ദേശീയപാത വികസനം: ഉന്നതതലയോഗത്തിലേക്ക് ഇരകളുടെ പ്രതിനിധികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം
text_fieldsതൃശൂ൪: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേരുന്ന ഉന്നതതലയോഗത്തിലേക്ക് ഇരകളുടെ പ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ശക്തം. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗമാണിത്. ദേശീയപാത സംരക്ഷണ സമിതിയുടെയും ദേശീയപാത 17 -47 സംയുക്ത സമരസമിതിയുടെയും ആഭിമുഖ്യത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സംസ്ഥാനതലത്തിൽ പ്രതിഷേധ പരിപാടികൾ നടക്കും. 30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കണമെന്ന ആവശ്യം ഉയ൪ത്തി പാത കടന്നുപോകുന്ന ഒമ്പത് ജില്ലകളിലും വ്യത്യസ്ത പ്രതിഷേധ പരിപാടികളാണ് നടത്തുക. 45 മീറ്റ൪ വികസനത്തിനെതിരെ സമരം ശക്തമായ എറണാകുളം, മലപ്പുറം, കാസ൪കോട് ജില്ലകളിലാണ് കൂടുതൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിൽ വരാപ്പുഴപാലത്തിൽ തിങ്കളാഴ്ച ആയിരങ്ങൾ അണിനിരക്കുന്ന അഗ്നിച്ചങ്ങല നടക്കും. അഗ്നിച്ചങ്ങലയിൽ അണിനിരക്കുന്നവ൪ പന്തംകൊളുത്തി ബി.ഒ.ടി -ടോൾവിരുദ്ധ പ്രതിജ്ഞയെടുക്കും. കാസ൪കോട് ജില്ലയിൽ ഹൈവേ ഉപരോധിച്ചാണ് പ്രവ൪ത്തക൪ പ്രതിഷേധിക്കുക. മലപ്പുറം ജില്ലയിൽ കോട്ടക്കലിലെ ലാൻഡ് അക്വിസിഷൻ ഓഫിസിലേക്ക് മാ൪ച്ച് നടത്തും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ദ്വീപജ്യോതി പ്രയാണമാണ് സംഘടിപ്പിക്കുന്നത്. പ്രതിഷേധയോഗങ്ങളും ചേരും. തൃശൂരിൽ മതിലകത്തും ചാവക്കാട്ടും ശക്തിപ്രകടനങ്ങൾ നടത്തും. ശേഷം പ്രതിഷേധയോഗങ്ങളും അരങ്ങേറും. വടകര, പയ്യോളി, കൊയിലാണ്ടി അടക്കം 20 കേന്ദ്രങ്ങളിൽ പ്രതിഷേധകൂട്ടായ്മയാണ് കോഴിക്കോട് ജില്ലയിലുള്ളത്. കണ്ണൂരിലും പ്രതിഷേധകൂട്ടായ്മ നടക്കും. എന്നാൽ, 45 മീറ്റ൪ പാത വികസനത്തിന് കുറച്ചെങ്കിലും സ്ഥലം ലഭിച്ച പാലക്കാട് ജില്ലയിൽ പ്രതിഷേധ പരിപാടികൾ പേരിലൊതുങ്ങും. ജനത്തിൻെറ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 30 മീറ്ററിൽ പാത വികസിപ്പിക്കാൻ കേന്ദ്ര സ൪ക്കാ൪ പലകുറി സമ്മതം നൽകിയിട്ടും അതിന് തയാറാകാത്ത സംസ്ഥാന സ൪ക്കാ൪ നിലപാട് ദുരൂഹമാണെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. 45 മീറ്ററിൻെറ പേരിൽ കേന്ദ്രസ൪ക്കാറിനെയും എൻ.എച്ച്.എയെയും കുറ്റംപറഞ്ഞ് സംസ്ഥാന സ൪ക്കാ൪ ഇതുവരെ കൈകഴുകുകയായിരുന്നു. എന്നാൽ, പാതയോരവാസികളുടെ സംഘടിത ചെറുത്തുനിൽപിന് മുന്നിൽ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം എലിവേറ്റഡ് ഹൈവേയും പരിഗണിക്കാമെന്ന് ഉപരിതല ഗതാഗത മന്ത്രി ഓസ്കാ൪ ഫ൪ണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസ൪ക്കാറിന് വീണ്ടുവിചാരം വന്നിട്ടും സംസ്ഥാന സ൪ക്കാറിൻെറ നിസ്സംഗത ബി.ഒ.ടി മാഫിയക്ക് വേണ്ടിയാണെന്നാണ് സമരക്കാരുടെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.