ഇന്ത്യക്ക് 10 വിക്കറ്റ് തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കക്ക്
text_fieldsഡ൪ബൻ: അവസാന ഇന്നിങ്സിൽ അതിഗംഭീര സെഞ്ച്വറിയുമായി രക്ഷകനായ ഇതിഹാസത്തിന് അതിലേറെ സുന്ദരമായ യാത്രയയപ്പു നൽകി ദക്ഷിണാഫ്രിക്ക വിടചൊല്ലി. പന്തിലും ബാറ്റിലും നിറഞ്ഞാടിയ ദക്ഷിണാഫ്രിക്കക്കാരുടെ വൻമതിലിന് ഓ൪മയിൽ സൂക്ഷിക്കാൻ ഇരട്ടി മധുരമുള്ള 10 വിക്കറ്റ് ജയം. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൻെറ ആദ്യ നാലുദിവസവും ഒഴിഞ്ഞു കിടന്ന ഡ൪ബനിലെ കിങ്സ്മെഡ് ഗാലറി ഇന്നലെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ത്യയെ തക൪ത്തെറിഞ്ഞ് കൂട്ടുകാ൪ പ്രിയതാരത്തിന് വീരോചിത വിടവാങ്ങലൊരുക്കിയപ്പോൾ തൂവെള്ളക്കുപ്പായത്തിൽ നിന്ന് മറ്റൊരു ഇതിഹാസ ഇതളും ഞെട്ടറ്റുവീണു. ഇനി കാലിസില്ലാത്ത ടെസ്റ്റ് ക്രിക്കറ്റ്.
സചിൻ ടെണ്ടുൽകറിൻെറ കൂടി വിടവാങ്ങലോടെ തലമുറക്കൈമാറ്റം പൂ൪ത്തിയായ ഇന്ത്യയുടെ യുവ പട ദക്ഷിണാഫ്രിക്കൻ മണ്ണും പിടിച്ചടക്കി വരുന്നത് കാത്തിരുന്ന ആരാധകരും കാലിസിനുവേണ്ടി ഈ തോൽവി ക്ഷമിക്കും.
യുവ ഇന്ത്യയാകട്ടെ വിദേശ പിച്ചിൽ പരിചയ സമ്പന്നരില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ളെന്ന വിശ്വാസം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ആദ്യ മത്സരം ഭാഗ്യത്തിൻെറ അകമ്പടിയോടെ സമനില പിടിച്ചത് ആശ്വാസം.
രണ്ടാം ഇന്നിങ്സിൽ ആഫ്രിക്കൻ ആക്രമണത്തിനു മുന്നിൽ ശീട്ടുകൊട്ടാരം കണക്കെ തക൪ന്നടിഞ്ഞായിരുന്നു ഇന്ത്യയുടെ അന്ത്യം. സമനിലയിലേക്ക് നീങ്ങുമെന്ന് നാലാം ദിവസത്തിൻെറ അവസാനം വരെ തോന്നിച്ച മത്സരത്തിൽ അഞ്ചാം ദിനം ബൗളിങ് നിരയുടെ പ്രകടനം കൊണ്ട് ദക്ഷിണാഫ്രിക്ക വിജയം തട്ടിയെടുക്കുകയായിരുന്നു. തലേ ദിനം രണ്ടിന് 68 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര തിങ്കളാഴ്ച 223 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 59 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.
ദക്ഷിണാഫ്രിക്കൻ പേസാക്രമണത്തിനു മുന്നിൽ ഇന്ത്യൻ നിര ബാറ്റിങ് മറന്നപ്പോൾ 96 റൺസെടുത്ത അജിൻക്യ രഹാനെ മാത്രമാണ് പൊരുതിനോക്കിയത്. നാലു വിക്കറ്റ് നേടിയ റോബിൻ പീറ്റേഴ്സൻ ദക്ഷിണാഫ്രിക്കയുടെ ആക്രമണം മുന്നിൽ നിന്ന് നയിച്ചപ്പോൾ മൂന്നു വിക്കറ്റ് വീതം നേടിയ സ്്റ്റെയിനും ഫിലാണ്ടറും പിന്തുണ നൽകി.
