ ചിരകാല ബന്ധം കാരണമാണ്. എന്നാൽ, പാ൪ലമെൻററി രാഷ്ട്രീയത്തിൽ തിരിച്ചടികൾ നേരിടുന്ന കേരളത്തിലെയും ഇന്ത്യയിലെയും ഇടതു പ്രസ്ഥാനങ്ങൾ തെരുവുരാഷ്ട്രീയത്തിലും പരാജയപ്പെടുന്നതാണ് സമീപകാല അനുഭവങ്ങൾ. കേരളത്തിൽ സി.പി.എമ്മിൻെറയും അനുബന്ധ സംഘടനകളുടെയും നേതൃത്വത്തിൽ അടുത്തിടെ നടന്ന ഏതാണ്ടെല്ലാ സമരങ്ങളും ഒത്തുതീ൪പ്പിനായി യാചിച്ച് പരാജയത്തിൽ കലാശിച്ചത് ഇടതുപക്ഷത്തിൻെറ സമര പ്രഹരശേഷി ശോഷിക്കുന്നതിൻെറ നിദ൪ശനമാണ്. വൻ മുന്നൊരുക്കങ്ങളോടെ തുടങ്ങിയ ഭൂസമരം, ഇടത് യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ പെൻഷൻപ്രായ വ൪ധനക്കെതിരായ സമരം, ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് വളയലടക്കമുള്ള സമരങ്ങൾ എന്നിവയെല്ലാം ലക്ഷ്യംകാണാതെ പിഴച്ചുവെന്ന് മാത്രമല്ല, ജനങ്ങളിൽ അവമതിപ്പുണ്ടാക്കാൻ മാത്രമേ സഹായിച്ചതുമുള്ളൂ.
ഈ സമരപരമ്പരയിൽ ഏറ്റവും വലുതായിരുന്നു സോളാ൪ തട്ടിപ്പിൻെറ പേരിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുകൊണ്ടുള്ള സെക്രട്ടേറിയറ്റ് വളയൽ. പാചകപ്പുരകളും കുടിവെള്ള ടാങ്കുകളുമടക്കം, സ൪വസന്നാഹങ്ങളുമായി തുടങ്ങിയ ‘അനിശ്ചിതകാല’ സമരം 48 മണിക്കൂ൪ തികയുന്നതിനുമുമ്പ് അവസാനിപ്പിക്കേണ്ടിവന്നതിൻെറ ക്ഷീണം സി.പി.എമ്മിന് ഇതുവരെയും തീ൪ന്നിട്ടില്ല. അതിൻെറ ആഘാതം മാറ്റാനാണ് തെക്കും വടക്കും രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിച്ചതിനുശേഷം, മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാൻ തീരുമാനിച്ചത്. ഒരാൾ കുടുംബത്തോടൊപ്പം കഴിഞ്ഞുപോരുന്ന വീട് ഉപരോധിക്കുന്നത് സൃഷ്ടിക്കുന്ന സാമൂഹിക പ്രതികരണത്തെക്കുറിച്ചൊന്നും ആലോചിക്കാൻ പരാജയത്തിൻെറ വെപ്രാളത്തിൽ സി.പി.എമ്മിന് സാധിച്ചില്ല. ഒടുവിൽ പാ൪ട്ടി പ്രവ൪ത്തകരെപോലും ആക൪ഷിക്കാതെ വഴിപാടായി തുടരുന്ന സമരം ശ്രദ്ധിക്കപ്പെട്ടത്, വഴി തടസ്സപ്പെടുത്തിയതിൻെറ പേരിൽ, ഒരു വീട്ടമ്മ സമരക്കാരോട് റോഡിൽ പ്രതികരിച്ചപ്പോഴാണ്. സി.പി.എം സമരത്തിന് കിട്ടിയതിനേക്കാൾ ശ്രദ്ധയും സ്വീകാര്യതയും ആ വീട്ടമ്മയുടെ ഒറ്റയാൾ സമരത്തിന് ലഭിച്ചുവെന്നതാണ് സത്യം.
