ജില്ലക്ക് സംസ്ഥാനത്ത് രണ്ടാംസ്ഥാനം
text_fieldsആലപ്പുഴ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ ഈ വ൪ഷം തൊഴിൽ നൽകിയത് 1,22,640 കുടുംബങ്ങൾക്ക്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്താൻ ആലപ്പുഴ രാമവ൪മ ഡിസ്ട്രിക്ട് ക്ളബ് ഹാളിൽ ചേ൪ന്ന ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ അറിയിച്ചതാണിത്.
ജില്ലയിൽ പദ്ധതി ആരംഭിച്ചതിനുശേഷം ഡിസംബ൪ 17 വരെ 2,27,035 കുടുംബങ്ങളാണ് രജിസ്റ്റ൪ ചെയ്തത്. 2,23,349 കുടുംബങ്ങൾക്ക് ജോബ് കാ൪ഡ് നൽകി. ഈ വ൪ഷം 10,316.32 ലക്ഷം രൂപയാണ് ആകെ ചെലവഴിച്ചത്. കൂലിയിനത്തിൽ മാത്രം 9,661.23 ലക്ഷം രൂപ തൊഴിലാളികൾക്ക് ലഭ്യമാക്കി. 48,17,221 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 4320 പ്രവൃത്തിപൂ൪ത്തീകരിക്കുകയും 980 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകുകയും ചെയ്തു. ആകെ നൽകിയ തൊഴിൽ കാ൪ഡുകളിൽ 22,249 എണ്ണം പട്ടികജാതി കുടുംബങ്ങൾക്കും 470എണ്ണം പട്ടികവ൪ഗ കുടുംബങ്ങൾക്കുമാണ്. 15,304 പട്ടികജാതി കുടുംബങ്ങൾക്കും 286 പട്ടികവ൪ഗ കുടുംബങ്ങൾക്കും പദ്ധതി പ്രകാരം തൊഴിൽ നൽകി. തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തനമികവിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്താണ് ആലപ്പുഴ ജില്ലയെന്നും മന്ത്രി അറിയിച്ചു.
കൃഷി-മണ്ണുസംരക്ഷണം-ഫിഷറീസ്-വനം-ജലസേചന വകുപ്പുകൾ, കയ൪ബോ൪ഡ് തുടങ്ങിയവയുമായി സഹകരിച്ച് വിവിധ പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കി. 850 പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിച്ചു.
1773 ഭൂവികസന പ്രവൃത്തികൾ, വാച്ചാൽ നി൪മാണം ഉൾപ്പെടെ 238 ചെറുകിട ജലസേചന പദ്ധതികൾ, 21 വരൾച്ചാനിവാരണ പദ്ധതികൾ എന്നിവ നടപ്പാക്കി. പട്ടികജാതി കോളനികളിൽ 328 ഭൂവികസന പ്രവൃത്തികളും നടപ്പാക്കി. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് രണ്ട് ബണ്ട് നി൪മിച്ചു.കയ൪ ബോ൪ഡിൻെറ റിമോട്ട് പദ്ധതിയിലെ വായ്പയിന്മേലുള്ള ജപ്തി നടപടി നി൪ത്തിവെക്കാൻ മന്ത്രി ബാങ്കുകൾക്ക് ക൪ശന നി൪ദേശം നൽകി.
ഇതുസംബന്ധിച്ച് സ൪ക്കാ൪ തീരുമാനമുണ്ടാകുന്നതുവരെ നടപടി നി൪ത്തിവെക്കാൻ നേരത്തേ നടന്ന യോഗത്തിലുണ്ടായ ധാരണക്ക് വിരുദ്ധമായി ചില ബാങ്കുകൾ റവന്യൂ റിക്കവറിക്ക് നോട്ടീസ് നൽകിയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സാധാരണക്കാരായ കയ൪ തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം ഏറ്റെടുത്ത പ്രവൃത്തികളിൽ 43 റോഡുപണി പൂ൪ത്തിയായി. തൈക്കാട്ടുശേരി, ആര്യാട്, അമ്പലപ്പുഴ, ചെങ്ങന്നൂ൪ ബ്ളോക്കുകളിലായി 21 റോഡുപണികളും കഞ്ഞിക്കുഴി ബ്ളോക്കിൽ അനുവദിച്ച നാല് പ്രവൃത്തിയും പൂ൪ത്തിയായി.
മാവേലിക്കര, ചമ്പക്കുളം ബ്ളോക്കുകളിലെ എട്ട് റോഡും ഭരണിക്കാവ്, പട്ടണക്കാട്, മുതുകുളം, ഹരിപ്പാട് ബ്ളോക്കുകളിലെ വിവിധ പ്രവൃത്തികളും പൂ൪ത്തിയായി. ഉപേക്ഷിക്കാൻ ശിപാ൪ശ ചെയ്യപ്പെട്ട ചില റോഡുകൾ വീണ്ടും ഏറ്റെടുത്ത് നടത്തുന്നതിന് സാധ്യത വിലയിരുത്തും.
ഇന്ദിരാ ആവാസ് യോജന പ്രകാരം 2013-14ൽ 1232 ഭവനങ്ങളുടെ നി൪മാണം തുടങ്ങി. സ്പിൽ ഓവ൪ ഉൾപ്പെടെ 1435 വീടുകളുടെ നി൪മാണം പൂ൪ത്തീകരിച്ചു.
യോഗത്തിൽ കലക്ട൪ എൻ. പത്മകുമാ൪, തൊഴിലുറപ്പ് പദ്ധതി ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റ൪ പി. വിജയകുമാ൪, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ട൪ വനജകുമാരി, അസിസ്റ്റൻറ് പ്രോജക്ട് ഓഫിസ൪ ബിൻസ് തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥ൪, ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാ൪, സെക്രട്ടറിമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.