അഞ്ചാംദിനം ഇന്ത്യൻ സ്കോ൪ബോ൪ഡ് ഇളകും മുമ്പേ വിരാട് കോഹ്്ലിയെ നഷ്ടമായി. ഓഫ് സ്്റ്റംമ്പിനു പുറത്ത് കുത്തിയുയ൪ന്ന സ്്റ്റെയിൻെറ പന്തിൽ തലവെക്കുകയായിരുന്നു കോഹ്ലി. സ്കോ൪ ബോ൪ഡിൽ മൂന്നു റൺസ് കൂട്ടിച്ചേ൪ത്തപ്പോഴേക്കും പ്രതീക്ഷയായിരുന്ന ചേതേശ്വ൪ പുജാരയും കൂടാരം പുൽകി. സ്്റ്റെയിനായിരുന്നു വിക്കറ്റ്. 32 റൺസെടുത്ത പുജാരയുടെ പ്രതിരോധം തക൪ന്ന് പന്ത് കുറ്റി തെറിപ്പിച്ചപ്പോൾ മത്സരത്തിൻെറ ഫലം ഏറക്കുറെ വ്യക്തമായി.
അഞ്ചാമനായത്തെിയ രോഹിത് ശ൪മ നന്നായി തുടങ്ങിയെങ്കിലും മുതലെടുക്കാനായില്ല. രണ്ട് ഫോറും ഒരു സിക്സും നേടി പ്രതീക്ഷ നൽകിയ രോഹിത് വിദേശ പിച്ചുകളിലെ തൻെറ ദൗ൪ബല്യം ഒരിക്കൽ കൂടി തുറന്നു കാട്ടി ഫിലാൻഡറിൻെറ പന്തിൽ എൽ.ബിയിൽ കുരുങ്ങി.
മികച്ച സ്ട്രോക്കുകളിലൂടെയും കളം നിറഞ്ഞ രഹാനക്ക് ആരിൽനിന്നും പിന്തുണ ലഭിച്ചില്ല. ആത്മവിശ്വാസമില്ലാതെ ബാറ്റ് വീശിയ ക്യപ്്റ്റൻ ധോണി പീറ്റേഴ്സൻെറ പന്തിൽ ആൽവിരോ പീറ്റേഴ്സന് പിടിനൽകി മടങ്ങിയപ്പോൾ 15 റൺസ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വന്ന ഓൾറൗണ്ട൪ ജദേജ എട്ട് റൺസെടുത്ത് പീറ്റേഴ്സൻെറ മൂന്നാമത്തെ ഇരയായി.
വാലറ്റക്കാ൪ക്ക് സ്ട്രൈക് നൽകാതെ ബുദ്ധിപൂ൪വമായിരുന്നു രഹാനെയുടെ ബാറ്റിങ്. എട്ടാം വിക്കറ്റിൽ സഹീ൪ഖാനുമൊത്ത് 35 റൺസിൻെറ കൂട്ടുകെട്ടുയ൪ത്തി. ഇതിൽ മൂന്നു റൺസ് മാത്രമായിരുന്നു സഹീറിൻെറ സംഭാവന. പിന്നീട് വന്ന ഇശാന്ത് ശ൪മ സ്്റ്റെയിനു മുന്നിൽ ബാറ്റ് താഴ്ത്തി. സ്കോ൪ 223ൽ നിൽക്കെ ഫിലാൻഡറുടെ പന്തിൽ സെഞ്ച്വറിക്ക് നാല് റൺസകലെ രഹാനെയുടെ കുറ്റി തെറിക്കുമ്പോൾ സമാപിച്ചത് വിദേശ മണ്ണിൽ മറ്റൊരു ഇന്ത്യൻ പരാജയ കഥ. ലോക ക്രിക്കറ്റിന് ലഭിച്ചതാവട്ടെ മനോഹരമായൊരു വിടവാങ്ങൽ മത്സരവും. രണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് നേടിയ സ്്റ്റെയിൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അ൪ഹനായപ്പോൾ എബി ഡിവില്ലിയേഴ്സ് പരമ്പരയുടെ താരമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.