വീട്ടമ്മയുടെ ഇടപെടൽ കൂടുതൽ നാണക്കേടുണ്ടാക്കിയപ്പോൾ സി.പി.ഐ, ആ൪.എസ്.പി അടക്കമുള്ള സഖ്യ പാ൪ട്ടികൾ വരെ സമരത്തെക്കുറിച്ച് പുനരാലോചന വേണമെന്ന അഭിപ്രായമുയ൪ത്തി. എന്നാൽ, അതിനെ ഉൾക്കൊള്ളാനുള്ള വിനയമൊന്നും സി.പി.എമ്മിനുണ്ടായിരുന്നില്ല. തങ്ങളുടെ കേഡ൪ സംവിധാനമുപയോഗപ്പെടുത്തി ‘പാ൪ട്ടി വീട്ടമ്മ’മാരെ അണിനിരത്തി പകരംവീട്ടാനാണ് സി.പി.എം മുതി൪ന്നത്.
സമരങ്ങൾക്കും അതിനത്തെുട൪ന്നുണ്ടാകുന്ന സ്വാഭാവിക വഴിതടസ്സങ്ങൾക്കുമെതിരെ വലതുപക്ഷ സാംസ്കാരികത പങ്കുവെക്കുന്ന ആകുലതകളുടെ പേരിലല്ല, സി.പി.എമ്മിൻെറ ക്ളിഫ് ഹൗസ് സമരത്തെ വിമ൪ശവിധേയമാക്കുന്നത്. ഒന്നാമതായി, സോളാ൪ വിഷയത്തിൽ സി.പി.എം നടത്തുന്ന സമരനാടകങ്ങളെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് മാലോക൪ക്കെല്ലാം അറിയാം. സെക്രട്ടേറിയറ്റ് ‘ഉപരോധം’ പൊടുന്നനെ അവസാനിച്ചതും ഈ ഒത്തുകളിയുടെ ഭാഗമായിരുന്നു. ചക്കിട്ടപാറ ഖനനവിവാദം, ടി.പി വധക്കേസ് എന്നിവയിലെ മൃദു സമീപനമടക്കമുള്ള പല കാര്യങ്ങളും ഈ ഇടപാടിൻെറ ഭാഗമാണെന്ന് ഇടതുപക്ഷത്തും വലതുപക്ഷത്തുമുള്ള ആളുകൾ വരെ വിമ൪ശമുന്നയിച്ചുകഴിഞ്ഞു.
സോളാ൪ തട്ടിപ്പ് വിശദവും സൂക്ഷ്മവുമായ അന്വേഷണത്തിന് വിധേയമാക്കണം. അങ്ങനെ വിധേയമാക്കിയാൽ ഇടത്തും വലത്തുമുള്ള മാന്യന്മാ൪ കുടുങ്ങുമെന്നതും ഉറപ്പ്. അങ്ങനെയൊരു അന്വേഷണം പ്രഖ്യാപിക്കുകയില്ല എന്ന ഉറപ്പിലാണ് സി.പി.എമ്മിൻെറ ഇപ്പോഴത്തെ സമരനാടകങ്ങൾ എന്നു വിചാരിച്ചാൽ അതിൽ തെറ്റില്ല.
സോളാ൪ സമരത്തിലെ ഒളിച്ചുകളികൾ മാത്രമല്ല, ഇടതുസമരങ്ങളുടെ ധാ൪മികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോ൪ട്ടിൻെറ പേരിൽ മതപൗരോഹിത്യം സൃഷ്ടിച്ച സാമൂഹിക അപസ്മാരത്തോടൊപ്പം നിന്ന് സമരം നയിക്കുന്ന അങ്ങേയറ്റം പ്രതിലോമപരമായ നിലപാടാണ് കേരളത്തിലെ സി.പി.എം സ്വീകരിച്ചത്. കേരളം നേടിയെടുത്ത വ൪ധിച്ച പാരിസ്ഥിതിക അവബോധത്തെ കൊഞ്ഞനംകുത്തുന്ന ഈ സമരത്തിൽ പങ്കാളിയാവുമ്പോൾതന്നെ, പ്രാദേശികമായി ഉയ൪ന്നുവരുന്ന ജനകീയ സമരങ്ങളുടെ എതി൪ പക്ഷത്താണ് സി.പി.എം എന്നുകൂടി ചേ൪ത്തുവായിക്കണം. ഈ പശ്ചാത്തലത്തിലാണ് ക്ളിഫ് ഹൗസിന് മുന്നിലെ വഴിപാട് സമരം കൂടുതൽ ബോറായി അനുഭവപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.