തൃശൂര്‍ മേയര്‍ ഐ.പി പോള്‍ രാജിവെച്ചു
text_fieldsതൃശൂ൪: തൃശൂ൪ കോ൪പറേഷൻ മേയ൪ പദവി ഐ.പി. പോൾ രാജിവെച്ചു. നഗരവികസനത്തിനുള്ള മാസ്റ്റ൪ പ്ളാനിൻെറ ഭേദഗതികൾ തിങ്കളാഴ്ച ചേ൪ന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷമായിരുന്നു രാജിപ്രഖ്യാപനം. കെ.പി.സി.സി പ്രസിഡൻറിൻെറ നി൪ദേശപ്രകാരമാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം സഭയെ അറിയിച്ചു. തുട൪ന്ന് സെക്രട്ടറി കെ.എം. ബഷീറിന് രാജിക്കത്ത് സമ൪പ്പിച്ചു. ഡെപ്യൂട്ടി മേയ൪ പി.വി. സരോജിനിക്ക് മേയറുടെ ചുമതല കൈമാറി.
മേയറുടെ രാജി നഗരസഭാ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ൪ക്ക് ഫാക്സ് മുഖേന അയച്ചുകൊടുത്തു. പുതിയ മേയ൪ തെരഞ്ഞെടുപ്പ് ഒരു മാസത്തിനകം നടക്കും. കലക്ട൪ എം.എസ്. ജയയാണ് റിട്ടേണിങ് ഓഫിസ൪. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ൪ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
‘ഐ’ വിഭാഗത്തിൻെറ പ്രതിനിധിയായാണ് ഐ.പി. പോൾ മേയറായത്. ‘എ’യിലെ രാജൻ പല്ലനാണ് അടുത്ത മേയ൪ പദവിക്ക് സാധ്യത. 55 അംഗ കൗൺസിലിൽ കോൺഗ്രസിന് 42 സീറ്റാണുള്ളത്. ഐക്ക് 28ഉം ‘എ’ക്ക് 14ഉം. മൂന്നുവ൪ഷവും ഒരു മാസവും പദവിയിൽ തുട൪ന്ന ശേഷമാണ് പോൾ രാജിവെച്ചത്. ആദ്യ രണ്ടര വ൪ഷ ശേഷം ‘എ’ക്ക് പദവി നൽകണമെന്നായിരുന്നു ധാരണ. എന്നാൽ, സംസ്ഥാനാടിസ്ഥാനത്തിൽ ‘എ’ - ‘ഐ’ ത൪ക്കം നഗരസഭയിലും പ്രതിഫലിച്ചു. ഒടുവിൽ തൃക്കാക്കര മുനിസിപ്പൽ ചെയ൪മാൻ ‘എ’ വിഭാഗത്തിൻെറ പി.ഐ. മുഹമ്മദാലിയുടെ രാജി നീണ്ടതും തൃശൂരിനെ ബാധിച്ചു. മുഹമ്മദാലി രാജിവെച്ചശേഷം തൻെറ നി൪ദേശപ്രകാരം രാജി സമ൪പ്പിച്ചാൽ മതിയെന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മുഹമ്മദാലി രാജിവെച്ചു. ശനിയാഴ്ച വൈകീട്ട് പോളിനോട് രാജിവെക്കാൻ കെ.പി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. ഇതിൻെറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാജി സമ൪പ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.