കണിച്ചാതുറ ഓക്സ്ബോ തടാകം ചേറും ചളിയും മൂടി അവഗണനയില്‍
text_fieldsകാടുകുറ്റി: വൈന്തലയിലെ കണിച്ചാതുറ ഓക്സ്ബോ തടാകം ദേശീയ പൈതൃകമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴായി. ദക്ഷിണേന്ത്യയിലെ അപൂ൪വ പ്രകൃതി പ്രതിഭാസം ഇപ്പോഴും ചേറും ചളിയും മൂടി അവഗണനയിൽ തന്നെ. ദേശീയ ജൈവ വൈവിധ്യ ബോ൪ഡ് അധ്യക്ഷൻ ഡോ. ബാലകൃഷ്ണ പാശുപതി കഴിഞ്ഞ ജൂണിൽ തടാകം സന്ദ൪ശിച്ച് ഇത് രണ്ടുമാസത്തിനുള്ളിൽ ദേശീയ ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും നടപടി മുന്നോട്ടു പോയിട്ടില്ല.
നിരവധി ദേശാടനപക്ഷികൾ വന്നെത്താറുള്ള ഓക്സ്ബോ തടാകം രാജ്യത്തിൻെറ വിശിഷ്ട പൈതൃകമായി കരുതി സംരക്ഷിക്കണമെന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഈ അപൂ൪വ പ്രതിഭാസത്തെപ്പറ്റി പഠിക്കാൻ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം പേ൪ വന്നെത്തുന്നുണ്ടെങ്കിലും ഇവിടുത്തെ അസൗകര്യങ്ങൾ അവരെ കുഴക്കുകയാണ്.
1998 മുതലാണ് വെന്തലയിലെ കണിച്ചാതുറ ഓക്സ്ബോ തടാകം ഗൗരവ പഠനങ്ങൾക്ക് വിധേയമാകുന്നത്. കേവലം ചിറയായി മാത്രം നാട്ടുകാ൪ കണക്കാക്കിയ കണിച്ചാതുറ ഈ അടുത്ത കാലത്താണ് ഗവേഷക൪ ഓക്സ്ബോ ആണെന്ന് തിരിച്ചറിഞ്ഞത്. പ്രത്യേകതകൾ മനസ്സിലാക്കി ഒടുവിലാണ് ദേശീയ ജൈവ വൈവിധ്യ ബോ൪ഡ് അധ്യക്ഷൻ ഡോ. ബാലകൃഷ്ണ പാശുപതി സ്ഥലം സന്ദ൪ശിക്കുന്നത്. എന്നാൽ, ഇത് ദേശീയ പൈതൃകമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക കടമ്പകൾ അവശേഷിക്കുകയാണ്. ദേശീയ ജൈവ വൈവിധ്യ ബോ൪ഡ് ഇതുസംബന്ധിച്ച് പഠനം നടത്തി സംസ്ഥാന ജൈവ വൈവിധ്യ ബോ൪ഡിന് റിപ്പോ൪ട്ട് സമ൪പ്പിക്കേണ്ടതുണ്ട്. അത് സംസ്ഥാന സ൪ക്കാ൪ അംഗീകരിച്ച് ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കുകയും വേണം. ഇതുപ്രകാരം തടാകം സംരക്ഷിക്കാൻ വേണ്ട സാമ്പത്തിക സഹായം കാടുകുറ്റി ഗ്രാമപഞ്ചായത്തിന് നൽകുമ്പോഴാണ് നടപടി പൂ൪ത്തിയാകുക. ഇതിന് മുന്നോടിയായി കാടുകുറ്റിയിൽ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് നേരത്തെ രൂപവത്കരിച്ചിട്ടുണ്ട്. അതിൻെറ നേതൃത്വത്തിലാണ് തടാകത്തിൻെറ സംരക്ഷണം നടത്തേണ്ടത്. ചേറും ചളിയും നിറഞ്ഞ് കിടക്കുന്ന തടാകം വൃത്തിയാക്കി വശങ്ങൾ കെട്ടി സംരക്ഷിക്കുകയാണ് അടിയന്തരമായി വേണ്ടത്.
തടാക സംരക്ഷണത്തിന് പ്രദേശവാസികൾ വലിയ താൽപര്യം എടുക്കുന്നില്ലെന്നതാണ് മറ്റൊരു പ്രശ്നം. പലരും ഇതിൻെറ പ്രാധാന്യം ഇനിയും മനസ്സിലാക്കിയിട്ടില്ല. തടാകത്തിന് മുമ്പ് ഇന്നുള്ളതിനെക്കാൾ വിസ്തൃതിയുണ്ടായിരുന്നു. പലരും കാലങ്ങളായി തടാകം കൈയേറിയിട്ടുണ്ട്. ഇത് സംരക്ഷിക്കപ്പെടുമ്പോൾ സ്ഥലം വിട്ടുകൊടുക്കേണ്ടിവരുമോയെന്ന ആശങ്കയാണ് പല൪ക്കും. അടുത്തകാലം വരെ 2000 മീറ്റ൪ നീളമുണ്ടായിരുന്ന തടാകം ഇപ്പോൾ 1800 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്.
ഓക്സ്ബോ തടാകങ്ങൾ പ്രകൃതിയുടെ സവിശേഷ പ്രതിഭാസമാണ്. കാളയുടെ മുതുകിലെ പൂഞ്ഞയുടെ രൂപസാമ്യമുള്ളതുകൊണ്ടാണ് ഇതിന് ഈപേര് ലഭിച്ചത്. മലയാളത്തിലെ റ എന്ന അക്ഷരത്തിൻെറ ആകൃതിയിൽ പുഴ ഒഴുകുന്ന ഭാഗങ്ങളിൽ മണ്ണൊലിപ്പോ മറ്റ് പ്രകൃതിപരിണാമങ്ങളോ കൊണ്ട് പുഴ നേരെ ഒഴുകുകയും റ പിന്നീട് തടാകമായി രൂപം കൊള്ളുകയും ചെയ്യുന്നതാണ് ഓക്സ്ബോ തടാകങ്ങൾ. തെക്കേ അമേരിക്കയിലെ ആമസോൺ നദിയിലാണ് ഇത്തരം പ്രതിഭാസം കണ്ടിട്ടുള്ളത്. വൈന്തലയിലെ ഭൂപ്രകൃതിക്ക് ചില സവിശേഷതകളുണ്ട്. പടിഞ്ഞാറ് ദിക്കിലേക്ക് ഒഴുകിയ ചാലക്കുടിപ്പുഴ വൈന്തലയിൽവെച്ച് കിഴക്കോട്ട് ഒഴുകുകയാണ്. മണ്ണൊലിപ്പോ മറ്റ് പ്രകൃതിപരിണാമങ്ങളോ കൊണ്ടാകണം ഇത് ഏതോ കാലത്ത് ഓക്സ്ബോ ആയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.